മേഘത്തരികളിൽ തട്ടി
വക്ക് പൊട്ടിയ നിലാവിനെ കടംവാങ്ങിയൊരു
കവിത തുന്നുമ്പോൾ
‘എന്നെ മറന്നോ’യെന്നു
ചോദ്യവുമായി
ഓർമ്മകൾ
കാടുവിട്ടിറങ്ങും!
അലക്കിവെളുപ്പിച്ച മൗനത്തെപ്പൊതിഞ്ഞു
നെഞ്ചോടു
ചേർക്കാനായുമ്പോൾ
വാചാലതയുടെ
വള്ളിപ്പടർപ്പുകളിലൊരു
പുഞ്ചിരിവിരിയും..
ആകുലതകളുടെ
പൊതിക്കെട്ടുകൾ കൊക്കയിലേക്കെറിഞ്ഞുകളഞ്ഞു
സ്വപ്നങ്ങളുടെ
പറുദീസ തിരഞ്ഞലയും..
കാറ്റുരുമ്മിയ കടലാസുകളിൽ
കവിതപ്പൂക്കൾ പൊട്ടിവിരിയും..
പാതിനിർത്തിയ വരികളിനിയും ബാക്കിയെന്ന് ഇറ്റുവീഴുന്ന
അക്ഷരങ്ങൾ ഓർമ്മപ്പെടുത്തും..
പിന്നിപ്പോയ സ്വപ്നങ്ങളെ കവിതക്കൂട്ടിലേക്കു ഒരുക്കൂട്ടും..
ഒരിക്കലും പിടിതരില്ലെന്നു
സ്വപ്നങ്ങൾ ഉറക്കെച്ചൊല്ലും..
വിരലിൽ നിന്നും കുതറിയോടും..
കണ്ണിൽ നിറഞ്ഞ കടലുവറ്റി
കടലാസുതൂണുകൾ തകരും..
മച്ചിൻമേടുകളിലെ
ഭൂതകാലങ്ങളിൽ
തട്ടിത്തടഞ്ഞു
മറവിത്തുണ്ടുകൾ
വാക്കിലേക്കുരുണ്ട് വീഴും..
നിത്യമുരുവിടുന്ന
പെരുക്കപ്പട്ടികയിലേക്ക്
ഒളിച്ചോടുന്ന സ്വപ്നങ്ങളുടെ
കള്ളക്കണക്കുകൂടി കൂട്ടിയെഴുതും..
സമയസൂചി അടർന്നുവീണാലും
സ്വപ്‌നങ്ങൾകൊണ്ടൊരു കവിത പിറക്കില്ലെന്നെഴുതി
ആകാശം തിരിച്ചുപോകും…
കണ്ണിറുക്കിച്ചിരിക്കുന്ന
സ്വപ്‌നങ്ങളൊക്കെയും ഒരിക്കലുമുണരാത്ത
ധ്യാനത്തിലാണത്രേ..
✍️

ജ്യോതിശ്രീ. പി.

By ivayana