രചന : അശോകൻ പുത്തൂർ ✍
മനസിൽ
കടൽ വരച്ച്
ആകാശത്തിന്
ഉമ്മ കൊടുക്കുന്നവൾ.
കിനാവിന് കുടിക്കാൻ
കരളിലൊരു കണ്ണീർക്കിണർ.
സങ്കടങ്ങൾക്ക് തണുപ്പാറ്റാൻ
ജീവിതത്തിന്റെ പട്ടട
ഇങ്ങനെയൊക്കെ
കവിതയിൽ എഴുതി വയ്ക്കാം
ഇതൊക്കെ എഴുതുന്നവർ
സന്തോഷവാൻ മാരെന്ന്
കരുതേണ്ടതില്ല
ഇല്ലാത്ത ഒന്നിനെകുറിച്ചുള്ള
ഓർമ്മയും തേടലും ആണ്
സന്തോഷത്തോടെ ജീവിക്കാനുള്ള
സൂത്ര വിദ്യ
കാല്പനികതയിലാണ്
ജീവിതത്തിന്റെ കുതിപ്പും കിതപ്പും.
നിങ്ങൾ കാത്തിരിക്കൂ
കാലം നിശ്ചലമല്ല
ഈ ഇരുൾ കാലവും കടന്നുപോകും
യേശുദാസിന്റെ പാട്ടോ
ചങ്ങമ്പുഴയുടെ കാവ്യ നർത്തകിയോ
അയ്യപ്പപ്പണിക്കരുടെ പകലുകൾ രാത്രികളോ
കുമാര പിള്ളയുടെ പൊൻ കിനാവോ…..
ഉറൂബിന്റെ രാച്ചിയമ്മയോ
പത്മനാഭന്റെ കടലോ ഗൗരിയോ വായിച്ച്
ജീവിതം ലളിതവും സുന്ദരവുമാക്കൂ
മറ്റു കാര്യങ്ങളെല്ലാം
വരും പോലെ നേരിടാം