രചന : മൻസൂർ നൈന✍
ഹാർബർ പാലവും , ഐലന്റും പിന്നെ റോബർട്ട് ബ്രിസ്റ്റോയും……
കൊച്ചിയിലെ വെല്ലിങ്ങ്ടൺ ഐലന്റിന്റെ രാത്രി നിശബ്ദതയിൽ ഒരൽപ്പ സമയം ചിലവഴിക്കാനാണ് സുഹൃത്ത് മഹമ്മൂദ് പൂത്തറക്ക് ഒപ്പമെത്തിയത് . ആളും , ആരവവുമായി ഒരു കാലത്ത് കണ്ണിമവെട്ടാതെ ഉണർന്നിരുന്ന ഐലന്റ് ഇപ്പോൾ തണുത്തുറഞ്ഞ നിശബ്ദതയിലാണ്. കൊച്ചിൻ ഹാർബർ ടെർമിനസിൽ തീവണ്ടികളിൽ നിന്നുള്ള ചൂളം വിളികളും , നങ്കൂരമിട്ട കപ്പലുകളിൽ നിന്നുള്ള സൈറൺ വിളികളും , ചരക്ക് ലോറികളുടെ ഇരമ്പലുകളും , കൊച്ചി വിമാനത്താവളത്തിൽ നിന്നു പറന്നുയരുന്ന വിമാനങ്ങളും …….
ഈ ഐലന്റിന് പ്രൗഡിയുടെ ഒരു കാലമുണ്ടായിരുന്നു ……
ഐലന്റിലെ കൊച്ചിൻ ഹാർബർ ടെർമിനസിന് സമീപമുള്ള ഒരു കടയിൽ ദോശ കഴിച്ചിറങ്ങിയപ്പോഴാണ് വെല്ലിങ്ങ്ടൺ ഐലന്റിലെ മെർച്ചന്റ് നേവി ക്ലബ്ബിന് മുന്നിൽ സ്ഥാപിച്ച ആങ്കർ ശ്രദ്ധയിൽപ്പെട്ടത് . ആങ്കറും നോക്കി നിൽക്കുമ്പോൾ അവൾ എന്നോട് ചരിത്രത്തിൽ നിന്നു കഥകൾ പറഞ്ഞു തുടങ്ങി…
കൊച്ചി തുറമുഖത്തിന്റെ നിർമ്മാണത്തിൽ പങ്കു വഹിച്ച ആങ്കറാണിത് , അതെ ..
The Anchor ⚓ that made this Island
അറബിക്കടലിന്റെ റാണിയായ കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്നത് ഒരു മനുഷ്യനിർമ്മിത ദ്വീപിലാണ് അതാണ് വെല്ലിംഗ്ടൺ ഐലന്റ് . ബ്രിട്ടീഷുകാരാണ് ഈ ദ്വീപിന്റെ നിർമ്മാണത്തിന് പിന്നിൽ.
തുറമുഖം നിർമ്മിക്കുമ്പോൾ, ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത് ഇന്ത്യയുടെ 32-ാമത് വൈസ്രോയി ആയിരുന്ന വില്ലിംഗ്ഡൺ പ്രഭുവാണ് . അദ്ദേഹത്തിന്റെ പേരിലാണ് ഈ ദ്വീപ് അറിയപ്പെടുന്നത് . ആധുനിക കൊച്ചി തുറമുഖത്തിന്റെ ശില്പിയും ബ്രിട്ടീഷ് തുറമുഖ എഞ്ചിനീയറുമായ സർ റോബർട്ട് ബ്രിസ്റ്റോയുടെ ദർശനാത്മകമായ നേതൃത്വത്തിൻ കീഴിൽ നിർമ്മിച്ച ഈ ദ്വീപ് മനുഷ്യപ്രയത്നങ്ങളുടെ ചരിത്രസ്മാരകമായി നിലകൊള്ളുന്നു.
ഈ സുപ്രധാന ഉദ്യമത്തിന്റെ വിജയത്തിനു പിന്നിൽ അഭിലാഷം, വൈദഗ്ദ്ധ്യം, ദൃഢനിശ്ചയം, സ്ഥിരോത്സാഹം എന്നിവയുണ്ടായിരുന്നു , ലോകത്ത് തന്നെയും ഏറ്റവും സുരക്ഷിതമായ തുറമുഖങ്ങളിലൊന്നാക്കി കൊച്ചിയെ മാറ്റി.
1914 – 1919 വരെ കൊച്ചിയുടെ ദിവാനായിരുന്ന J.W. Bore ബ്രിട്ടീഷ് ഗവർൺമെന്റിനായി സമർപ്പിച്ച് The Cochin Administrative Records -ൽ തുറമുഖം നിർമ്മിക്കുന്നത് സംബന്ധിച്ച ഐലന്റിന്റെ രൂപരേഖകളും വിവരങ്ങളും കാണാം .
1926 മെയ് മാസത്തിൽ UK യിൽ നിന്നു കൊച്ചിയിലെത്തിയ Lord willingdon dredger Ship ന്റെ സഹായത്തോടെയാണ് ഈ ഭീമാകാരമായ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ദിവസവും 20 മണിക്കൂറിലധികം വർഷങ്ങളോളം അശ്രാന്തമായി പ്രയത്നിച്ചതിൻ ഫലമായാണ് ഇന്നത്തെ ഈ ദ്വീപിന്റെ സൃഷ്ടിയിൽ കലാശിച്ചത് .
1928 മെയ് 26 ന്, ബോംബെയിൽ നിന്ന് പത്മ എന്ന ആവിക്കപ്പലുമായി ക്യാപ്റ്റൻ ബുള്ളൻ കൊച്ചീ തുറമുഖത്ത് പ്രവേശിച്ചു, ആധുനിക കൊച്ചി തുറമുഖം ലോകത്തിന് മുന്നിൽ തുറന്നുകൊടുത്തു . ഒരു മഹത്തായ ദൗത്യം നിറവേറ്റിയ ലോർഡ് വെല്ലിങ്ങ്ടൺ എന്ന ഡ്രെഡ്ജർ 1979 -ൽ കൊച്ചിൻ തുറമുഖത്ത് മുങ്ങി താഴ്ന്നു. എന്നിരുന്നാലും അഭിമാനകരമായ ഓർമ്മകളും പേറി ഒരു സ്മാരകമായി ലോർഡ് വെല്ലിങ്ങ്ടണിന്റെ ഈ ആങ്കർ മർച്ചന്റ് നേവി ക്ലബ്ബിന് മുന്നിൽ നിൽക്കുന്നു.