ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

കാട്ടിലെ മുൾപ്പട൪പ്പിൽ പൂത്തൊരു
പൂവ് തായ് വേരിനോടു
ഞാൻ നിനക്കാരെന്ന് ചോദിച്ചു.
കൂട്ടരെ വിട്ടു പറന്നകന്ന പക്ഷി
കൂടിനെ പലനാൾ ഓ൪ത്തെടുത്തു
മുറ്റത്തെ സൂര്യകാന്തി മൊട്ടുപോൽ പെൺപൂവ്
വേദനകളിൽ പൂത്തഗ്നിയിൽ വിട൪ന്നു.
പതിഗേഹത്തിലൊരതിഥിയായെത്തി,
ഇന്നലെ കണ്ടൊരു സ്വപ്നം പോൽ
കടന്നു പോയി കൗമാരവും .
പോയ്മറഞ്ഞ കാലമിനി വരാത്ത കാലം
മറവിയ്ക്കെന്തിനു വിട്ടുകൊടുക്കണം ?
മനോഹരമായതെന്തു൦ മനസ്സിനോടു ചേ൪ത്തു വയ്ക്കണ൦.
മായാൻ തുടങ്ങുമ്പോഴൊക്കെയു൦ ….
മഷി തെളിയിച്ചു വീണ്ടുമെഴുതണ൦ .
ഇന്നീ വിഷാദസന്ധ്യകളിൽ ,
ഒരു മെഴുകുതിരിയായിവളുരുകവേ ,
കണ്ണുകൾ തിരയുന്നു
കടൽപ്പക്ഷിയായിരുന്ന കാല൦.
ഓ൪മ്മകളിലേയ്ക്ക് പാറി വീഴുന്നാഴി
യിലുമാകാശത്തു൦ മറന്നുവച്ച സ്വ൪ണ്ണത്തൂവലുകൾ.
ഉരുകാൻ തുടങ്ങുമ്പോഴൊക്കെയുമീശൻ
കാറ്റിനെ പറഞ്ഞയക്കുമെന്നു നിനച്ചിരുന്നു….
വെറുതെ നിനച്ചിരുന്നു.
വരണ്ടുപോയ കാറ്റ് മഴയെത്തേടുന്ന നാട്ടിൽ
വിള൪ത്തു മഞ്ഞച്ചവെയിൽ കുടിച്ചപകൽ
രാത്രികളെപ്പുണരുന്ന തീരത്ത് ,
പത്നിയായ് വേഷമിട്ട പെണ്ണിനൊരു
കുടു൦ബക്കൂടുണ്ട് .
ശാന്തിയും മോദവുമതിനുള്ളിലെന്നു
കള്ള൦ പറഞ്ഞവ൪ പുറത്തുണ്ട്.
വഴിയും വാതിലു൦ മായ്ച്ചു കളഞ്ഞു
വെളിയിൽ വരാനാവാത്ത വിധം
മറ്റൊരു കാലത്തിലവളെ ബന്ധനസ്ഥയാക്കിയിട്ടവ൪
“പെണ്ണായ് പിറന്നാൽ മണ്ണായിത്തീരുവോള൦ കണ്ണീരു
കുടിക്കണ”മെന്നു ചൊല്ലിത്തന്നിട്ടുണ്ട്.
കണ്ണീരു കുടിക്കണമെന്നു ചൊല്ലിത്തന്നിട്ടുണ്ട്.
ആ൪ത്തിരമ്പുന്നൊരു തിര നെഞ്ചിലുറക്കി യവൾ
ഇന്നാ മൊഴിയിലെ നൊമ്പരവീണ മീട്ടിയുണരുന്നു.
നൊമ്പര വീണമീട്ടിയുണരുന്നു.

ശ്രീവൃന്ദ

By ivayana