രചന : മധു മാവില✍
ചില ദിവസങ്ങളിൽ ജോലികഴിഞ്ഞ്
കമ്പനികൂടി വരുമ്പോൾ ഭക്ഷണം കഴിച്ചിട്ടാണ് ശശി വീട്ടിലേക്ക് വരിക.
ആ ദിവസങ്ങളിൽ കുളിച്ച് വസ്ത്രം മാറി ഭാര്യയും കുട്ടികളും TV കാണുന്നതിൻ്റെ കൂടെയിരിക്കും… ആക്ഷേപഹാസ്യ പരിപാടിയായ മറിമായം ടീമിൻ്റെ ഇഷ്ടക്കാരാണ് വീട്ടിലെല്ലാവരും ..
ഏത് ചാനലിലായാലും തീരുന്നത് വരെ ആ പരിപാടികൾ കാണും…
ലീവ് ദിവസങ്ങളിൽ വൈകിയേ വീട് ഉറങ്ങാറുള്ളൂ..നാളെ ഞായറാഴ്ചയാണ്.
സോഫയിൽ ഇരുന്ന് കുറച്ച് സമയം കഴിഞ്ഞപ്പോൾ ഫോൺ ബെല്ലടിച്ചു.
മോളേ ആ ഫോണിങ്ങെടുത്തേ…!
റിങ്ങടിക്കുന്ന ഫോൺ മോളു കൊണ്ടുവന്നു.
നോക്കുമ്പോൾ അശോകൻ്റെ നമ്പറാണ്..
എട്ട് മണിക്ക് എല്ലാവരും ക്ലബ്ബിൽ നിന്ന് പിരിഞ്ഞതാണല്ലേ.. പിന്നെന്താണ് പതിവില്ലാത്ത ഒരു വിളി.!!
അശോകൻ്റെ വീട് കുറച്ച് ദൂരെയാണ്. എന്നാലും എട്ടരക്ക് മുന്നെ വീട്ടിൽ എത്തേണ്ടതാണ്..
രണ്ട് വീതം ഒപ്പിട്ടാണ് നാല് പേരും പോയത്.
അശോകൻ കട്ടിയുള്ള മൂന്ന് ഒപ്പി’ട്ടിരുന്നു.
അവൻ്റെ ഭാര്യയും കുട്ടിയും അവളുടെ വിട്ടിൽ നിൽക്കാൻ പോയതിൻ്റെ ആവേശമോ സന്തോഷമോ ടെൻഷനോ എന്തോ.!
എല്ലാവരും നല്ല മൂഡിലായിരുന്നു.
ഭക്ഷണം കഴിച്ചിട്ടാണ് പിരിഞ്ഞത്.
ഇപ്പോൾ സമയം പത്ത് മണിയാകാറായല്ലോ.
ഈ അസമയത്ത് എന്താണാവോ…!
ഫോൺ എടുത്തു…
ഹലോ… പറയുന്നതിന് മുന്നെ
എടാ ശശി…..ഞാൻ കനാലിൽ വീണു.
പ്രശ്നമൊന്നുമില്ല..
പക്ഷെ ബൈക്ക് ഒറ്റക്ക് കയറ്റാൻ പറ്റുന്നില്ല.
മറ്റാരെയും വിളിക്കാനും പറ്റില്ലല്ലോ..
ഇവിടം വരെ ഒന്ന് വരാമോ..
ഒറ്റ ശ്വാസത്തിൽ അശോകൻ്റെ നാവ് കുഴഞ്ഞ സ്വരം..
വീണിടത്ത് നിന്ന് എണിക്കാൻ അവന്
പറ്റുന്നില്ലന്ന് മനസ്സിലായി.
ഒരു വിധമാവുമെങ്കിൽ ആരോടും പറയാതെ അവൻ ഏണിറ്റ് പോകേണ്ടതാണ്
നീ ഇപ്പോൾ എവിടെയാ ഉള്ളത്..?
ഏത് കനാലിലാണ്..?
ശശി ചോദിച്ചു…
ചോദിക്കുന്നതിന് മുന്നെ ഉത്തരം വന്നു.
എൻ്റെ വീടിൻ്റെ അടുത്ത് തന്നെ..
അതും പറഞ്ഞ് .ഫോൺ നിലത്ത് വീണത് പോലെ കര കരാ ശബ്ദത്തോടെ കട്ടായി.
ശശിക്ക് വെപ്രാളമായി.. വീടിന് പുറത്തിറങ്ങി അവൻ പ്രമോദിനെ വിളിച്ചു കാര്യം പറഞ്ഞു. എത്രയും പെട്ടന്ന് ക്ലബിൻ്റെ അടുത്ത് വാ.. ടോർച്ച് എടുക്കണം കേട്ടോ..
ഞാൻ വണ്ടിയെടുത്ത് അവിടെ വരാം..
അവന് വല്ലതും പറ്റിയോ ആവോ.?
ശശിയും പ്രമോദും അശോകൻ്റെ വീട്ടിലേക്കുള്ള റോഡിലൂടെ കാർ ഡ്രൈവ് ചെയ്തു..
ആവശ്യത്തിന് കഴിച്ചാൽ മതി എന്ന്
എത്ര പറഞ്ഞാലും കേൾക്കില്ല
പ്രമോദിൻ്റെ പിറുപിറുക്കൽ.
വേറെ എവിടുന്നെങ്കിലും കഴിച്ചിരിക്കും.
മെയിൻ റോഡ് കഴിഞ്ഞ് 500 മീറ്റർ കഴിഞ്ഞാൽ വലിയ കനാലാണ്.. അവിടെങ്ങാനും വീണാൽ അത്യാഹിതം സംഭവിക്കും….. കനാൽ റോഡിലൂടെ മുന്നോട്ട് പോകുംതോറും ആഴവും വീതിയും കുറഞ്ഞ് കനാൽ ചെറുതാകാൻ തുടങ്ങും.. കാറിൻ്റെ വേഗം കുറച്ച് വളരെ മെല്ലെയാണ് പോയിരുന്നത്. ഇടതു ഭാഗം പ്രമോദ് ടോർച് തെളിച്ച് കനാലിൽ പരതുകയാണ്..
കനാൽ റോഡിലൂടെ 500 മീറ്റർ പോയാൽ അശോകൻ്റെ വീടാണ്…
അശോകൻ്റെ വീട് എത്തിയിട്ടും.. കനാലിൽ എവിടെയും വണ്ടിയോ അശോകനെയോ കാണുന്നില്ല.. അവൻ്റെ നമ്പറിൽ വിളിച്ചിട്ട് എടുക്കുന്നുമില്ല.
അവൻ എവിടെ?.
കാർ തിരിച്ച് വീണ്ടും പിന്നിലോട്ട് എടുത്തിട്ട് കനാലിൽ വീണ്ടും തിരഞ്ഞു. കാണുന്നില്ല
ഒരേ വളപ്പിലാണ് അവനും ചേട്ടനും വീട് കെട്ടിയത് . ചേട്ടൻ്റെ വീടിന് പിന്നിലാണ് അവൻ്റെ വീട് ..രണ്ട് പേരുടെയും വീട്ടിലേക്ക് ഒരേ വഴിയാണ്…
സമയം പത്തര കഴിഞ്ഞിരിക്കുന്നു.. അവൻ്റെ നമ്പറിൽ വിളിച്ചിട്ട് എടുക്കുന്നുമില്ല.
അവൻ എവിടെ..?
കനാലിൽ ആരുമില്ല തിരിച്ചു പോകാനും മനസ്സ് വരുന്നില്ല.
അവൻ്റെ ഏട്ടൻ്റെ വീട്ടിൽ ലൈറ്റ് ഓഫാക്കിയിരുന്നു. ഏതായാലും അവിടെ കയറി കാര്യം പറയാം എന്നു വെച്ചു…
പുറത്തുള്ള ലൈറ്റ് ഇട്ട് ബെല്ലടിച്ചപ്പോൾ വാതിൽ തുറന്ന് അവൻ്റെ ചേട്ടൻ വന്നു…
എന്താ ശശി.. ഈ സമയത്ത്…?
ഇത് വഴി പോകുമ്പോൾ
അശോകനെ ഒന്ന് കാണാൻ കയറിയതാണ് എന്ന് തുടങ്ങി മെല്ലെ അയാളെ മുറ്റത്തേക്ക് വിളിച്ച് ഒറ്റ ശ്വാസത്തിൽ നടന്ന കാര്യം പറഞ്ഞു.
അവൻ നേരത്തേ വന്നതായ് ബൈക്കിൻ്റെ ശബ്ദം കേട്ടതാണല്ലോ.’?
അവൻ്റെ ചേട്ടൻ പറഞ്ഞു.
വാ വീട്ടിൽ നോക്കാം..
മൂന്ന് പേരും കൂടി അശോകൻ്റെ മുറ്റത്ത് കയറി..
പോർച്ചിൽ അവൻ്റെ ബൈക്ക് കിടക്കുന്നുണ്ട്. സമാധാനമായി.
അകത്ത് ലൈറ്റ് ഉണ്ട്.. അശോകാ….. ശബ്ദം കൂട്ടി വിളിച്ചിട്ടും അനക്കമില്ല.
വാതിൽ ചാരിയിട്ടേയുള്ളൂ.. അകത്ത് കയറി.. സൻട്രൽ ഹാളിലും അവൻ്റെ കിടപ്പുമുറിയിലും ലൈറ്റ് ഉണ്ട്.. പക്ഷെ ‘കട്ടിലിൽ അവനില്ല.
ഇവനെവിടെപ്പോയി. വിളിച്ചിട്ട് മിണ്ടുന്നുമില്ല.
അശോകാ…
വണ്ടി ഇവിടെ വെച്ചിട്ട് തിരിഞ്ഞ് റോഡിലേക്ക് നടന്നിട്ടുണ്ടാവുമോ.”
ശശി ബെഡ് റൂമിലെക്ക് കയറി.
കട്ടിലിൻ്റെ അടിയിൽ ഡ്രെസ്സ് പോലും മാറാതെ അവൻ കിടക്കുന്നു
ഫോൺ കുറച്ച് ദൂരെയുണ്ട്…
തൊട്ടു നോക്കിയപ്പോൾ ബോധം ഉണ്ട്
കുലുക്കി വിളിച്ചു…
മൂളലും മുരൾച്ചയും
ഒപ്പ് ‘ തലക്ക് പിടിച്ചിരിക്കുന്നു.
നല്ലവണ്ണം കഴിച്ചിരുന്നോ…?
അവൻ്റെ ചേട്ടൻ ചോദിച്ചു…
ചോദ്യം ആരും കേട്ടില്ല…
ശശി പിറുപിറുത്തു..
കട്ടിലിൽ നിന്ന് വീണതായിരിക്കും…
.