രചന : തോമസ് കാവാലം✍
ശാലിനിയുടെ മതപരമായ വിശ്വാസം അവളെ മാലാഖമാരിൽ വിശ്വസിക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചിരുന്നു. എങ്കിലും അവളുടെ അയൽക്കാരി പറഞ്ഞ കഥകളിൽ എപ്പോഴും സാന്താക്ലോസ് നിറഞ്ഞു നിന്നതുകൊണ്ട് അവളും സാവധാനം അദ്ദേഹത്തിൽ വിശ്വസിക്കാൻ തുടങ്ങിയിരുന്നു.. അന്നൊരു ദിവസം സ്ഥലത്തെ പള്ളിയിലെ ധ്യാനം കഴിഞ്ഞ് വന്ന അയൽക്കാരി മാലാഖമാരെ കുറിച്ച് വാതോരാതെ പറഞ്ഞു എന്ന് മാത്രമല്ല നമുക്ക് ഓരോരുത്തർക്കും മാലാഖമാരോ സാന്താക്ലോസ്സോ ഒക്കെ ആകാമെന്നു പറഞ്ഞതോടുകൂടി അവൾക്ക് മാലാഖമാരിലും വിശുദ്ധരിലുമുള്ള വിശ്വാസം കൂടി. അതുകൂടാതെ അവളുടെ ജീവിതാനുഭവവുംകൂടി അയൽക്കാരി പങ്കുവെച്ചു. അവളുടെ ഇല്ലായ്മയിൽ സാന്താക്ളോസ്സ് നൽകിയ സമ്മാനങ്ങളെ കുറിച്ച്..
ശാലിനിയുടെ അയൽക്കാരി ഒരു യഥാർത്ഥ മാലാഖയായിരുന്നു. ശാലിനിയുടെ ഭർത്താവ് അവളെ അഞ്ചുവർഷം മുമ്പ് ഉപേക്ഷിച്ചു പോയതാണ്. വിവാഹം അഞ്ചു വർഷം മാത്രമേ നീണ്ടുനിന്നുള്ളവെങ്കിലും അതിനിടയിൽ മൂന്ന് പെൺമക്കളും ഉണ്ടായി. പിന്നെ ഈ അയൽക്കാരിയായിരുന്നു അവൾക്ക് ഒരു മാലാഖയെ പോലെ താങ്ങും തണലുമായി നിന്നത്. യാതൊരു വരുമാനവും ഇല്ലാതിരുന്ന ശാലിനിക്ക് വീടുകളിൽ ചില പണികളൊക്കെ ഒപ്പിച്ചു കൊടുത്തിരുന്നത് ഈ അയൽക്കാരിയാണ്. അതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് കുടുംബത്തെ പോറ്റി പോന്നിരുന്നു. പിന്നെ ആ അയൽക്കാരിയുടെ അകമഴിഞ്ഞ സഹായവും ഉണ്ടായിരുന്നു.
“ പിശാചുക്കൾ ഉണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ, മാലാഖമാർ എന്നൊരു കൂട്ടരിൽ എനിക്ക് വലിയ വിശ്വാസമില്ല “
ശാലിനി അയൽക്കാരിയോട് പറഞ്ഞു.
“ മാലാഖമാരിൽ വിശ്വാസമില്ലെങ്കിലും നമുക്ക് മാലാഖമാർ ആകാൻ സാധിക്കും. മനുഷ്യൻ മനുഷ്യനെ സഹായിക്കുമ്പോൾ ഓരോ മനുഷ്യനും ഓരോ മാലാഖയായി മാറുന്നു.”
ആ അയൽക്കാരി പറഞ്ഞു.
“ ഒന്നുമില്ലാത്ത ഈ പാവപ്പെട്ടവൾ എങ്ങനെ എന്ത് നൽകാനാണ്?”.
“ ദൈവം നമുക്ക് അവസരങ്ങൾ തരുന്നത് മറ്റുള്ളവരുടെ ജീവിതത്തിൽ സാന്താ ക്ലോസുമാരും മാലാഖമാരും ആകാനാണ്. അവസരങ്ങൾ മനസ്സിലാക്കി അവസരോചിതമായി പ്രവർത്തിച്ചാൽ നമ്മൾ സാന്താക്ലോസുമാരും മാലാഖമാരാകും “
അവർ സംസാരിച്ചുകൊണ്ടിരുന്നതിനിടയിൽ മൂന്ന് മക്കളും ഓടിവന്നു. അഛൻ അവരെ ഉപേക്ഷിച്ചു പോയതിനു ശേഷം അവർ കൂടുതലൊന്നും മറ്റുള്ളവരുമായി ഇടപഴകാറില്ലായിരുന്നു. മൂന്നുപേരും അന്തർമുഖരായി എപ്പോഴും വീട്ടിൽ തന്നെ കഴിഞ്ഞുകൂടി. സ്കൂളിൽ ചെന്നാലും മറ്റുള്ളവരുമായി അധികം ഇടപെട്ടിരുന്നില്ല. ഒമ്പതും ഏഴും അഞ്ചും വയസ്സുള്ള മൂന്നു പെൺമക്കൾ. ആകെ അവർ സംസാരിച്ചിരുന്നത് ആ അയൽക്കാരിയോട് മാത്രമായിരുന്നു.
“ ആന്റി ക്രിസ്മസിന് സാന്താക്ലോസ് വരുമോ? സമ്മാനങ്ങൾ തരുമോ? ഞങ്ങളുടെ സ്കൂളിലെ കുട്ടികളെല്ലാവരും പറഞ്ഞു ക്രിസ്മസിന് വലിയ വലിയ സമ്മാനങ്ങൾ കിട്ടുമെന്ന്. ക്രിസ്ത്യാനികൾക്ക് മാത്രമേ കിട്ടത്തുള്ളൂ, അല്ലേ? “
“ സാന്തക്ലോസ് വരും. തീർച്ചയായും വരും. മാലാഖമാരും നിങ്ങളുടെ വീട്ടിൽ വരും.ചിലപ്പോൾ സാന്താക്ലോസ് തന്നെ നിങ്ങളുടെ വീട്ടിൽ സ്ഥിരമായി താമസിച്ചെന്നും വരും.. നിങ്ങൾ ഉറങ്ങിക്കിടക്കുമ്പോൾ നിങ്ങളുടെ വീടിന്റെ വാതിൽക്കൽ വലിയ സമ്മാനങ്ങൾ വെച്ച് പോകും. സാന്താക്ലോസിന് മത ചിന്തയൊന്നുമില്ല.എല്ലാവരും അദ്ദേഹത്തിന് ഒരു പോലെയാണ്. പക്ഷേ നല്ല ആളുകളോടാണ് അദ്ദേഹത്തിന് ഇഷ്ടം”
അയൽക്കാരി പറഞ്ഞു.
“ വീടില്ലാത്തവർക്ക് വീട് കൊടുക്കുമോ?”
ഏറ്റവും ഇളയ കുട്ടി ചോദിച്ചു.
“ എല്ലാം തരും. നന്മ ചെയ്തിട്ട് നമ്മൾ ആഗ്രഹിക്കുന്ന എന്തും സാന്താക്ലോസ് തരും”.
“ എങ്കിൽ, ഞങ്ങടെ വീട്ടിലും വരുമായിരിക്കും”
ഏറ്റവും മൂത്ത പെൺകുട്ടി പറഞ്ഞു..
“ എന്റെ ദൈവമേ!. കുറച്ച് നല്ല ചോറും കറിയും കിട്ടിയാൽ മതിയായിരുന്നു. വിശന്നിട്ടു വയ്യ ”
രണ്ടാമത്തെവൾ പറഞ്ഞു.
“ എന്റെ സന്താക്ലോസെ എനിക്ക് എന്റെ അച്ഛനെ കൂട്ടിക്കൊണ്ടുവന്നു തരണെ! കൂട്ടത്തിൽ നല്ല മൂന്ന് ഉടുപ്പും “
മൂന്നാമത്തവൾ ഒരു പ്രാർത്ഥനാ സ്വരത്തിൽ പറഞ്ഞു.
വീട്ടിലെ ദാരിദ്ര്യമാണ് മൂന്നുപേരുടെയും വായിൽ കൂടി പുറത്തുവന്നത്. അത് കേട്ടിട്ട് ശാലിനിക്ക് ദേഷ്യവും സങ്കടവും നാണക്കേടും സഹതാപവും എല്ലാം തോന്നി. എങ്കിലും, അവൾ ഒന്നും പറഞ്ഞില്ല.
അടച്ചുറപ്പില്ലാത്ത ഒരു ഒറ്റമുറി അടുക്കള വീട്ടിലാണ് അവർ താമസിച്ചിരുന്നത്. പെൺകുട്ടികൾ വളർന്നുവരും തോറും ആ അമ്മയുടെ ആശങ്കയും വർദ്ധിച്ചു വന്നു.. പെൺകുട്ടികളുടെ സുരക്ഷിതത്വം ഒരു വലിയ ചോദ്യചിഹ്നമായി അവളുടെ മുൻപിൽ നിന്നു.
ആ വർഷം അപ്രതീക്ഷിതമായി ക്രിസ്മസ്സിന്റെ തലേ ആഴ്ചയിൽ കനത്ത പേമാരിയും നാശനഷ്ടങ്ങളും ഉണ്ടായി. ഇന്തോനേഷ്യയിലെ കടലിൽ ഉണ്ടായ ഭൂകമ്പവും സുനാമിയും മൂലമാണ് ഭീമൻ കടൽതിരകളും മറ്റു നാശനഷ്ടങ്ങളും ഉണ്ടായത്. ആ പേമാരിയിലും വെള്ളപ്പൊക്കത്തിലും കൊടുങ്കാറ്റിലും ശാലിനിയുടെ ഓലമേഞ്ഞ പുരയുടെ ഒരു ഭാഗം ഇടിഞ്ഞുവീണു. പിന്നെ അവിടെ താമസിക്കുക സാധ്യമല്ലാത്ത സ്ഥിതി വന്നു. അവൾ മക്കളെയും കൊണ്ട് ഒരു തൽക്കാല സാങ്കേതത്തിലേക്ക് മാറി. അവിടെയും മക്കൾ അന്തർമുഖരായി കഴിഞ്ഞുപോകുന്നു കളിയില്ല ചിരിയില്ല ആരോടും മിണ്ടാട്ടമില്ല. ശാലിനിയും അങ്ങനെ തന്നെ.
“ അമ്മേ ക്രിസ്മസ് അവധിക്ക് സ്കൂളിൽ നിന്ന് ട്രിപ്പു പോകുന്നുണ്ട്. ഞങ്ങളെ ഫ്രീയായിട്ട് കൊണ്ടുപോകാമെന്ന് ഹെഡ്മാസ്റ്റർ പറഞ്ഞിരുന്നു. ഇനിയിപ്പോൾ അത് ക്യാൻസൽ ചെയ്യുമായിരിക്കും, അല്ലേ അമ്മേ? “
ആ അമ്മ അത് കേട്ടഭാവം കാണിച്ചില്ല. അവളുടെ മനസ്സിൽ അതിനേക്കാൾ വലിയ നൂറായിരം ചോദ്യങ്ങൾ ആയിരുന്നു.
ഒരാഴ്ച കൊണ്ട് വെള്ളമിറങ്ങി. മഴയും കാറ്റും ശമിച്ചു. താൽക്കാലിക സങ്കേതത്തിൽ അഭയം തേടിയിരുന്നവർ എല്ലാവരും തന്നെ സ്വന്തം വീടുകളിലേക്ക് മടങ്ങി. ശാലിനി ഒന്ന് ചിന്തിച്ചു. തന്റെ മൂന്നു പെൺമക്കളെയും കൂട്ടി ഇടിഞ്ഞു പൊളിഞ്ഞ വീട്ടിലേക്ക് എങ്ങനെ പോകും.? അതായിരുന്നു അവളുടെ ചിന്ത.
അവസാനം മറ്റു മാർഗ്ഗമൊന്നുമില്ലാതെ ശാലിനി തന്റെ മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് നടന്നു.
പോകുന്ന വഴിയിലെ ഒരു പെട്ടിക്കടയിൽ ധാരാളം നക്ഷത്രങ്ങൾ തൂക്കിയിട്ടിരിക്കുന്നത്അവളുടെ മക്കൾ കണ്ടു. കണ്ണഞ്ചിക്കുന്ന നിറങ്ങളിൽ ആകാശത്തിലെ നക്ഷത്രങ്ങളെ വെല്ലുന്ന മനുഷ്യനിർമ്മിത നക്ഷത്രങ്ങൾ.
“ അമ്മേ,നമുക്ക് ഒരെണ്ണം വാങ്ങാം”
ഇളയവൾ അല്പം കുറുമ്പോടെ ചോദിച്ചു.
“നക്ഷത്രം എവിടെ തൂക്കും വീട് എവിടെ?”
ആ അമ്മ അല്പം നിർവികാരതയോടെ പറഞ്ഞു.
“ എടീ നമ്മൾ പള്ളിക്കാരാണോ നക്ഷത്രങ്ങൾ തൂക്കാൻ? “
മൂത്തവൾ അല്പം ശകാരസ്വരത്തിൽ പറഞ്ഞു.
വീടെടുത്തപ്പോൾ കണ്ട ദൃശ്യം ശാലിനിയേയും മക്കളെയും ഞെട്ടിച്ചു. അതാ അവിടെ നിൽക്കുന്നു അവരുടെ വീടിനു മുൻപിൽ പുറപ്പെട്ടുപോയ അച്ഛൻ. ആ വീട് പഴയ വീട് ആയിരുന്നില്ല. ഒരാഴ്ച മുമ്പ് സ്ഥലത്തെത്തിയ ഗോപകുമാർ നാട്ടുകാരുടെ സഹായത്തോടുകൂടി പഴയ വീടിനെ ഒന്ന് പുതുക്കി എടുത്തു. എന്നിട്ട് ഭാര്യയെയും കുട്ടികളെയും കൂട്ടിക്കൊണ്ടുവരാനിരുന്ന സമയത്താണ് അവർ സ്വയം വീട്ടിലേക്ക് വന്നത്.
“ ദാ! അമ്മേ, അച്ഛൻ!!!!”
മൂത്ത പെൺകുട്ടി ഉച്ചത്തിൽ അലറികൊണ്ട് കെട്ടിപ്പിടിച്ചു. മറ്റവർ രണ്ടുപേരും ശങ്കിച്ചു മാറി നിന്നു. അവർക്ക് അത്ര പരിചയമില്ലായിരുന്നു ആ മുഖം.
“ അച്ഛൻ നന്നേ ക്ഷീണിച്ചിരിക്കുന്നു. മെലിഞ്ഞു പോയി. എവിടെയായിരുന്നു അച്ഛൻ? ഞങ്ങളെ അച്ഛന് ഇഷ്ടമല്ലേ? ഇനിയും ഞങ്ങളെ വിട്ടിട്ട് പോകുമോ?”
അങ്ങനെ നൂറു ചോദ്യങ്ങൾ കൊണ്ട് ആ മക്കൾ അച്ഛനെ വീർപ്പുമുട്ടിച്ചു.
“ ഇനി ഒരിക്കലും ഞാൻ എന്റെ മക്കളെ വിട്ടു പോകില്ല”.
ഒരു പ്രതിജ്ഞ പോലെ ഗോപകുമാർ പറഞ്ഞു.
ആ മക്കളുടെ ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത ക്രിസ്മസ് ആയിരുന്നു അത് .
“ദാ!,അമ്മേ,അങ്ങോട്ടു നോക്കിക്കേ. “
അപ്പോഴാണ് ശാലിനി അത് ശ്രദ്ധിച്ചത്. അവളുടെ അയൽക്കാരി ഒരു നക്ഷത്രവും കയ്യിൽ പിടിച്ച് അവിടെ നിൽക്കുന്നു.
“ വരൂ നമുക്ക് ഈ നക്ഷത്രം ഇവിടെ ഇടാം “
അയൽക്കാരി എല്ലാവരെയും വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടുപറഞ്ഞു :
“ ദൈവം സ്വന്തം മകനെ മനുഷ്യരാശിക്ക് കൊടുത്തു. ആ ദൈവം ഈ മക്കൾക്ക് അവരുടെ അച്ഛനെ കൊടുത്തു”.
വീടിനുള്ളിലേക്ക് കയറാൻ ശ്രമിക്കുമ്പോഴാണ് അവർ മറ്റൊരു കാര്യം കണ്ടത്. വീടിന്റെ തിണ്ണയിൽ ഒരു ക്രിസ്മസ് ട്രീ നന്നായി അലങ്കരിച്ചു വെച്ചിരിക്കുന്നു.
“ഇതാരാണ് ഇവിടെ വെച്ചത്? അത്ഭുതമായിരിക്കുന്നല്ലോ?ഇന്നലെ രാത്രി അത് ഇവിടെ ഉണ്ടായിരുന്നില്ല!”
അയൽക്കാരി പറഞ്ഞു.
“ എങ്കിൽ രാത്രി സാന്താക്ലോസ് വന്ന് വെച്ചിട്ട് പോയതായിരിക്കും?!”
മൂത്ത പെൺകുട്ടി പറഞ്ഞു.
“ അച്ഛാ ഉടുപ്പുകൾ എവിടെ? ഉടുപ്പ് വാങ്ങുന്ന കാര്യം സന്താക്ലോസ് പറഞ്ഞില്ലേ?”
ഏറ്റവും ഇളയവൾ ഉറക്കെ ചോദിച്ചു. അവളുടെ വാക്കുകൾ കേട്ട് എല്ലാവരും ചിരിച്ചു. ഗോപകുമാറിനും ചിരി അടക്കാൻ സാധിച്ചില്ല.