ബോസ്റ്റൺ : മലയാളീ സമൂഹത്തിന്റെ അംഗീകാര്യവും സ്വീകാര്യതയും ഏറ്റുവാങ്ങിക്കൊണ്ട് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഒരു നക്ഷത്രമായി തിളങ്ങുന്ന സംഘടനയാണ് സൊലസ്. അമേരിക്കൻ മലയാളികൾക്ക് ഇടയിൽ ഇന്ന് വളരെ അധികം സ്വീകാര്യതയുള്ള സംഘടനയായി സൊലസ്. മാറിക്കഴിഞ്ഞു . കഴിഞ്ഞ ശനിയാഴ്ച ബോസ്റ്റണിൽ സൊലസ് എന്ന സംഘടനയും ഫൊക്കാനയുടെ മാസിച്ചുസസ് റീജിയണും സഹകരിച്ചു സംഘടിപ്പിച്ച ചാരിറ്റി ഡ്രൈവ് ഒരു വൻപിച്ച വിജയമായിരുന്നു എന്ന് ഫൊക്കാന റീജണൽ വൈസ് പ്രസിഡന്റ് രേവതി പിള്ള അറിയിച്ചു. കഴിഞ്ഞ കുറെ വർഷങ്ങൾ ആയി സൊലസുമായി ഫൊക്കാന സഹകരിച്ചു പ്രവർത്തിക്കുന്നുണ്ടെന്ന് രേവതി പിള്ള അറിയിച്ചു.

“സൊലസ്” എന്ന പ്രസ്ഥാനം ജീവിതത്തിൽ പ്രതീക്ഷയറ്റുപോയ കുഞ്ഞുങ്ങൾക്കായുള്ളതാണ്. ജീവിതത്തിൽ പൂർണ്ണ ആരോഗ്യമുള്ള കുഞ്ഞുങ്ങളെ കിട്ടുക എന്നുള്ളതാണ് നമ്മുടെ ഏവരുടെയും പ്രാർത്ഥന, പക്ഷേ പലപ്പോഴും ദൈവ ഹിതം എന്ന് പറയട്ടെ എപ്പോഴും അങ്ങനെ സംഭവിക്കാറില്ല . മാതാപിതാക്കൾക്കിടയിൽ പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുമായി ഒരു കുഞ്ഞു പിറന്നാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നമുക്ക് അറിയാവുന്നതാണ് . അവിടെ സഹായം വേണ്ടുന്നവർക്ക് സഹായ ഹസ്തം നീട്ടുക എന്നതാണ് സൊലസിന്റെ ലക്‌ഷ്യം .

സൊലസ് എന്ന സ്ഥാപനത്തിന്റെ അമരക്കാരി ഷീബ അമീർ അമേരിക്കൻ മലയാളികൾക്ക് സുപരിചിതയാകുന്നത് ഭിന്നശേഷിയുള്ള, കാൻസർ ബാധിച്ച കുട്ടികളെയും, നിർധന കുടുംബത്തിലെ ആരോഗ്യ പ്രശ്നങ്ങൾ ഉള്ള കുട്ടികളെയും ചേർത്തു നിർത്തി അവർക്ക് വേണ്ടുന്ന സഹായങ്ങൾ എത്തിക്കുന്ന ചാരിറ്റി പ്രവർത്തക എന്ന നിലയിൽ ആണ്. ഷീബ അമീർ തന്റെ മകൾക്കു ഉണ്ടായ അനുഭവത്തിൽ നിന്നാണ് ഇങ്ങനെ ഒരു ആശയം ഉൾക്കൊണ്ട് സമൂഹത്തിന് ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കാൻ തീരുമാനിച്ചത്. ശാരീരിക വൈകല്യം അനുഭവിക്കുന്ന കുഞ്ഞുങ്ങളുമായി അമ്മമാർ നടത്തുന്ന യാത്രയുടെ കഥയാണ് ഷീബ അമീറിന് നമ്മോട് പറയാനുള്ളത്.

കെയർ ആൻഡ് സപ്പോർട്ട് ഫോർ ചിൽഡ്രൻ വിത്ത് ലോംഗ് ടേം ഇൽനെസ് ‘എന്നാണ് സൊലസിന്റെ ലക്ഷ്യം . ജീവന് ഭീഷണിയാകുന്ന വിവിധങ്ങളായ രോഗമുള്ള കുട്ടികളുടെ ചികിത്സാ സഹായം എന്നതായിരുന്നു തുടക്കത്തിൽ ലക്ഷ്യം. പക്ഷേ ഇന്ന് ഇങ്ങനെ രോഗം ബാധിച്ച കുട്ടികകൾ ഉള്ള നിർധന കുടുംബത്തെ മുഴുവനായി ഏറ്റെടുക്കുന്ന രീതിയിലേക്ക് കൂടി സൊലസ് ഇന്ന് വളർന്നു കഴിഞ്ഞു. നിരവധി സന്നദ്ധപ്രവർത്തകരുടെ കൂടി കാരുണ്യത്തിന്റെയും പരിശ്രമത്തിന്റെയും ഫലമാണ് ഇന്ന് ഈ സംഘടന മുന്നോട്ട് പോക്കോണ്ടിരിക്കുന്നത്.

ഈ സ്ഥാപനത്തിൽ 5000 ത്തോളം വരുന്ന രോഗികൾക്കുള്ള പരിചരണവും കേരളത്തിലെ ഒൻപത് ജില്ലകളിലായി 10 കേന്ദ്രവും, അമേരിക്ക, കാനഡ, ഇംഗ്ലണ്ട് എന്നിവിടങ്ങളിലുമായി സഹകരിക്കുന്ന സംഘങ്ങളും ഉണ്ടെന്ന് ആശ്വാസം നൽകുന്ന വാർത്ത തന്നെയാണ്.

നമ്മുടെ സമൂഹത്തിൽ വളരെ നല്ല ജീവകാരുണ്യ പ്രവത്തനങ്ങൾ ചെയ്യുന്ന വ്യക്തികൾ അല്ലെങ്കിൽ സംഘടനകൾ സമൂഹത്തിൽ ഉണ്ട് . പക്ഷേ സൊലസ് എന്ന പ്രസ്ഥാനം ജീവിതത്തിൽ പ്രതീക്ഷയറ്റുപോയ കുഞ്ഞുങ്ങൾക്കായുള്ളതാണ്. അത് ചിന്തകളുടെ ഇരുട്ടിൽ പെട്ടുപോയ മാതാപിതാക്കൾക്ക് ഒരു വെളിച്ചം വീശുന്ന സംഘടനയാണ് . അവിടെ സഹായകവുമായി എത്തിയാൽ അത് ഈശ്വര തുല്യമായിരിക്കും. അർഹിക്കുന്നവരിൽ സഹയം എത്തുബോൾ അവിടെ നാം ദൈവത്തിന് പകരം ദൈവത്തിന് വേണ്ടി സഹായം എത്തിക്കുകയായണ്. അതിൽ നിങ്ങൾക്കും പങ്കാളിയാകാം.

വ്യക്തിപരമായി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്ന അധികം പേരും “വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയരുത്” എന്ന തത്വത്തിൽ വിശ്വസിക്കുന്നവരാകയാൽ പബ്ലിസിറ്റിക്ക് താല്പര്യമില്ലാത്തവരാണ് എന്നതാണ് യാഥാർഥ്യം. എന്നാൽ സ്വന്തം അദ്ധ്വാനത്തിൽ നിന്നും അൽപ്പം മാറ്റി വച്ച് മറ്റുള്ളവരെ സഹായിക്കാൻ സന്മനസ്സു കാണിക്കുന്നവരുടെ പ്രവർത്തനങ്ങൾ പൊതു സമൂഹത്തിൽ വെളിപ്പെടുത്തിയാൽ മറ്റു പലർക്കും അതുപോലെ ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കണം എന്നൊരു പ്രചോദനം ഉണ്ടാകും എന്നതാണ് വാസ്തവം.

സൊലസിന്റെ ബോസ്റ്റൺ ചാപ്റ്ററിന്റെ സാരഥി ശ്രീവിദ്യ രാമചന്ദ്രൻ, സെക്രട്ടറി കാജൽ മാക്സിലിനോ , ട്രഷർ ടൈറ്റസ്‌ ജോൺ,പോൾ ഇഗ്‌നേഷ്യസ് , സന്തോഷ് നായർ എന്നിവരാണ് ആണ് ഈ പ്രോഗ്രാമിന് നേതൃത്വം നൽകിയത്. ഫൊക്കാനയെ പ്രതിനിധികരിച്ചു റീജിയനിൽ നിന്നുള്ള ധീരജ് പ്രസാദ് (മുൻ RVP ), ബിജു തൂമ്പിൽ (മുൻ RVP ), രേവതി പിള്ള , നാഷണൽ ഭാരവാഹികൾ ആയ കല ഷഹി, ബിജു ജോൺ , ജോർജ് പണിക്കർ, സജി മോൻ ആന്റണി , ലീല മാരേട്ട് എന്നിവരും പങ്കെടുത്തു.

ഈ പ്രോഗ്രാം സ്പോൺസർ ചെയ്തത് വിശ്വാസ് സമൃദ്ധി ഹെയർ ഓയിൽ ആണ്.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അമേരിക്കൻ മലയാളികളുടെ പ്രിയപ്പെട്ട സംഘടനായ ഫൊക്കാനയും ഷീബ അമീറിനൊപ്പം എന്നും ഉണ്ടാകും എന്ന് രേവതി പിള്ള അഭിപ്രായപ്പെട്ടു . അതിനായി വേണ്ടതെല്ലാം ചെയ്യുമെന്ന് ഉറപ്പു നൽകുന്നു.

By ivayana