ആതിരരാവിലെ മഞ്ഞലയിൽ.
പൗർണ്ണമി ഈറനണിഞ്ഞു നിൽക്കേ
ആ നിറരാവിന്റെ പൊൻപ്രഭയിൽ
പൂങ്കോഴി കൂകിത്തെളിയും മുൻപേ ::
പൂങ്കോഴി കൂകിത്തെളിയും മുൻപേ ..
( ആതിര….)

നക്ഷത്ര ജാലങ്ങൾ മേഘങ്ങളാം
ജാലകം മെല്ലെത്തുറന്നു നിൽക്കേ
ചെത്തി, ജമന്തിയും, മുക്കുറ്റിയും
ഒത്തു വിരിയും വയൽക്കരയിൽ
ഒത്തു വിരിയും വയൽക്കരയിൽ …! (നക്ഷത്ര’… )

മൂടൽമഞ്ഞല്ലാം വകഞ്ഞു മാറ്റി
ആമ്പൽക്കുളത്തിൽ മുങ്ങിക്കുളിക്കാൻ
നാരിമാരേറെപ്പേരെത്തിയപ്പോൾ
ശിവ-പാർവ്വതിമാരെ വാഴ്ത്തിയവർ
ശിവ-പാർവ്വതിമാരെ വാഴ്ത്തിയവർ ……!.( മൂടൽ – ….)

പാടിത്തുടിച്ചു, മുങ്ങിക്കുളിച്ചു
ചന്ദനക്കുറിയും, സിന്ദൂരവുമായ്!
പാതിരാപ്പൂ ചൂടി, രാക്കുളിരിൽ
തോഴിമാരൊത്തവരൂഞ്ഞാലാടി
തോഴിമാരൊത്തവരൂഞ്ഞാലാടി …..!( പാടിത്തുടിച്ചു……)

ആതിരയായ് തിരുവാതിരയായ്
നാരിമാർക്കേവർക്കുമാഘോഷമായ്
ആ നല്ല നാളിലെയാനന്ദത്തിൽ
പെൺകൊടിമാർക്കെല്ലാമാനന്ദമായ്
ആടിടാം പാടിടാം തോഴിമാരെ…
കുമ്മിയടിച്ചിടാം തോഴിമാരെ …! (ആതിര –)

കൈലാസനാഥനെ കൈവണങ്ങാം
ശ്രീപാർവ്വതിയെ നാം കുമ്പിട്ടിടാം
ദീർഘസുമംഗലീയായി വാഴാൻ
സർവ്വസൗഭാഗ്യവും സിദ്ധിച്ചിടാൻ
മംഗളങ്ങൾക്കായി നോൽമ്പു നോൽക്കാം.
മംഗളങ്ങൾക്കായി നോൽമ്പു നോൽക്കാം.( കൈലാസ)

സർവ്വസൗഭാഗ്യവും വന്നു ചേരാൻ
ശ്രീപരമേശ്വരിയെ നമിക്കാം
ആതിരയായ്, തിരുവാതിരയായ്
നാരിമാരേവർക്കു മുൽസാഹമായ്
നാരിമാരേവർക്കുമുൽസാഹമായ് – (സർവ്വ .. )

പൗർണ്ണമി ഈറനണിഞ്ഞു നിൽക്കേ
ആ നിറരാവിന്റെ പൊൻപ്രഭയിൽ
ആതിര നാളിൽ പൂത്താലിയുമായ്
ആതിര ,പൂത്തിരുവാതിരയായ് –
ആതിര പൂത്തിരുവാതിരയായ് – (2)

മാധവി ടീച്ചർ

By ivayana