ഒരാളെ കിണറ്റിൽ
നിന്ന് വലിച്ചു കയറ്റാനും,
ഒരാളെ ചാക്കിൽ കെട്ടി
കിണറ്റിലെറിയാനും
കയറിനു കഴിയും….
ഇത് അയകെട്ടാൻ നല്ലതാണ്..
ചുവരിലെ ആണിക്കുറപ്പുണ്ടേൽ,
എത്ര മുഷിഞ്ഞ ഭാണ്ഡവും
നമുക്കിതിൽ തൂക്കിയിടാം….
ആണിയിൽ നിൽക്കാത്ത
ചില വലിയ കയറുകൾ
വടംവലിക്കായി ഉപയോഗിക്കാം….
കയർ നിഷ്പക്ഷനാണ്..
വാശി പിടിക്കുന്നത്ര എളുപ്പമല്ല
വടം പിടിക്കൽ..
വടം പിടിച്ച കൈകൾ മുറിഞ്ഞാലും
വടം മുറിഞ്ഞ ചരിത്രമില്ലാ….
നോവുന്നവൻ വടം വിടുന്നു,
വടം വിടാത്തവൻ ജയിക്കുന്നു….
അരയിൽ അരഞ്ഞാണമായതും
ആടിത്തിമർത്ത തോട്ടിലും,
ഊഞ്ഞാലിലാടിയ യുവത്വവും,
താലിയായ് കോർത്തതും,
വീട്ടിന്റെ പുറകിലെ തൊടി
പലതായ് തിരിച്ചതും,
എല്ലാം ഓരോ കയറു തന്നെ….
വിരൽ ചൂണ്ടുന്നവന്റെ
കൈയിൽ കുരിക്കിടാം,
ഇടയാതിരിക്കാൻ
മൂക്കിൽ കുരിക്കിടാം,
ഭ്രാന്ത് മൂത്തെന്നു പറഞ്ഞു
കാലിൽ കുരിക്കിടാം..
അങ്ങനെ കുരുക്ക്
കുറിക്ക് കൊള്ളുമ്പോൾ,
നമുക്ക് ഫാനിലും കുരുക്കിടാം..
ചുമ്മാ പറയുവല്ലാട്ടോ,
കയറ് ഒരു വല്ലാത്ത സംഭവമാണ്,
ഈ “സ്നേഹം” പോലെ,
വല്ലാത്തൊരു സംഭവം….!!!!

പ്രദീഷ് ദാസ്

By ivayana