ജോസ് ചേട്ടന്റെ കടയിൽ നിന്ന്
പഞ്ചസാര പൊതിഞ്ഞു കിട്ടിയ
കടലാസിൽ
പ്രധാനമന്ത്രിയുടെ ചെറുപുഞ്ചിരി

ഇന്ദിരഗാന്ധീന്ന് കൂട്ടിവായിച്ചപ്പോൾ
രണ്ടാം ക്ലാസ്സും സുരേഷും മൈനയും
സ്ക്കൂൾ മുറ്റത്തെ കാറ്റാടി മരവും
തിരിഞ്ഞു തിരിഞ്ഞു നോക്കി

അഞ്ചാം ക്‌ളാസ്സിലെ സയൻസ് മാഷ്
പുസ്തകത്തിലില്ലാത്ത ഒരു ചോദ്യം

മുൻപിലിരിക്കുന്നവരാരും
ഒന്നും മിണ്ടുന്നില്ല

പുസ്തകത്തിലുള്ളത് കണ്ടിട്ടേയില്ലാത്തൊരുത്തൻ
മൂന്നാമത്തെ ബെഞ്ചിൽ നിന്ന്
പതുക്കെ എണീറ്റു നിന്നു

ചായപ്പൊടി പൊതിഞ്ഞു കൊണ്ട് വന്ന
കടലാസ്
രോമാഞ്ചത്തോടെ അത് നോക്കിനിന്നു

പൗലോസ് സാർ ഉള്ളുതുറന്നൊന്ന് ചിരിച്ചു

ആ ചിരി തന്ന ഒറ്റ ധൈര്യത്തിലാണ്
പത്തിരുപത്താറു വയസ്സ് വരെ
പഠിക്കാൻ പോയതും

ഇപ്പോഴും കടലാസ്സിൽ തന്നെ
കിടന്നുറങ്ങുന്നതുമുണരുന്നതും.

By ivayana