രചന : കുറുങ്ങാട്ട് വിജയൻ ✍
“സന്മനസ്സുള്ളവര്‍ക്കു സമാധാനം” നേര്‍ന്നുകൊണ്ടു മറ്റൊരു ക്രിസ്തുമസ്സുദിനംകൂടി കടന്നുപോയി!
‘അപ്പത്തിന്റെ പട്ടണ’ത്തില്‍ അവന്‍ വന്നുപിറന്നു!
ലോകത്തിന്റെ അപ്പമാകാന്‍!
സമാധാനത്തിന്റെ അപ്പം…..!
ശാന്തിയുടെ അപ്പം…..!
കർത്താവേ, നിന്റെ ഓർമ്മകളിൽ
കണ്ണീരിന്റെ നനവും ചാട്ടവാറിന്റെ നോവും യാചനയുടെ സ്വരവും
ചേർന്നുരുകുന്ന മെഴുതിരിവെട്ടം!
*
പരിശുദ്ധാത്മാവിന്‍റെ പ്രകാശരേതസേറ്റ ഗര്‍ഭവുമായി
അഗസ്തസിന്‍റെ കാനേഷുമാരികള്‍ നിമിത്തങ്ങളാക്കി
യഹൂദ്യയിലെ ബേത്ലഹേമെന്ന ദാവീദിന്‍ പട്ടണത്തിലേക്ക്
ഗലീലയിലെ നസറേത്ത് പട്ടണം വിട്ടുള്ള പ്രയാണം!
ഈശോയ്ക്ക് പിറക്കാന്‍ ആരും വാതില്‍ തുറന്നില്ല?
കാലിക്കൂട്ടിലെ അന്തേവാസികളായി അവനാശ്രയം!
അവയുടെ ആഹാരമായ പുല്ലുകൊണ്ടു മെത്തയും!
ബേത്ലഹേമിന്‍ തെരുവീഥികളില്‍ സുകൃതം പൂത്തകാലം!
ജോര്‍ദ്ദാന്‍നദിയെ ജ്ഞാനസ്നാനംകൊണ്ട് ദിവ്യമാക്കാന്‍
മര്‍ദ്ദിതര്‍ക്കും പീഡിതര്‍ക്കായി രക്തസാക്ഷിത്വം വരിക്കാന്‍
രാജാക്കന്മാരുടെ രാജാവായി സ്വര്‍ഗ്ഗസ്ഥനാവാന്‍, അവന്‍ വന്നു!!
മരംകോച്ചുന്ന ഡിസംബറിന്‍റെ മഞ്ഞിലേക്ക്
ബേത്ലഹേമിന്‍റെ മടിയിലെ പുല്‍ക്കൂട്ടിലേക്ക്
മറിയത്തിന്‍റെയും ജോസഫിന്‍റെയും മകനായി
അസാധുവാക്കപ്പെട്ട നക്ഷത്രങ്ങളുടെ തോഴനാകന്‍
അരികുജീവിതങ്ങളുടെ കരോള്‍ പാട്ടുകാരനാകാന്‍…
തൂമഞ്ഞുപാളികള്‍ പ്രകൃതിയില്‍ കളംവരച്ചപ്പോള്‍
നക്ഷത്രങ്ങള്‍ രാവിന്‍റെ ആകാശത്ത് പൂക്കളമിട്ടപ്പോള്‍
നക്ഷത്രത്താല്‍ വഴികാട്ടപ്പെട്ട ജ്ഞാനികളാല്‍ വാഴ്ത്തിയപ്പോള്‍
ഡിസംബറിന്‍റെ രാവ് നിദ്രയിലേക്ക് മെല്ലേമാഞ്ഞുപ്പോള്‍
കാലിത്തൊഴുത്തിലെ പുല്‍ക്കൂടിന്‍റെ ചൂടേറ്റുപിറന്നവന്‍
ദൈവപുത്രന്‍…… തിരുപ്പിറവിയുടെ മനുഷ്യപുത്രന്‍…
ദാവീദിന്‍റെ പട്ടണത്തില്‍ സര്‍വ്വജനത്തിനും രക്ഷകനായി പിറന്നു!!
കാലിത്തൊഴുത്തില്‍നിന്നു ലോകൈകനാഥനായവന്‍
കൂരിരുള്‍ നിറയും മനസ്സുകളില്‍ സത്യപ്രകാശമായവന്‍
അന്ധന്‍മാരുടെ കൈപിടിച്ചു കാരുണ്യവാനായവന്‍
അഞ്ചപ്പംകൊണ്ടയ്യായിരം പേര്‍ക്കന്നം പകുത്തവാന്‍
മണ്ണിലെ തെറ്റുകളെ മുള്‍ക്കിരീടമാക്കി ശിരസ്സിലേറ്റിയവന്‍
പാപങ്ങളെ മരക്കുരിശായി അടയാളപ്പെടുത്തിയവാന്‍
രക്തപങ്കിലപാപങ്ങള്‍ക്കു മാലാഖയുടെ ചിറകുനല്‍കിയവന്‍
മനുഷ്യരാല്‍ വേട്ടയാടപ്പെടാന്‍ മനുഷ്യനായിപ്പിറന്ന ദെെവം
മാനവരാശ്ശിയുടെ പാപഭാരം ക്രൂശ്ശിതനായേറ്റുവാങ്ങിയവന്‍!!
പൗരോഹിത്യത്തിന്‍റെ അഹങ്കാരത്തിനെതിരെ നാവെടുത്ത്
കള്ളവാണിഭസംസ്കാരത്തിനെതിരെ ചാട്ടവാറേന്തി
അടിച്ചമര്‍ത്തപ്പെട്ട ദാവുദീന്‍റെ ജനതയുടെ മാര്‍ഗ്ഗദീപമായി
വഴിതെറ്റിപ്പിരിയുന്നു കുഞ്ഞാടുകളുടെ വഴികാട്ടിയായിട്ടും
ഒടുവില്‍, തന്‍റെതന്നെ ജനങ്ങളാല്‍ ക്രൂശിതനായ ജന്മം??
ചുംബിച്ചുതന്നെ, തന്നെ, ഒറ്റിക്കൊടുക്കുമെന്നറിഞ്ഞിട്ടും
മരക്കുരിശും ആണിയും പണിതു കാല്‍വരി കാത്തിരിന്നിട്ടും
ഗാഗുല്‍ത്താമല മുള്‍ക്കിരീടവും കയ്യുപ്പുനീരും കാത്തുവെച്ചിട്ടും
ഇരുപുറവും കള്ളന്‍മാരെ കാവല്‍ നിര്‍ത്തുമെന്നറിഞ്ഞിട്ടും
ക്രൂശിക്കപ്പെടുന്നവന്‍റെ വേദനയെ ആഘോഷിക്കാന്‍ കൊടുത്തു!
ഉയര്‍ത്തെഴുന്നേല്പിനെ വീഞ്ഞില്‍മുക്കി ആസ്വദിക്കാന്‍ കൊടുത്തു!!
തള്ളിപ്പറയേണ്ടിവന്നവന്‍റെ നിസ്സഹായതയെ തിരിച്ചറിഞ്ഞ്,
തള്ളാതെ കൂടെക്കൂട്ടിയതാണ് മനുഷ്യത്വം, അഥവാ, ദൈവ്യത്വം!!
*
റോമാസൂര്യന്‍റെ ജന്മനാളിന്റെ ജാതകം രാജയോഗമാക്കാന്‍!
ദൈവപുത്രനെന്ന പ്രതിധ്വനിക്കൊപ്പം മനുഷ്യസ്നേഹിയായി!
അഞ്ച് അയ്യായിരമാക്കിയൂട്ടിനിറച്ചു സാമൂഹ്യവാദിയുമായി!
യൂദാസിന്‍റെ പിന്‍കുത്തേറ്റുപുഞ്ചിരിച്ചുകൊണ്ട് താത്വികനായി !
മൂന്നാംനാളിലെ ഉയിര്‍ത്തെഴുന്നേല്‍പ്പോടെ ദൈവപുത്രനായി!!
എല്ലാ പിറവികളും ആഹ്ളാദകരമായ തിരുപ്പിറവികളാകട്ടേ!
എല്ലാ പിഞ്ചുപെെതങ്ങളും ദെെവത്തിന്‍റെ പ്രതിരൂപമാകട്ടേ!
മാലാഖമാര്‍ ‘സന്മനസ്സുള്ളവര്‍ക്കു സമാധാന’മെന്നു പാടട്ടേ!
അപ്പോസ്തലന്മാര്‍ ഭൂഖണ്ഡങ്ങളിലേക്ക് കപ്പലോടിക്കട്ടേ!
‘വിശ്വാസത്തേക്കാള്‍ വലുതൊന്നുമില്ല’ എന്നുപഠിപ്പിച്ച നാഥാ
വിശ്വാസവഞ്ചന കാട്ടിയതും അങ്ങയോടൊപ്പം അത്താഴമുണ്ടവര്‍?
അതേ പിതാവേ… അങ്ങ് ക്രൂശിതനായതു ഞങ്ങളുടെ പാപഭാരമേറി
ഞങ്ങളുടെ പാപങ്ങള്‍ അങ്ങയെ വീണ്ടും ക്രൂശിലേറ്റുന്നുണ്ടോ??
💐🙏💖🙏💐