ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

രണ്ടാം നിരക്കാർ
എല്ലാ പന്തികളിലും
ക്ഷണിക്കപ്പെടില്ല
ക്ഷണിക്കപ്പെടുന്നിടത്തോ
ഒന്നുമത്ര
ലളിതമായിരിക്കില്ല..
ചിലേടത്ത്
ആളു തികയാതെ
വരുമ്പോൾ,
ചിലപ്പോൾ
ഇന്നയാളെ
കിട്ടാത്തതുകൊണ്ടാണെന്നും
മറ്റു ചിലപ്പോൾ
വേറാരുമില്ലാത്ത
കൊണ്ടാണെന്നുമൊക്കെയുള്ള
നിഷ്കളങ്കമായ
തുറന്നു പറച്ചിലോടെ.
ആരുമില്ലേൽ
നിങ്ങളായാലും
മതിയെന്ന
സൗജന്യഭാവത്തിൽ.
നിങ്ങളെത്തുമ്പോൾ
എല്ലാവരും ഇരുന്നു
കഴിഞ്ഞിട്ടുണ്ടാവും
അടുത്ത പന്തിക്കുവേണ്ടി
കാത്തു നില്പ്
ചിലപ്പോൾ
വൈകിയെത്തിയ
വിശിഷ്ടാതിഥിക്കു വേണ്ടി
ഇരുന്ന ഇലയ്ക്കു
മുന്നിൽ നിന്നെണീപ്പിക്കൽ.
അപൂർവ്വമായി
അപ്പക്കഷണങ്ങൾ
വീണുകിട്ടിയാൽ
അർഹതപ്പെട്ടതോയെന്നു
നിങ്ങൾ
പരിഭ്രമിക്കും.
നിങ്ങൾ
പ്രസംഗിക്കാനെണീക്കുമ്പോൾ
മുഖ്യാതിഥികൾ വേദി വിടും
അല്ലെങ്കിൽ
പരസ്പരമുറക്കെ
കളിതമാശകൾ
പറയും.
വാക്കു മുറിഞ്ഞു
നിങ്ങൾ
പതറി നിന്നു പോവും.
അടുത്തിരിക്കുമ്പോൾ
വായിച്ചിട്ടില്ല കേട്ടോ
ഔദാര്യത്തോടെ
പ്രമുഖർ പറയും
വായിക്കാനുദ്ദേശവുമില്ലെന്നു
നിങ്ങൾക്കറിയാം
ചിലപ്പോൾ
കേട്ടിട്ടുണ്ടെന്നും
വായിക്കാൻ
പറ്റിയിട്ടില്ലെന്നുമുള്ള
പച്ചക്കള്ളം കൊണ്ടു
കൂടുതൽ
ഉദാരവാനാവും.
ചിലർ
ഞാനീചവറൊന്നും …
അല്ല ,ഫിക്ഷനും
കവിതകളുമൊന്നും
വായിച്ചു സമയം
കളയില്ലെന്നു
ചിരിക്കും.
അവർ വായിക്കുന്ന
പുസ്തകങ്ങളുടെ പേരും
പറഞ്ഞേക്കും
അതൊന്നും
നിങ്ങൾ കേട്ടിട്ടേയില്ല
കേൾക്കാനുമിടയില്ല..
നാട്ടിലെ മൊത്തം
ജനസംഖ്യയെക്കാൾ
കൂടുതൽ
കവികളുണ്ടെന്നും
രാജ്യത്തെ
ജനങ്ങളെക്കാൾ
കഥയെഴുത്തുകാരുണ്ടെന്നും
പല തരം
കണക്കുകൾ കേട്ട്
നിങ്ങൾക്കു തല തിരിയും.
നിങ്ങൾ
കാശു കൊടുത്തു
വാങ്ങിയ
അവരുടെ
പുസ്തകത്തിൽ
അവരുടെ കൈയ്യൊപ്പ്
വാങ്ങാൻ
ഊഴംകാത്തു
നിൽക്കുന്നതിനിടയിൽ
വെയ്റ്റ് ചെയ്യൂവെന്നവർ
ചിരിച്ചേക്കും.
എന്തു ചെയ്യാനാ!
എവിടെച്ചെന്നാലും
ആളുകൾ
പൊതിയുന്നുവെന്നു
സന്തോഷച്ചിരി
ചിരിച്ചേക്കും.
ആളും
ആരവവുമില്ലാത്തൊരു
മൂലയ്ക്ക്
ആരാലും
തിരിഞ്ഞുനോക്കപ്പെടാതെ
നിങ്ങളതേ നില്പു നിൽക്കും.

By ivayana