ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

മഞ്ജുകൈരളി മധു നിറയുന്ന
അഞ്ജിത കേരളമെ ജയിക്കുക
ശിഞ്ജിതമോടെ നിൻ ചാരുനൃത്തം ക-
ണ്ടഞ്ചിടട്ടെ സമസ്ത ലോകങ്ങളും !

നിരനിരയായി കേരങ്ങൾ നിന്നു
നിറപീലി നീർത്തി ചാമരം വീശി
ചന്ദ്രശോഭയിൽ ചേലോടെയാതിര-
നൃത്തമാടുന്ന ചാരു മലയാളം !

തലയുയർത്തി സഹ്യാദ്രി കിഴക്കും
അലയടിക്കുന്നാഴി പടിഞ്ഞാറും
അനന്തശായി കണക്കെയങ്ങനെ
പള്ളികൊള്ളുന്നയെൻ പാവനനാടെ
നിന്നിൽ വന്നു പിറവിയെടുത്തിട്ടു
നൻമലയാളം നാവിലുതിരവെ
അനന്തസംസ്ക്കാരതേജസ്സു തൂകും
അരിയഭാരതപുത്രനായ് ഞാനും .

കരിഗജങ്ങൾ പൊന്നണിഞ്ഞതിൻമേൽ
കനകത്തിടമ്പിലീശൻ വിളങ്ങി
അഗ്നിനാളങ്ങൾ നീട്ടുന്ന തീവെട്ടി
ആരതി കണക്കെ മുന്നിൽ തെളിഞ്ഞു
ചേതോഹരമായ തായമ്പകയുടെ
ചേലൊത്ത നാദം ദിഗന്തം മുഴക്കി
ആലവട്ടങ്ങളും ചാമരങ്ങളും
പീലി വിടർത്തിയാടിത്തിമർക്കുന്ന
ആരാധനയുടെ കാവ്യപ്രവാഹങ്ങൾ
ആവോളം കവിഞ്ഞൊഴുകിയങ്ങനെ
പൂരങ്ങൾ നിറഞ്ഞാടുന്ന കേരള-
ഭൂമിയെന്നും ജയിക്കുക ദേവികെ.

നീലക്കാറൊളിമേഘങ്ങൾ ചെന്നിട്ടു
സഹ്യാദ്രിസാനുവിൽ ഹാരങ്ങൾ ചാർത്തെ
അമൃതനദികളാനന്ദമോടെ
കുളിരു പകർന്നൊഴുകുന്ന നാട് !

ആവണിയൂഞ്ഞാലായത്തിലാടുംപോൽ
ഏവരുമൊന്നിച്ചുയരും പൊന്നോണം
ആലോലചാരുതിരമാലകൾ പോൽ
ആനന്ദപ്പൂക്കളങ്ങൾ മനസ്സിലും
അങ്കണത്തിലും തുള്ളിത്തുളുമ്പുന്ന
അനുപമ ലാവണ്യം ചുരത്തുന്ന
പൊൻവെയിൽക്കസവാടയണിഞ്ഞതി
മോഹനസ്മിതം ചൊരിയുന്ന നാട് !

നല്ല മുല്ലപ്പൂമാലകൾ ചൂടിയ
നല്ല പൊൻകസവാടകൾ ചാർത്തിയ
എൻ മലയാളനാടെ മനോഹരി
അന്തമില്ല നിൻ ലാവണ്യം പാടിയാൽ !!

എം പി ശ്രീകുമാർ

By ivayana