രചന : മാധവ് കെ വാസുദേവ് ✍
ലോക ചരിത്രത്തെ രണ്ടു ഭാഗങ്ങളാക്കി നിജപ്പെടുത്താൻ ചരിത്രകാരന്മാർ സ്വീകരിച്ച ഒരു ജന്മത്തെ, അതിന്റെ പ്രത്യക്ഷമായ ജീവിതം. ഒരു ചരിത്രസംഭവമെന്നു പ്രബലമായ ഒരു സമൂഹം വിശ്വസിക്കുകയും പരമമായ ജീവിതദർശ്ശനമെന്നു കരുതിക്കൊണ്ട് ആത്മാർത്ഥമായി ആഘോഷിക്കുകയും ചെയ്യുന്ന പുണ്യപിറവിദിനം.
ജോസഫിന്‍റെയും മറിയത്തിന്‍റെയും മകനായി ഇസ്രായേലിലെ ബത്ത്ലഹേമില്‍ ഒരു കാലിത്തൊഴുത്തില്‍ (കാലിത്തൊഴുത്തിൽ അല്ല അടുത്തുള്ള ഒരു വഴിയമ്പലത്തിൽ വെച്ചാണ് ക്രിസ്തു പിറന്നതെന്നും പിന്നീടു അദ്ദേഹത്തെയും അമ്മയെയും അടുത്തുള്ള കാലിത്തൊഴുത്തിലേക്കു മാറ്റുകയും ചെയ്തതാണ് എന്നൊരു വാദഗതിയും നിലവിൽ ചില പണ്ഡിതന്മാർ ഉന്നയിക്കുന്നു) പിറന്നു വീണു ലോക നന്മക്കായി ജീവിതം ഉഴിഞ്ഞു വെച്ച ഒരു ശുദ്ധ മനസ്സിന്‍റെ, യേശുവിന്‍റെ ജനനവും അതിനുശേഷം ഉയർത്തെഴുനേല്പ്പും അതിനോടു ബന്ധപ്പെട്ട മിത്തുകളും അതെല്ലാം
അതിന്‍റെ വിശ്വാസ്യത അതുള്‍ക്കൊള്ളുന്ന മനസ്സുകളെ ആശ്രയിച്ചാണ്.
അതൊന്നും വിശകലനം ചെയ്യാനോ തലനാരിഴകീറി പരിശോധിക്കാനോ ഞാനാളല്ല. വിശ്വാസം എന്നതു ഒരു മനസ്സിന്റെ ആന്തരീക അവസ്ഥയാണ്. അതു തികച്ചും വ്യക്തിപരമായ കാര്യവും ആണ്. ഇവിടെ ഞാൻ പറയാൻ ഉദ്ദേശിക്കുന്നതു സാമൂഹിക പരിഷ്കർത്താവായ ക്രിസ്തു എന്ന മനുഷ്യൻ ജീവിതം കൊണ്ട് ലോകത്തിനു നൽകിയ സംഭാവനകളെ ആണ്.
ഈ ജനനം കൊണ്ടു തന്റെ ജീവിത വഴികളില്‍ കൂടി ക്രിസ്തു നടന്നു നീങ്ങിയപ്പോൾ പൊതു സമൂഹത്തിന്റെ അപചയങ്ങൾ കണ്ടു അതിനു കീഴ്‌പ്പെട്ടുപോവുന്ന നിരാലംബരായ മനുഷ്യർക്കു വേണ്ടി അദ്ദേഹത്തിനു പ്രവര്‍ത്തിക്കേണ്ടി വരുകയും അതിന്റെ തിക്തഫലങ്ങളനുഭവിക്കേണ്ടി വരികയും അവസാനം ആ നിരാലംബ ജനതയ്ക്കു വേണ്ടി ആസന്നമായ മരണത്തെ വളരെ നേരത്തെ തന്നെ പുരോഹിത വർഗ്ഗത്തിന്റെ നീതിശാസ്ത്രത്തിൽ എഴുതിവെച്ച അതി ക്രൂരമായ കുരിശു മരണം ഏറ്റുവാങ്ങുകയും ചെയ്തു.
അങ്ങിനെ അദ്ദേഹത്തിനു സ്വീകരിക്കേണ്ടി വന്ന മരണത്തിനുശേഷം മൂന്നാം നാള്‍ നടന്ന ഉയര്‍ ത്തെഴുന്നേൽപ്പ്, അതിന്റെ വിശ്വാസതയെ, അതിലുൾകൊള്ളുന്ന സത്യത്തെ ഒന്നും ഞാൻ ചോദ്യം ചെയ്യുന്നില്ല. ആ പുനർജ്ജന്മം, ഈ വാക്കുകൊണ്ടു ഞാൻ ഉദ്ദേശിച്ചതു മരിച്ചപോയ ഒരാൾ വീണ്ടും ജീവിക്കുമ്പോൾ അതൊരു പുനർജ്ജന്മം ആണെന്നു വിശ്വസിക്കുന്നത് കൊണ്ടാണ്.
അങ്ങിനെ വരുമ്പോൾ ഈ രണ്ടാം ജന്മം ചില പാഠങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു അല്ലെങ്കില്‍ മനസ്സിലാക്കി തരുന്നു എന്നതാണീ പുനർജീവിതത്തിലൂടെ . ഈ മനുഷ്യ സ്നേഹിയുടെ ജന്മദിനം എനിക്കു ഇഷ്ടപ്പെട്ട ഒരു ദിനമായി മാറുന്നത്. ഈ ഡിസംബര്‍ ഇരുപത്തിയഞ്ച് എന്നത് ക്രിസ്തുവിന്റെ യഥാർത്ഥത്തിലുള്ള പിറവി ദിനം അല്ല എന്നൊരു വാദവും ചരിത്രകാരന്മാരുടെ ഇടയിലുണ്ട്. ചില രാജ്യനാളിൽ ജനുവരി ഏഴു പോലും ക്രിസ്തുവിന്റെ പിറവി ദിനമായി ആചരിക്കപ്പെട്ടിരുന്നു.
ചതിയെ , സ്നേഹത്തില്‍, വിശ്വാസത്തിൽ പൊതിഞ്ഞു കൊടുക്കുന്ന അവസരത്തിലും തിരിച്ചറിഞ്ഞിട്ടും പുഞ്ചിരിച്ച ഒരു മനസ്സിന്‍റെ വിശാലമായ നന്മയെ, ആ നന്മ, അത്തരമൊരു സ്വഭാവ വിശേഷണമാണ് യേശു എന്ന മനുഷ്യനെ മറ്റു സാമൂഹിക പ്രതിബദ്ധതയുള്ള ജന നേതാക്കളിൽ അല്ലെങ്കിൽ പരിഷ്ക്കർത്താക്കളിൽ നിന്നും വേറിട്ടു നിർത്തുന്നത്.
ഈ നന്മ നമ്മുടെ മനസ്സില്‍ നിന്നും, പൊതു സമൂഹത്തില്‍ നിന്നും അകന്നു പോയെന്നതാണ് നമ്മള്‍ അനുഭവിക്കുന്ന ഒരു ദുര്യോഗം.
പഴയ പുരോഹിത മേധാവിത്വത്തെ വെല്ലുവിളിച്ചതും അതിനെതിരെ പ്രവര്‍ത്തിച്ചതും മൂലമാണീ ക്രുശിത മരണം യേശുവിനു ഏറ്റുവാങ്ങേണ്ടി വന്നത്. ഒരു കാലഘട്ടത്തെ അപ്പാടെ കൈയടക്കി വെച്ചിരുന്ന അധികാരവർഗ്ഗത്തിന്റെ തൻ പ്രമാണിത്വത്തിനെതിരെ, അതിന്‍റെ ദുഷിച്ച പാതകളെ വെട്ടിമാറ്റി ഒരു പുതിയ വിശ്വാസത്തിന്‍റെ വാതിലുകള്‍ ലോകത്തിനു തുറന്നു തരാന്‍ കാരണക്കാരനായ ഒരു നല്ല മനസ്സിന്‍റെ പിറന്നാൾ ദിനം.
ഈ ദിനം ഡിസംബർ 25 തന്നെയാണോ എന്നു ചരിത്രകാരന്മാരുടെ ഇടയിൽ ഇപ്പോഴും ഒരു വിഷയമാണെങ്കിലും ലോകമെമ്പാടുമുള്ള ബഹുഭൂരിപക്ഷ വിശ്വാസ സമൂഹവും ഈ ജനനം കൊണ്ടാടുന്നതു ഡിസംബർ 25 എന്ന തണുപ്പുള്ള ഈ രാത്രിയെയാണ്.
എന്താണു സ്നേഹം, ത്യാഗം, സഹാനുഭൂതി ഇത്യാദി സത്ഗുണങ്ങളെ ഇതെല്ലാം സ്വന്തം ജീവിതത്തിലൂടെ കാട്ടിത്തന്ന മനുഷ്യ സ്നേഹി. അദ്ദേഹത്തിന്റെ ജനനം ക്രൈസ്തവരലാത്ത മറ്റു ജനവിഭാഗങ്ങൾ ആഘോഷിക്കുന്നുവെങ്കിൽ അതിനു കാരണം യേശു എന്ന മനുഷ്യൻ ജനസമൂഹത്തിനു മുന്നിൽ തുറന്നുവെച്ച അദ്ദേഹത്തിന്റെ ജീവിത പുസ്തകം തന്നെയാണ്.
സഹജീവികളുടെ ജീവിതദുരിതങ്ങളെ സ്വന്തം ചുമലിലേറ്റി അവരുടെ ദു:ഖങ്ങളെയും കഷ്ടപടുകളെയും അകറ്റാന്‍ ഒരു പുതു വെളിച്ചമേന്തി വന്ന മനുഷ്യപുത്രന്‍ തന്‍റെ പ്രവര്‍ത്തികളിലൂടെ മാനവരാശിക്കു വഴികാട്ടിയായി നമ്മള്‍ക്കു മുന്നേ നടന്നു. പിൽക്കാലത്തു ഈ കാ കാൽപ്പാടുകളെ അതിന്റെ ശരിയായ ദിശയിൽ പിന്തുടരാൻ കഴയാതെ വന്നതാണദ്ദേഹത്തിന്റെ പിന്ഗാമികളുടെ ഏറ്റവും വലിയ പരാജയം.
കഴിഞ്ഞ കാലപുണ്യപ്രവര്‍ത്തികള്‍ ഒരു വക്തിയെ അനശ്വരനാക്കും മഹാത്മാവാക്കുമെന്നതിനു ഏറ്റവും വലിയ ഉദാഹരണമാണു ഈ ക്രുശിത മരണത്തിന്‍റെ മൂന്നു ദിനങ്ങള്‍ക്കു ശേഷമുള്ള ഈ പുനര്‍ജീവനത്തിലൂടെ ക്രിസ്തു നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
ഈ സ്നേഹ ത്യാഗ സമര്‍പ്പണ സമ്പന്നത തന്നെയാന്നു യേശുവിനെ മഹാനാക്കുന്നതും ദൈവപാദങ്ങളിലേക്കു അദേഹത്തെ ഉയര്‍ത്തുന്നതും ഉയര്‍പ്പിച്ചതും.
കറകളഞ്ഞ ഒരു മനുഷ്യ സ്നേഹി, സഹജീവ കാരുണ്യം വാക്കിലും പ്രവര്‍ത്തിയിലും കാട്ടി, ജന്മകൂടപ്പിറപ്പായ പാപങ്ങളെ, ഇരുളിനെ വെളിച്ചം എന്ന പോലെ അകറ്റി മനസ്സിന്‍റെ പ്രകാശ വ്യാപാരത്തെ അതിജീവിപ്പിക്കാൻ , അങ്ങിനെ ഇരുളില്‍ കഴിഞ്ഞ ഒരു ജനതയെ ചരിത്രത്തിലൂടെ കൈപിടിച്ചു വെളിച്ചത്തിലേക്ക് കൂട്ടികൊണ്ടു പോവാന്‍ കഴിഞ്ഞു എന്നതാണു യേശു എന്ന മനുഷ്യന്‍റെ വിജയം.
സുഗന്ധമുള്ള പൂവിന്‍റെ ഗന്ധം അടുത്തു കിടക്കുന്ന കല്ലിനും ഉണ്ടാവും ആ സുഗന്ധമെന്നു കവി പാടിയപോലെ ഇരുവശങ്ങളില്‍ ക്രുശിക്കപ്പെട്ട കിടന്ന കള്ളന്മാരുടെ പാപങ്ങള്‍ പോലും മാറ്റി കിട്ടി. അപ്പോള്‍ ഒരു പുണ്യ മനസ്സിന്‍റെ പവിത്രത അതിന്‍റെ നന്മ ദൈവ തുല്യമെന്നതിന്‍റെ ഏറ്റവും വലിയ സാക്ഷ്യപ്പെടുത്തല്‍. അതാണ് എനിക്കു ഡിസംബര്‍ ഇരുപത്തിയഞ്ച് മുതൽ ഈസ്റ്റർദിനം വരെ യുള്ള ഈ ജീവിതം കൂടുതല്‍ പ്രിയമുള്ളതാക്കുന്നത്.
പക്ഷെ രാജ കോപത്തിനിരയായ ക്രിസ്തു പതിനെട്ടു വയസ്സുവരെ ആരാലും അറിയപെടാതെ കഴിഞ്ഞു. ഈ കാലയളവില്‍ അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ എന്താണു സംഭവിച്ചതെന്നു ഞാന്‍ എങ്ങും വായിച്ചിട്ടില്ല. ഈ ദുരൂഹതകള്‍ ഉണ്ടെങ്കിലും ക്രിസ്തു എന്ന മനുഷ്യന്‍ ലോകത്തിനു നല്‍കിയ വെളിച്ചം അതില്‍ നിന്നും പകര്‍ന്നു കിട്ടിയ സ്നേഹം വിശ്വാസം സമ്പന്നത ഒക്കെ വീണ്ടും പകര്‍ന്നു നല്‍കാന്‍ വേണ്ടി, അതിന്‍റെ ഓര്‍മ്മ പുതുക്കാന്‍ ഒരു ക്രിസ്തുമസ് കൂടി അണയുന്നു.
ഈ അവസരത്തില്‍ ജീസ്സിസിന്‍റെ ജീവിത പാത പിന്തുടരുന്ന എത്ര അനുയായികളുണ്ട് എന്നതും ചിന്തിക്കേണ്ട വിഷയം ആണു, എന്നതാണ് എന്‍റെ വ്യക്തിപരമായ ആശങ്ക.
എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് പുതുവർഷ ആശംസകള്‍.