എന്റെ അഭിപ്രായത്തിൽ എം ടി വാസുദേവൻ നായരും മുട്ടപ്പഫ്സും ചിരിക്കാറില്ല , പക്ഷെ രണ്ടു പേരും നമ്മെ കൊതിപ്പിക്കും,(സസ്യഭുക്കുകൾ ക്ഷമിച്ചേ മതിയാകൂ) അവരുടെ ഉള്ളിലിരുപ്പിന്നു എന്താ രുചി , ആഹാ .. നിധി കണ്ടെടുക്കുന്ന ആവേശത്തോടെ ഇവ രണ്ടും ആഹരിക്കുന്നവരെ ഞാൻ കണ്ടിട്ടുണ്ട് , പക്ഷെ എന്റെ രീതി വ്യത്യസ്തമായിരുന്നു, ഒറ്റയടിക്ക് വിഴുങ്ങൽ അതിപ്പോ കാലമായാലും മുട്ടപഫ്സായാലും , അതിനു ഞങ്ങടെ നാട്ടിൽ ഒരു ചെല്ലപ്പേരുണ്ടായിരുന്നു മ്ലാക്ക് മ്ലാക്ക്
മുട്ടപഫ്സ് ഞങ്ങളുടെ ഇടയിൽ ഒരു വിപ്ലവം സൃഷ്ടിച്ചത് ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്, ആ സമയങ്ങളിൽ പപ്പാ എം.ടിയുടെ കാലം എന്ന നോവൽ വായിച്ചോണ്ടിരിക്കുന്നത് ഓർക്കുന്നുണ്ട് ഞാൻ .
സ്കൂളീന്ന് നേരെ ട്യൂഷന് പോവും , അതാണ് ഞങ്ങടെ വീട്ടുകാർ പരമ്പരാഗതമായി അനുവർത്തിച്ചു വന്ന രീതി , കൊമ്പൻ പോന്നത് മോധയ്ക്കു വഴി എന്നൊക്കെ പഴമക്കാർ പറയും , സകല ഞരമ്പുകളെയും ഉണർത്തുന്നതായിരുന്നു സ്കൂളിലെ ഉച്ചയ്ക്കുള്ള അഭ്യാസം എന്നതിനാൽ കുപ്പായത്തിൽ അപ്പടി മണ്ണും പൊടിയും വിയർപ്പിന്റെ ഗന്ധവും സ്ഥാനം കൈക്കലാക്കിയിരിക്കും .ട്യൂഷൻ ക്ലാസ്സിലെ മറ്റു കുട്ടികളും നല്ല കായിക അധ്വാനം ഉള്ള കൂട്ടത്തിൽ ആയതിനാൽ വിയർപ്പിന്റെ ഗന്ധം ആരെയും അലോസരപ്പെടുത്തിയിരുന്നില്ല . കടുപ്പമേറിയ കണക്കിനെ കോട്ടുവായിട്ടു എതിരേറ്റും രസം കൊല്ലിയായ ശാസ്ത്രത്തെ പെന്സില് മുന കുത്തിയൊടിച്ചും ദീർഘമേറിയ ചരിത്രത്തെ ഇടയ്ക്കിടയ്ക്കുള്ള വെള്ളംകുടിയിലും മൂത്രമൊഴിപ്പിലും പ്രതിരോധിക്കാൻ ഞാൻ അല്ലെങ്കിൽ ഞങ്ങൾ ശ്രമിച്ചുകൊണ്ടേ ഇരുന്നു പക്ഷെ ട്യൂഷൻ ബെഞ്ചിൽ ഇരിക്കുമ്പോഴും എന്നെ ആകർഷിച്ചത് പ്രിൻസ് ബേക്കറിയിലെ കൃത്യം ആറേമുക്കാലിന് ബോർമ്മയിന്നു റിലീസ് ആവുന്ന ചൂട് മുട്ട പഫ്സാ.
ചേച്ചി പഠിപ്പിച്ചു കഴിഞ്ഞാലും അവിടുത്തെ ജിമ്മി പട്ടിയെ കളിപ്പിച്ചും നടത്തിച്ചും സമയ സൂചി തള്ളി ആറേമുക്കാൽ ആക്കും , എന്നിട്ട് ഒരൊറ്റ പോക്കാ, ചേട്ടന്റെ പിരുകം ഉയർത്തിയുള്ള ഭയപ്പെടുത്തുന്ന നോട്ടത്തിനേക്കാൾ ആവേശം തുളുമ്പുന്നതായിരുന്നു എന്റെ ആ വാചകം : “ചേട്ടാ രണ്ടു ചൂട് മുട്ട പഫ്സ് , ഒരെണ്ണത്തിന്റെ പൈസ നാളെ തരാം “
ബേക്കറിയിലെ ഫാന് ഒരു കിരു കിരാ ശബ്ദം ആയിരുന്നു,കാലത്തിന്റെ വേഗതയ്ക്കു ഒത്തു ചലിക്കാനാവാത്ത കരച്ചിൽ ആയിരിക്കാം ആ ശബ്ദം ,ഒരു പക്ഷെ അത് നന്നായി , മുട്ട പഫ്സ് ചൂടോടെ എനിക്ക് അകത്താക്കാലോ .
നെറ്റിയിലെ വിയർപ്പു കൈ കൊണ്ട് വടിച്ചു മാറ്റി , അവിടെ കണ്ട പ്ലാസ്റ്റിക് കസേരയിൽ ഇരുപ്പു ഉറപ്പിച്ചു എന്റെ മുട്ട പഫ്സിനായി കാത്തിരിക്കുന്നത് എനിക്ക് ഓർമയുണ്ട് , സ്റ്റീൽ പാത്രം അകത്തിന്നു എടുത്തു കൊണ്ട് ചില്ലു പെട്ടിയിലേക്ക് എടുത്തു വെക്കാനായി ഒരു ട്രേ നിറയെ മുട്ട പഫ്സ് ആ ചേട്ടൻ കൊണ്ട് വരുന്നത് നിർവൃതിയോടെ കണ്ടു നിന്നിട്ടുണ്ട് ഞാൻ , ഒരിക്കലെങ്കിലും ഒരു ട്രേ മുട്ട പഫ്സ് ആ ചേട്ടൻ എടുത്തുണ്ട് വന്നത് പോലെ എനിക്ക് എടുത്തോണ്ട് എങ്കിലും വരാൻ പറ്റണേ എന്നാഗ്രഹിച്ചിട്ടുണ്ട് ഞാൻ അപ്പോഴൊക്കെ . അങ്ങിങ്ങായി പെയ്ന്റിന്റെ ശകലങ്ങൾ തേച്ചിട്ടുള്ള പ്രിൻസ് ബക്കറിക്ക് പഴക്കം ഇമ്മിണി കൂടുതൽ ആണെങ്കിലും നാട്ടിൽ എല്ലാരും കല്യാണത്തിനും അടിയന്തരത്തിനും ഇവിടുന്നെ സാധനങ്ങൾ വാങ്ങൂ . കട്ടിള പടിയിൽ നരച്ച കർട്ടൻ ബോർമയ്ക്കുളിലെ കാഴ്ചകളെ മറച്ചിരുന്നു , വെന്തുരുകിയാണത്രെ അതിൽ ജോലി ചെയ്യുന്നവർ പണം ഉണ്ടാക്കുന്നത് . കാറ്റു പഴഞ്ചൻ കർട്ടനെ തള്ളി മാറ്റി . ഉള്ളിലെ കാഴ്ചകൾ എന്റെ മുന്നിൽ നൊടിയിടയിൽ മായുന്നതും ഓർമയുണ്ട് . തുടച്ചു വൃത്തിയാക്കി എന്ന് വരുത്തി തീർത്തിട്ട് ആ ചേട്ടൻ കണ്ണുരുട്ടി എനിക്ക് രണ്ടു മുട്ട പഫ്സ് ആ പാത്രത്തിന്മേൽ വെച്ച് തന്നത് എന്റെ ഓർമയുടെ രുചി കൂട്ടുന്നു ,
ആ പഫ്സിലെ മസാല പോലെ ഒഴിച്ചുകൂടാനാവാത്ത ഒന്നായിരുന്നു രശ്മി ചേച്ചിടെ ട്യൂഷനും , ചേച്ചിടെ വീട് ബേക്കറിക്ക് അടുത്താണെന്ന കാരണം കൊണ്ടാണ് എന്റെ ചേട്ടനും ഇവിടെ ട്യൂഷന് ചേർന്നതെന്നത് എന്റെ പാരമ്പര്യത്തിന്റെയോ മുജ്ജന്മത്തിന്റെയോ സുകൃതം
കാലത്തിനു കാറ്റിനേക്കാൾ വേഗത ഉണ്ടെന്നു പലപ്പോഴും തോന്നിയിട്ടുണ്ട് . ഒരു പക്ഷെ കാലം ഒഴുക്കിനൊത്തു നീന്തുന്നതായിരിക്കാം , അതിന്നു മാറ്റങ്ങൾ ഉണ്ടാവുന്നതിലുപരി കാലം മാറ്റപെടുവാണ് പുതിയ രൂപത്തിൽ, പുതിയ ഭാവത്തിൽ
എന്റെ രുചികളും മാറി , എന്റെ ഇഷ്ടങ്ങളും മാറി, രസമുകുളങ്ങൾ പഴയതൊക്കെ മറന്നു തുടങ്ങിയിരിക്കുന്നു, പുതിയവ ആയിരുന്നു തൃപ്തി, ഒരു പക്ഷെ കാലത്തിന്റെ പുതിയ പതിപ്പ്, അല്ല എന്റെ പുതിയ പതിപ്പ്
ഞാൻ എന്റെ നാട്ടിൽ ഇന്ന് എത്തി, ദുബായിൽ ഒരു സ്കൂളിലെ കായിക അധ്യാപകനാണ് ഞാൻ . എന്റെ അച്ഛൻ , പപ്പാ എന്ന് ഞാൻ വിളിക്കും , അദ്ദേഹം മരണപ്പെട്ടു , അടക്കത്തിന്നു ശേഷം പള്ളിയിൽ ചെറിയൊരു കാപ്പിയും പലഹാരവും അറേഞ്ച് ചെയ്യണം , ചേട്ടനും ഞാനും ഒരുമിച്ചു ഞങ്ങളുടെ ആ പഴയ പ്രിൻസ് ബേക്കറിയിൽ പോയ് മുന്നൂറു മുട്ട പഫ്സിന് ഓർഡർ കൊടുത്തു , പ്രിൻസ് ബക്കറിക്ക് കാര്യമായ മാറ്റങ്ങൾ ഇല്ല , അവിടെ കാലത്തിനു അതെ കുപ്പായം , കിരു കിരാ ശബ്ദത്തിൽ കറങ്ങുന്ന ഫാനും, പിരുകം ഉയർത്തി പേടിപ്പിക്കുന്ന ചേട്ടനും ഒക്കെ , പക്ഷെ വേറെയും സഹായികളുണ്ട് ഇന്ന് അവിടെ , കുര്ബാന തുടങ്ങി പകുതി ആവുമ്പോഴേ വേണം എന്ന് പറഞ്ഞു ഞങ്ങൾ ഇറങ്ങി,അവിടുത്തെ വെട്ടു ഗ്ലാസിലെ കളർ വെള്ളം കുടിച്ചിറക്കിയപ്പോ , പഴയ രുചി തന്ന ഉന്മാദമല്ലായിരുന്നു എന്റെ മനസ്സിൽ മറിച്ചു മാറ്റം സംഭവിക്കാത്ത പലതും ഉള്ളിൽ ഉണ്ടെന്ന തിരിച്ചറിവായിരുന്നു . തിരിച്ചു പോവുന്നതിന്നടയിൽ ആ പഴയ ട്യൂഷൻ ക്ലാസു വിസ്മൃതിയുടെ വാതിൽ തുറന്നു മുന്നിൽ തെളിഞ്ഞു , ഒപ്പം ആ വിയർപ്പിന്റെ ഗന്ധവും
പപ്പയുടെ ബോഡി ഇറക്കി ചടങ്ങു കഴിഞ്ഞു, കാപ്പിയും പഫ്സും കൊടുത്തു തുടങ്ങിയപ്പോഴാ ഞാൻ ശ്രദ്ധിച്ചേ :ഇല ചുമപ്പ് ബാധിച്ച ത്രികോണ ആകൃതിയിൽ രണ്ടു മടക്കുകൾക്കുള്ളിൽ എന്റെ സ്കൂൾ കാലം എനിക്ക് കാണായിരുന്നു, പൊള്ളുന്ന ചൂടിൽ വെന്തു വരുന്നതാ ഇവയൊക്കെ , അതിന്റേതാ ഈ രുചി , ഞാൻ ആ ട്രേ ഒന്ന് പൊക്കി മാറ്റി വെച്ചു, ഉരുണ്ട വീണ നീർതുള്ളി പഫ്സിന്റെ പ്രതലത്തിലേ ചൂടിൽ അലിഞ്ഞില്ലാണ്ടായി , അപ്പോഴും എന്റെ പഫ്സ് ആസ്വദിച്ചു കഴിക്കുന്നവരെ ഞാൻ കണ്ടു എന്റെ പപ്പ നോവൽ വായിക്കുന്നത് പോലെ…
പപ്പയും എനിക്ക് ഒരുപാട് മുട്ട പഫ്സ് വാങ്ങി തന്നിട്ടുണ്ട് , അടക്ക് ചടങ്ങു കഴിഞ്ഞു പള്ളിലെ കണക്കു തീർത്തു വീട്ടിൽ എത്തിയപ്പോ കറന്റ് പോയേക്കുന്നു, മെഴുകുതിരി വെളിച്ചത്തിൽ കൊന്ത പഠിക്കാൻ എല്ലാരും കുടി ഇരുന്നു
അലസമായ കാറ്റു വീടിനുള്ളിൽ കുസൃതി കാണിച്ചു, എന്തോ തട്ടി മറിഞ്ഞതിന്റെ ശബ്ദം ചിന്നി ചിതറി പ്രാർതന മുറിയിൽ എത്തി , എന്താണെന്നു നോക്കാൻ പോയപ്പോ മെഴുകുതിരി വെളിച്ചത്തിൽ ഞാൻ ആദ്യം കണ്ടത് പപ്പയുടെ മേശപ്പുറത്തെ പാതി തുറന്നു വെച്ച എം.ടീയുടെ നോവലിന്റെ പാറി പറക്കുന്ന താളുകൾ ആയിരുന്നു
എനിക്കായി കാത്തു വെച്ച എന്നവണ്ണം അതെന്നോട് പറഞ്ഞു :
ഒരു പകൽ കൂടി കടന്നു പോയ്, മറ്റൊരു വേവുന്ന പകൽ കുടി കടന്നു പോയ് ,