യഹൂദിയായിലെ ഒരു ഗ്രാമത്തിൽ പെറാൻ മുട്ടിയൊരു പെണ്ണ് കഴുതപ്പുറത്തിരുന്ന് നിലവിളിച്ചു. അവളുടെ മാപ്പിള ഓരൊ വാതിലിലും ചെന്ന് മുട്ടി അലയടിച്ചു.
ഒന്നാമത് ചെന്ന് മുട്ടിയ വീട്ടിലെ കാര്യസ്ഥൻ കിടക്കാനുള്ള ഇടത്തിന് വലിയ വാടക ചോദിച്ചു. ഉള്ളത് പെറുക്കി കൂട്ടി നൽകിയപ്പൊൾ അയാൾ അത് ആക്രാന്തത്തോടെ പിടുങ്ങി വാതിലടച്ച് കിടന്ന് കളഞ്ഞു.


രണ്ടാമത് ചെന്ന് മുട്ടിയ വീട്ടിലെ ഗൃഹനാഥ പട്ടിയെ അഴിച്ച് വിട്ടു. അഴിച്ച് വിട്ട പട്ടി പെണ്ണിന്റെ കാൽ മുത്തി കഴുതയ്ക്ക് ചുറ്റും വാലാട്ടി വലം വെച്ചു.
മൂന്നാമത് ചെന്ന് മുട്ടിയ വീട്ടിലെ ഗൃഹനാഥൻ നിരാശാഭരിതനായൊരു തത്വചിന്തകനായിരുന്നു. അയാൾ അന്നേരം ഒരു ഉത്തരത്തിൽ കിടന്ന് തൂങ്ങിയാടുകയായിരുന്നു.


നാലമത് ചെന്ന് മുട്ടിയ വീട്ടിലെ മൂത്തമകൻ ഹെറോദിന്റെ കാര്യാലയത്തിലേക്ക് വിളിച്ചറിയിക്കുമെന്ന് ഭീഷണി മുഴക്കി. ഫോൺ കുത്തി നോക്കിയപ്പൊൾ നെറ്റുവർക്ക് വിച്ഛേദിച്ചിരിക്കുന്നതായ് കണ്ട് ചെന്ന് പറയാനായി ഒരു മുണ്ടെടുത്ത് ഉടുത്തിറങ്ങുന്നതിനിടയിൽ മാപ്പിളയുടെ മുഖത്ത് തുപ്പി.


അഞ്ചാമത് ചെന്ന് മുട്ടിയ വീട്ടിലെ വേലക്കാരി പതിഞ്ഞ സ്വരത്തിൽ കഴിക്കാൻ വല്ലതും വേണോ എന്ന് ജനാല വഴി ചോദിച്ചു. അവരുടെ മുഖം ഭയം കൊണ്ട് വിവർണ്ണമായിരുന്നു.
ആറാമത് ചെന്ന് മുട്ടിയ വീട്ടിലെ വീട്ടുകാർ കള്ളൻ കള്ളൻ എന്ന് ലഹള കൂട്ടി. മാപ്പിള വേലി ചാടി ഓടി.
ഏഴാമത് ചെന്ന് മുട്ടിയ വീട് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒഴിഞ്ഞും ഭാഗികമായ് തകർന്നും കിടന്നു. അകത്തളങ്ങളിലെ നിശൂന്യത ഒരു പ്രാർത്ഥനാഗീതം ചൂളമടിച്ചു.
എട്ടാമത് ചെന്ന് മുട്ടിയ വീട്ടിലെ ഇളയമകൾ തിരിച്ചറിയൽ കാർഡ് ചോദിച്ചു. തിരിച്ചറിയൽ കാർഡ് കാണിച്ചപ്പൊൾ അത് മതിയായൊരു രേഖയല്ലെന്ന് പറഞ്ഞ് ആട്ടിപ്പുറത്താക്കി.


ഒമ്പാതാമത് ചെന്ന് മുട്ടിയ വീട്ടിലെ കുട്ടികളെ ഹെറോദിന്റെ രഹസ്യസൈനികർ കൊത്തിനുറുക്കി കൊന്ന് കൊണ്ടിരിക്കുകയായിരുന്നു. അത് കണ്ട് ഒരു നിമിഷം സ്തംഭിച്ച് പോയെങ്കിലും മാപ്പിള പെട്ടന്ന് തന്നെ തിരിഞ്ഞോടി രക്ഷപെട്ടു.
പത്താമത് ചെന്ന് കയറിയ വീട്ടുകാരോട് മാപ്പിള അനുമതിയ്ക്ക് വേണ്ടി കാത്ത് നിന്ന് മുട്ടിയില്ല. അവരുടെ തൊഴുത്തിൽ കടന്ന് പശുവിനെ മാറ്റിക്കെട്ടി ഒരു പുൽമെത്ത വിരിച്ച് പെണ്ണിനെ കിടത്തി. നെറ്റിയിലെ വിയർപ്പ് തുടച്ചു. അടയാളനക്ഷത്രം പൂത്തത് കണ്ട് കിഴക്കിന്റെ ജ്ഞാനികൾ അവരുടെ സമ്മാനപ്പൊതികളുമായ് നടന്ന് തുടങ്ങി. മലാഖമാരുടെ ഗാനം മഞ്ഞ് മണികൾക്കൊപ്പം മൗനം മണ്ണിലേക്കൂർന്നിറങ്ങി. പെണ്ണ് പെറ്റു.


ക്ഷീണിതനായ മാപ്പിള ഒന്ന് നടു നിർത്താൻ കിടന്നു. അനുമതികളുടെ വിരസലോകങ്ങളും കൊലപാതകങ്ങളുടെ നിർദ്ദയകാലങ്ങളും അയാളിൽ നിന്നും മാഞ്ഞകന്നു. ഗർഭാലസ്യം പൂണ്ട പെണ്ണും ഉറക്കമായി. അവർക്കിടയിലൊ ആണിയടിച്ച് കൊന്നാലും ഉയർത്തെഴുന്നേൽക്കുന്നൊരു സ്വപ്നം മാത്രം കൈകാലുകളിളക്കി പുഞ്ചിരി തൂവി ഉണർന്ന് കിടന്നു.
❤️

ഠ ഹരിശങ്കരനശോകൻ

By ivayana