രചന : വൈഗ ക്രിസ്റ്റി✍
ആകാശം കാണാതായതു പോലെയെന്തോ
ഒരു പക്ഷി ,
കൊക്കിലൊതുങ്ങുന്നിടത്തോളം
ആകാശം കൊത്തിയെടുത്ത്
പറക്കുന്നു
ആകാശം
അടർന്നു പോയിടത്ത്
ഒരു ചെറിയ മേഘം കൊണ്ടടച്ചുവയ്ക്കുന്നു
കിളിയുടെ വായിൽപെട്ട ,
ആകാശത്തിൽ
ഒരുതുണ്ട്
മഴമേഘവും പെട്ടുപോയിട്ടുണ്ടെന്ന്
പരിതപിക്കുന്ന ഒരൊച്ച
എങ്ങുനിന്നുമല്ലാതെ കേൾക്കുന്നു
കുന്ന് ,
ഒരു ചെറിയവട്ടം പച്ചകീറി കാത്തിരിക്കുന്നിടത്തേക്ക്
ഇനി എന്തെടുത്തൊഴിക്കുമെന്ന്
ആകാശം
വേവലാതിപ്പെടുന്നു
ഒരുപോലെ എല്ലാവർക്കും
ഒഴിച്ചു കൊടുത്തില്ലെങ്കിൽ
പരാതി വരുമെന്ന് ,
പിണങ്ങുമെന്ന് ,
മേഘം പരുങ്ങുന്നു
കിളി
വായിലൊതുക്കിയ ആകാശം
മരച്ചില്ലയിൽ ചായ്ച്ചുവയ്ക്കുന്നു
അതിൽ നിന്നൊഴുകിവീണ
മഴത്തുള്ളികളിലേക്ക്
വട്ടത്തിൽ
പച്ച കീറിയ കുന്ന്
എത്തിനോക്കുന്നു
മരം വേരനക്കി
വെള്ളത്തിൻ്റെ അവകാശം
ഉറപ്പിക്കുന്നു
ഇരുട്ടും മുമ്പേ ഈ മേഘത്തുണ്ട്
പാറിപ്പോയാൽ
ഞാനെന്തു ചെയ്യുമോയെന്ന്
ആകാശം
ആരോടെന്നില്ലാതെ അമർഷം കൊള്ളുന്നു
പെയ്യാൻ പേടിച്ച് നിൽക്കുന്ന
മേഘം
കിളിയോട്
വായിൽ പെട്ടുപോയ
മേഘത്തെ തിരിച്ചു തരൂ എന്ന്
കോപിക്കുന്നു ,
ചോദിക്കുന്നു ,
യാചിക്കുന്നു
വെള്ളമൊഴുകിപ്പോയ
വരണ്ട ആകാശത്തുണ്ടെടുത്ത്
കിളി കൂട് അലങ്കരിക്കുന്നു .
പറക്കുവാനും ഇരിക്കുവാനും
ആകാശമുള്ള കിളിപേച്ചിൽ
നേരമിരുളുന്നു
ആകാശം ,
ഇരുട്ടുകൊണ്ടോട്ടയടയ്ക്കുന്നു ..
മേഘം
പെയ്യാനുള്ള അവകാശം
കുന്നിന് തീറെഴുതിക്കൊടുത്ത്
കൺനിറഞ്ഞ് തിരികെ പോകുന്നു…
ഒരു രാത്രിയിലേക്ക് മാത്രമുള്ള
സമാധാനത്തിൽ ,
പ്രപഞ്ചം കണ്ണടയ്ക്കുന്നു