ഒഴിവു പിരിയഡിലെല്ലാം
ക്ലാസ് മുറിയിലെ ബോർഡിൽ
വെളുത്ത ചോക്കുകൊണ്ട്
വീട് വരച്ചിടുന്നൊരു
കുട്ടിയുണ്ടായിരുന്നു…..
ഇന്റർവെൽ സമയങ്ങളിൽ
ഉച്ചയൂണിനുള്ള
ഇടവേളകളിൽ,
ഒഴിവ് പിരിയഡുകളിൽ
എല്ലാം
വീട് വരക്കുന്ന ഒരു കുട്ടി…..
അവനൊഴികെ
എല്ലാവരും
അവനെ കളിയാക്കികൊണ്ടിരിക്കും…
ദിവസേനേ ഒരേ മിട്ടായി
തിന്നാൽ തന്നെ
എനിക്ക് മടുക്കുമെന്ന്
അവസാന ബെഞ്ചിലിരുന്ന്
ഭക്ഷണപ്രിയനായ ഒരു കുട്ടി
അടക്കം പറയും….
എനിക്കാണേൽ
എന്നും ഒരേ കളറുള്ള
മാലയിട്ട് വരുന്നത് തന്നെ
ഇഷ്ടമല്ലെന്ന്
കളറുകളേറെയുള്ളൊരു
മുത്തുമണിമാലയിട്ടൊരു കുട്ടി
തിരുത്തും……
അപ്പോഴും ബോർഡിൽ
വെളുത്ത വരകൾകൊണ്ട്
കൂട്ടിമുട്ടിച്ചൊരു
ഒറ്റനിലവീട് അവൻ വരച്ചിടും….
വർഷങ്ങൾക്ക് മുൻപ്
സ്വന്തമായൊരു ഭൂപടമില്ലാത്ത
രാജ്യമായിരുന്നു ഇന്ത്യയെന്ന്
ഹിസ്റ്ററിമാഷ്
ക്ലാസെടുക്കുമ്പോൾ
വരച്ച് മുഴുപ്പിക്കാത്തൊരു
വീട് സ്വപ്നം
കണ്ടവനങ്ങനെയിരിക്കും…..
അടയാളങ്ങളില്ലാതിരുന്ന
പ്രാചീനമനുഷ്യരെക്കുറിച്ച്
ടീച്ചർ ക്ലാസെടുക്കുമ്പോൾ
അടയാളപ്പെടുത്താനും
കൂട്ടിവരക്കാനും
ഒരു വീട്
ഓർത്തുവെക്കുകയാകും കുട്ടി……
രണ്ട് നിലയുള്ള വീടിനെക്കുറിച്ചും,
ഒരുനിലയുള്ള,രണ്ട് നിലയാക്കി
ഉയർത്താനിരിക്കുന്ന വീടിനെക്കുറിച്ചും
കുട്ടികൾ
മിണ്ടിക്കൊണ്ടിരിക്കെയാകും
അറിയാതൊന്ന്
വീടിന്റെ ചുമരിൽ വരച്ചതിന്
അമ്മതല്ലിയ പാട്
ചിരിച്ച് നിൽക്കുക,
“അവനാന്റെ വീടല്ലെന്ന് ഓർമ്മവേണമെന്ന്”
അമ്മ തല്ലിപറഞ്ഞത്
ഓർമ്മയിൽ വരിക…..
സ്വന്തമായൊരു മുറിയുള്ള
വീടാണ് തന്റേതെന്ന്
വീമ്പ് പറയുന്ന
കുട്ടിയെ കേൾക്കുമ്പോഴൊക്കെയും
അമ്മയുടെ തല്ലുകൊള്ളാതെ
ചുമരിൽ
വരക്കാൻ കഴിയുന്നൊരു
വീട് മതിയെന്നാകും
കുട്ടിക്ക് തോന്നുക,
സ്വന്തമായൊരു
മുറി വേണ്ട,
വീട് മതി….
നോക്കൂ…..
വീടുള്ളവർക്കും
വീടില്ലാത്തവർക്കുമെല്ലാം
വീട്
അടയാളപ്പെടുത്തിവെക്കാനുള്ള
ഒരു തിരിച്ചറിയൽ രേഖയാണ്…..
Adv Ajmal Bin Rahman