അമ്മ പകലൊക്കെ വീട്ടിൽ ഒറ്റയ്ക്കാണ്. ഏകാന്തത വല്ലാതെ അമ്മയെ ഉലയ്ക്കുന്നുണ്ട്.
ചെടികളും അലങ്കാര മത്സ്യങ്ങളും ചെറുകിളികളുമായി നല്ല ശേഖരം തന്നെയുണ്ട്. അമ്മയ്ക്ക് അവയുടെ പുതുമയും ഒഴിഞ്ഞ പോലെയുണ്ട്. ഇപ്പോൾ അവയുടെ പരിചരണം ഒരു ജോലി എന്നായിട്ടുണ്ട്.
തനിക്ക് ആകട്ടെ തിരക്ക് കഴിഞ്ഞു ഒന്നിനും നേരമില്ല. പിജിക്ക് രണ്ടാംവർഷം ആയപ്പോഴേക്കും അച്ഛൻ മരിച്ചു. ആ മരണം തികച്ചും അപ്രതീക്ഷിതമായിരുന്നു. രാത്രി ഉറങ്ങാൻ കിടന്നയാളെ മരിച്ച നിലയിലാണ് രാവിലെ കണ്ടത്.
ആത്മഹത്യയാണെന്ന് ബന്ധുക്കളിൽ ചിലരൊക്കെ രഹസ്യമായി സംശയം പ്രകടിപ്പിച്ചു.
പോസ്റ്റുമോർട്ടം നടത്തിയില്ല. ഹാർട്ട് അറ്റാക്ക് എന്നായി മറവ് ചെയ്തു
ഹോൾസെയിൽ വ്യാപാരത്തിനിടെ അച്ഛൻ കോൺട്രാക്ട് അടിസ്ഥാനത്തിൽ മിക്ക ജില്ലകളിലേക്കും തമിഴ്നാട്ടിൽ നിന്ന് പല സാധനങ്ങളും ലോഡ്കണക്കിന് ഓർഡർ ചെയ്ത് ഇറക്കിക്കൊടുത്തു.
എവിടെയൊക്കെയോ വലിയ പാളിച്ച പറ്റി. പല തിരിമറികളും നടന്നു. ബാങ്കിൽ ലക്ഷങ്ങളുടെ കടം പെരുകി.
തന്നെ ഒരു വലിയ ഉദ്യോഗസ്ഥനായി കാണാനായിരുന്നു അച്ഛന് ഇഷ്ടം.
മോഹങ്ങൾ അതിന്റെ വഴിക്ക് അസ്തമിച്ചു പോയി.
അച്ഛന്റെ മരണത്തോടെ കച്ചവടവും കുടുംബഭാരവും ഏറ്റെടുക്കേണ്ടി വന്നു.. ഇളയ രണ്ട് സഹോദരിമാരെ വിവാഹം നടത്തി
അയക്കുകയും ചെയ്തു.
രണ്ട് സ്ഥലത്ത് കൂടി ഹോൾസെയിൽ കട തുറന്നു. കൂടാതെ ഇലക്ട്രോണിക് സാധന ങ്ങളുടെ വലിയൊരു ഷോറൂം ഉണ്ട്.
കടങ്ങൾ തീരുകയും വ്യവസായം പുഷ്ടിപ്പെടുകയും ചെയ്തുവരുന്നു.
താനിപ്പോൾ അറിയപ്പെടുന്നൊരു വ്യവസായിയായി.
ഇനി തന്റെ ഊഴം എന്ന് പറഞ്ഞ് അമ്മ വഴക്കാണ്. താൻ രാത്രി വീട്ടിലെത്തുമ്പോഴേക്കും മണി പത്ത്കഴിയും.
എന്നും ഉണ്ടാകും അമ്മയുടെ പരാതി.
‘ നിന്റെ മനസ്സിൽ ഇപ്പോഴും പഴയ ആ പെണ്ണ് ഉണ്ടോ? ഉണ്ടേൽ വിളിച്ചുകൊണ്ടു വാ.’
‘ അമ്മയുടെ തമാശ ‘
‘ തമാശയല്ലെടാ ഒരിക്കൽ നീ പറഞ്ഞില്ലേ ഒരു ഊർമ്മിളയുടെ കാര്യം’
‘ ഓ അത് അന്നല്ലേ?’
‘ പോടാ കള്ളം പറയാതെ… നിന്റെ ഡയറിയിൽ ഇപ്പോഴും അവടെ ഫോട്ടോ ഉണ്ടല്ലോ!’
‘ ഞാൻ വിളിച്ചിറക്കി ഇങ്ങു കൊണ്ടുവരുവേ ‘
‘ കൊണ്ടുവാ…. നാളെ ഒന്നാം തീയതിയാ. അത് മറക്കണ്ട. ഗുരുവായൂർപ്പോക്ക് മുടക്കണ്ട. ഭഗവാനോട് പ്രാർത്ഥിക്കുക എല്ലാം ശരിയാകും’
അമ്മയോട് കൊണ്ടുവരാം എന്ന് പറഞ്ഞു.
തീർച്ചയായും.
പക്ഷേ ഊർമ്മിള എവിടെയാണ്? അവളെ കണ്ട നാൾ കൂടി മറന്നു. അവർ ഇവിടം വിറ്റ് അവളുടെ ഒരു മാമന്റെ നാട്ടിലേക്ക് പോയതായാണ് അറിവ്.
ഇനി അന്വേഷിക്കണം.
അവളെ ഇതിനകം ആരെങ്കിലും വിവാഹം ചെയ്തു കാണുമോ?
തെല്ലിട നെഞ്ചൊന്ന് കാളി.
ദൂരെയെങ്ങോ പാതിരാക്കോഴി കൂകുന്നു.
അവളെ എന്നാണ് താൻ ആദ്യം കണ്ടത്?
താൻ ഡിഗ്രി ഫൈനൽ ഇയർ ആയപ്പോഴാണ് അവൾ മറ്റൊരു കോളേജിൽ നിന്ന് ബോട്ടണി ഫസ്റ്റ് ഇയർ ഡിഗ്രിക്ക് ചേർന്നത്.
കനം കുറഞ്ഞ ഒരു വായാടി പെണ്ണ്. വെളുത്ത നിറം.
നീണ്ട ചുരുൾ മുടി. ചന്തം ഇത്തിരി കൂടിപ്പോയി.
എസ്എഫ്ഐയുടെ ഡിഗ്രി റെപ്രസെന്റേറ്റീവ് ആയി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ അവൾ മത്സരിക്കുന്നു.
‘ താൻ ബോട്ടണി ആണോ?’
‘ അതെ.’
അവൾ ഉത്തരം പറഞ്ഞു.
‘ അതായത് തലയിൽ ആളു താമസമില്ല എന്നർത്ഥം ‘
‘ കളിയാക്കണ്ട… അതിപ്പം ഏതായാലും പഠിച്ചാലേ ജയിക്കുള്ളൂ’
അത്രയും പറഞ്ഞ് അവൾ കൂട്ടുകാരോടൊപ്പം ഓടിച്ചാടി പോയി.
പോകുന്നതിനിടെ പല കുറി തിരിഞ്ഞുനോക്കുകയും കൈവീശു കയും ചെയ്തു.
അത് തന്റെ മനസ്സിൽ വല്ലാതെ ഉടക്കി.
ഓരോ കൂടിക്കാഴ്ചയിലും അവൾ തന്റെ സ്വന്തം എന്ന് മനസ്സ് മന്ത്രിക്കാൻ തുടങ്ങി.
ഒടുവിൽ വേർപിരിയലിന്റെ അവസാന നാൾ അവളൊന്നു വിതുമ്പിക്കരഞ്ഞു.
‘ ഇനി നാം തമ്മിൽ കണ്ടുമുട്ടിയെന്ന് വരില്ല’ അവൾ ഖേദം പറഞ്ഞു.
‘ ഞാൻ വരും. നീ എവിടെയാകിലും നിന്നെ കൊത്തിയെടുത്തു കൊണ്ടുപോരും’
അവൾ അന്നൊക്കെ തന്റെ മനസ്സ് നിറഞ്ഞുനിന്ന പെണ്ണാണ്!
കഴിഞ്ഞതോരോന്ന് ഓർത്തു കിടന്നു താൻ എപ്പോഴാണ് ഉറങ്ങിയത് ?
‘ ബാലഭദ്രാ…എണീക്ക് ‘
വെളുപ്പിന് അമ്മ ഉണർത്തിയതാണ്.
ഇത്തവണ യാത്ര ഗുരുവായൂർക്കുള്ള ലിമിറ്റഡ് ഫാസ്റ്റ് പാസഞ്ചറിൽ ആകാമെന്ന് കരുതി.
ഒറ്റ ബസ്സാണ് ഇറങ്ങിക്കയറുന്നതിലും ഭേദം.
വളരെ തിടുക്കപ്പെട്ടാണ് സ്റ്റാൻഡിൽ എത്തിയതും വിടാൻ തുടങ്ങുന്ന ബസ്സിൽ ഓടിക്കയറിയതും.
ബസ്സിൽ തിരക്ക് നന്നേ കുറവ്.
‘ ബാലേട്ടാ’
ഏതോ പരിചയമുള്ള ഒരു പെൺ ശബ്ദം.അയാൾ തിരിഞ്ഞു നോക്കി.
അവൾ തന്നെ. ഊർമ്മിള!
അവളുടെ മടിയിൽ ഏകദേശം രണ്ടു വയസ്സുള്ള ഒരു പെൺകുട്ടി. അതിന് മൂത്തത് അഞ്ചു വയസ്സോളം വരുന്ന മറ്റൊരു പെൺകുട്ടി. അതിനും അവളുടെ അതേ നിറവും മുഖഛായയും.
മൂന്നാളുടെ ആ സീറ്റിൽ മറ്റൊരാൾ കൂടിയുണ്ട്. അയാൾ ഏതോ മാസികയിൽ കണ്ണും നട്ടിരിക്കുന്നു. അവളുടെ ഭർത്താവ് ആകാം. അയാൾ ഊഹിച്ചു.
‘ബാലേട്ടൻ എവിടേക്കാ?’
‘ ഗുരുവായൂർക്ക്… നിങ്ങളോ?’
‘ ഇതാണ് എന്റെയേട്ടൻ… ഞങ്ങൾ നെടുമ്പാശ്ശേരിക്ക് പോവാ.
അവിടുന്ന് നാളെ വെളുപ്പിനുള്ള ഫ്ലൈറ്റില് ഡൽഹിക്ക്. ചേട്ടന് ഡൽഹിയിലാ ജോലി. സംസ്ഥാന ഫിനാൻഷ്യൽ സെക്ഷനിലെ ചീഫ് സെക്രട്ടറിയാ ‘
അത്രയും പറഞ്ഞ് അവൾ ഒന്നു നിർത്തി. ഭർത്താവിനെ ഒന്ന് തോണ്ടി വിളിച്ചു.
‘ ഇത് ബാലഭദ്രൻ… ഞങ്ങൾ ഒരേ കോളേജിൽ പഠിച്ചവരാണ്.’
അവൾ പരിചയപ്പെടുത്തി.
‘ ഇപ്പോൾ എന്ത് ചെയ്യുന്നു?’
‘ ബിസിനസ് ഫീൽഡ് ആണ് ‘
‘ കൊള്ളാല്ലോ ‘
‘ മുൻ സീറ്റിൽ ഇടമുണ്ട് ‘
അവിടേക്ക് ചൂണ്ടി രക്ഷപെടാൻ എന്നവണ്ണം അയാൾ തിടുക്കത്തോടെ പറഞ്ഞു.
‘ ചേട്ടാ കുട്ടികളും കുടുംബവും ഒക്കെ?’
അവളുടെ ചോദ്യമാണ്.
‘ അതൊക്കെ നീണ്ട കഥയാണ്.
ഏവരും സുഖമായിരിക്കുന്നു. ഇനിയൊരിക്കൽ പറയാം ഓക്കേ ‘
അയാൾ മുന്നിലേക്ക് നീങ്ങി.
ഒഴിഞ്ഞ ഒരു സീറ്റിൽ ഇരിപ്പുറപ്പിച്ചു.
മനസ്സിന് വല്ലാത്തൊരു ഭാരം.
ഒരു നഷ്ടവിചാരം. എന്തോ തെല്ലൊരു കുറ്റബോധം. അതു തീർക്കുന്ന ശൂന്യതയും. എന്തിനാണ് താൻ കള്ളം പറഞ്ഞത്?
തനിക്ക് എവിടെ മക്കൾ?
എനിക്ക് എവിടെ കുടുംബം?
അതൊക്കെ നീണ്ട കഥ പോലും! എന്താ കഥ?
ഒന്നുമില്ല!
പറയാൻ തനിക്ക് ഒന്നുമില്ല.
മൂന്നുമണിയ്ക്കെങ്കിലും ക്ഷേത്രത്തിൽ എത്തണം. ക്യൂവിൽ ഇന്ന് നല്ല തിരക്കുണ്ടാവും.
തന്റെ തലവിധി ഈ വിധം ഒക്കെ ആയിരുന്നിരിക്കണം!
ബസ്സിനു വേഗത പോരെന്ന് അയാൾക്ക് തോന്നി!!

By ivayana