രചന : സതി സുധാകരൻ പൊന്നുരുന്നി ✍
വിട പറഞ്ഞകലുവാൻ കാത്തിരിക്കുന്ന നീ
തിരികെ വരില്ലെന്നു ചൊല്ലിയില്ലേ?
തേങ്ങുന്ന ഹൃദയമായ് പോകാനൊരുങ്ങുമ്പോൾ
നല്ലോർമ്മയാണെന്നുമെന്റെയുള്ളിൽ .
കയ്പ്പും മധുരവും നീറുന്നൊരോർമ്മയും
ഒരു പോലെപങ്കിട്ടെടുത്തുനമ്മൾ.
പള്ളിപ്പെരുന്നാളും, ഉത്സവാഘോഷവും
എല്ലാം നാം ഒന്നിച്ചു കൂടിയില്ലേ…
ക്രിസ്തുമസ്സ് രാവു കടന്നുപോയി
പുതുവത്സരത്തിന്റെ ഘോഷമായി.
നാടും നഗരവും ഒന്നു പോലെ
നക്ഷത്രപ്പൂക്കൾ വിരിഞ്ഞു നില്പു.
പുതുമണവാട്ടിപോൽ ചമഞ്ഞൊരുങ്ങി
പുതു വർഷം വേലിക്കൽ വന്നു നില്പൂ
പോകാനൊരുങ്ങുന്നോരെൻ വർഷമേ
നിന്നെ വിളിക്കാനിന്നാരുമില്ല!.
തിരികെ വരുമെന്നോർത്തു ഞാനും,
വെറുതേ മോഹിച്ചു നിന്നു പോയി.
പുതു വർഷം എന്തെന്നറിയാതെയീ
പുഴകളും നദികളും ഒഴുകിടുന്നു.
കാറ്റുവീശുന്നൊരു പൂമരക്കൊമ്പിലും
കിളികളും പാട്ടുകൾ പാടിടുന്നു.
മനുജർക്കുമാത്രമാണാ ഘോഷരാവുകൾ
എല്ലാം മറന്നൊന്നു നൃത്തമാടാൻ.