എന്താണ് നായേ നിനക്കിത്ര ശുണ്ഠിയെൻ
പത്ര പാരായണം നിത്യം കാഴ്ചയല്ലേ
എത്രയാ വാർത്തകൾ പീഢനം താഢനം
കുത്തിക്കൊലപ്പെടുത്തുന്നച്ഛനെ പുത്രനും പുത്രനെയച്ഛനും
പുത്രി, ശോകത്താൽ കരയുന്നു
പുത്രീശോകത്താൽ കരയുന്നു മാതാവും
കണ്ണുകണാത്തൊരാൾ ദാ..
വണ്ടിതട്ടിപ്പിടയുന്നു
കണ്ണുകാണുന്നോരാപ്പിടച്ചിൽ റീലാക്കി
മാറ്റുന്നു പോസ്റ്റുന്നു..
വൈറലായി മാറുന്നു ലൈക്കുകൾ ഷെയറുകൾ കുന്നുകൂടി മറിയുന്നു
വണ്ടി തട്ടിപ്പിടഞ്ഞവൻ ചാകുന്നു
ഓന്റെ കുഞ്ഞുകുട്ടിപ്പരാധീനം
നെഞ്ചത്തടിച്ച് കരയുന്നു
കണ്ണുകാണുന്നോരാക്കരച്ചിൽ റീലാക്കി മാറ്റുന്നു പോസ്റ്റുന്നു..
വൈറലായി മാറുന്നു ലൈക്കുകൾ ഷെയറുകൾ കുന്നുകൂടി മറിയുന്നു
ഒന്ന് വായിക്കട്ടെടോ ഞാനകന്താള്
കണ്ടോ നീ നായേ മണിപ്പൂരിൽ
കുഞ്ഞുങ്ങൾ പെണ്ണുങ്ങൾ
തെരുവുടുത്തോടുന്നത്
എന്ത് ചെയ്യാൻ സ്വന്ത- രാജ്യത്തഭയാർഥികളാകുന്ന പൗരർ
എന്ത്‌ ദയനീയം
ഭയാനകമൊന്ന് കുരയ്ക്കേടോ
നീയെന്തൊരു നായെടോ..പ്ഫാ..
ഒന്നു കുരയ്ക്കുവാൻ പോലുമാകത്ത
ഞാനൊരു പൗരപ്രമാണി
നായേ നീയൊരു ഭാഗ്യവാൻ
നീ പൗരനല്ലല്ലോ..
പള്ളിവേണ്ടമ്പലവും വേണ്ട
വെച്ചുണ്ണാൻ റേഷൻ വേണ്ട
വെച്ചു വിളമ്പാൻ പൊണ്ടാട്ടി വേണ്ട
സെക്സിനാണെൽ മറ വേണ്ട
മറ്റു സദാചാര പട്ടികളെ
പേടിക്കുകയും വേണ്ട
എന്തൊരു പുണ്യ ജന്മമാണെടോ താൻ
നാ നടന്നിട്ട് കാര്യമില്ലെന്നാര്
പറയുന്നു
എന്തുവാടോയിതിന്ന് നീ വീണ്ടും വീണ്ടും
മുണ്ടിൻ കോന്തല കടിച്ചു വലിച്ചു കുരയ്ക്കുന്നതെന്തിനോ
ഒട്ടുനേരം മടുത്തു ഞാൻ നായയെ
പത്രം ചുരുട്ടിയൊരു കൊട്ടും കൊടുത്തു
കഷ്ടം ദയനീയമവന്റെ നോട്ടമാ
ചിത്തത്തിലെന്തോ കലങ്ങി മറിയുന്നു
പിന്നെയും പിന്നെയുമെന്നെ നോക്കിക്കരഞ്ഞവൻ നീട്ടിക്കുരച്ചവൻ
മുള്ള് വേലിക്കപ്പുറമുള്ള
പാഴ്പ്പറമ്പിലേക്കോടുന്നു..
പാഴ്പ്പറമ്പിലിന്നെത്ര പൂക്കൾ
മഞ്ഞ വിരിപ്പിന്റെ
കോളാമ്പിപ്പൂക്കൾക്കെന്ത്‌ ഭംഗി
ഈ ഭംഗികളൊക്കെയും ഞാൻ
കാണാതെ പോകുവതെന്തേ?
പിന്നെയും നാ വന്നെന്റെ മുന്നിലായ്
നിന്ന് കിതച്ച് നാക്കുതള്ളി
വെള്ളമുതിർക്കുന്നു
കൈസർ നിനക്കിന്നെന്ത്‌ പറ്റി?
ഞാനുമാ വേലിപ്പടർപ്പിൽ
ചെന്നു നോക്കുമ്പോഴൊ
നീറുകൾ തിന്നുതീരുന്ന
പിഞ്ചു ചോരക്കുഞ്ഞൊന്നതാ
വേലിമുള്ളിൽ കിടന്നു പിടയുന്നു
കണ്ണിലാകെയുറുമ്പുകൾ
കട്ടച്ചോരയാൽ പൊതിഞ്ഞ ദേഹവും
നൂല് പോലുള്ള പൊക്കിൾ കൊടിയും
നായ ദൈന്യഭാവത്തിലെന്നെ നോക്കുന്നു..മുരളുന്നു
നായയതിനെന്ത് സ്നേഹം നാവിനാൽ
നീറും ചോരയും നക്കി നക്കിത്തുടക്കുന്നു
കണ്ടു വന്ന വഴിപോക്കർ നായയെ
കല്ലെടുത്തെറിഞ്ഞോടിക്കുന്നു
എന്തു ചൊല്ലുവാൻ വകതിരിവില്ലാത്ത
മർത്യനിതെന്നു നന്നാവാനീ ഭൂമിയിൽ
കുഞ്ഞു മോളാണ് പെണ്ണാണ്
ചോരക്കുഞ്ഞാണ്l
രക്തവർണ്ണവിരലുകൾ
സ്ഫടികത്തുണ്ടു പോൽ തിളങ്ങുന്നു
മൺമറഞ്ഞെന്നേ പോയ ഭാര്യ
തന്നാദ്യ പ്രസവത്തിൽ
മൺമറഞ്ഞു പോയ-
അക്കുരുന്നിനെയോർത്തു ഞാൻ
ചേർത്തു ഞാനെന്റെ നെഞ്ചിലേക്ക്
അക്കുഞ്ഞിനെ
ആർത്തനാദം പോലെൻ നാ തൻ
കരച്ചിൽ ദൂരെ ദൂരെ കേൾക്കാം..
എങ്ങ് പോയോ നായ ഒളിച്ചുവോ
അന്തിയായിട്ടും കാണുന്നതുമില്ല..
എന്റെ ഗേറ്റിനും പരിഭ്രമം
നായയാണല്ലോവതിന് കൂട്ട്
കുഞ്ഞു ചോരക്കുഞ്ഞിന്റെ ദേഹം തുടച്ചു കുളിപ്പിച്ചന്തിയിൽ പാല്
കുടിച്ചവളൊന്നു ചിരിച്ചു..
എത്ര നക്ഷത്രങ്ങളീ ഭൂവിലേക്ക്
ചിത്തം സ്ഫുടം ചെയ്തിറങ്ങി വരുന്നു
അത്ര സുന്ദരമീ ഭൂമി കുഞ്ഞുങ്ങ-
ളിങ്ങനെ ചിരിച്ചു മറിയുമ്പോൾ
കുഞ്ഞൊരു തൊട്ടില് കെട്ടി ഞാൻ
മച്ചിലായ് നല്ലൊരു ഗാനവും
പാടിയുറക്കി ഞാൻ
പണ്ടെത്ര തോട്ടില് കെട്ടിയോൻ
ഇന്നീ
കൊട്ടിലിലൊറ്റയ്ക്കിരിക്കുമ്പോൾ
കുഞ്ഞേ നീയാണിനിയെന്റെ ജീവൻ
പാതിരാ നേരവും ഞാനുറങ്ങീല
ദൂരെയെങ്ങോ ഒരാൾക്കൂട്ടമലറുന്നു
തീപ്പന്തങ്ങളും പടക്കങ്ങളും പിന്നെ
ഭ്രാന്തെടുക്കുന്നീ ഗ്രാമഭൂമികയാകെ
ദൂരെയെങ്ങോ ഒരു നായ തേങ്ങി മോങ്ങുന്നു..
കൈസറാണോ ആകാതിരിക്കട്ടെ
ഭ്രാന്തെടുക്കുന്ന മാനുഷാ ഭ്രാന്ത്
നായക്കല്ല നിനക്കെന്ന് നിശ്ചയം

സുരേഷ് പൊൻകുന്നം

By ivayana