രചന : ബിനു. ആർ✍
അശ്വഥാമാവ് കേഴുകയാണ് ഇപ്പോഴും.
സഹസ്രാബ്ധങ്ങൾക്കു മുമ്പ് കുരുക്ഷേത്രയുദ്ധം കഴിഞ്ഞു ശാന്തരായി ശയനം ചെയ്തിരുന്ന പാണ്ധവപ്പടയെ രാത്രിയിൽ ഒറ്റയ്ക്ക് മുച്ചൂടും മുടിച്ചെന്ന ഒരേയൊരു കർമ്മമാണ് താൻ ചെയ്തത്.
ആത്മാവായി അലയാൻ തുടങ്ങിയിട്ട് എത്ര സഹസ്രാബ്ദങ്ങൾ കഴിഞ്ഞെന്ന് ഗണിച്ചുനോക്കിയിട്ടും തെറ്റിപ്പോകുന്നു. സന്തതിപരമ്പരയിൽപെട്ടവരിൽ ആരെങ്കിലും ഒരാൾ തനിയ്ക്കായി ഒരു ഉരുള ബലിച്ചോർ നൽകിയിരുന്നെങ്കിൽ ഇനിയെങ്കിലും തനിയ്ക്ക് മോക്ഷം കിട്ടിയേനെ!.
ഈ കലിയുഗത്തിൽ അമ്മപെങ്ങന്മാരെ പീഡിപ്പിച്ചു കൊലചെയ്തവർ പോലും ബലിതർപ്പണം കിട്ടി സന്തോഷാശ്രുക്കൾ പൊഴിച്ച് തന്നെ കൊഞ്ഞനംകുത്തി തന്റെ ചുറ്റും പറന്നു നടക്കുന്നു, മോക്ഷം കിട്ടിയില്ലെങ്കിൽ പോലും..!
എന്നാണ് തനിക്ക് മോക്ഷം കിട്ടുക! മോക്ഷം കിട്ടാതെ ഈ ഉലകത്തിൽ എത്ര നാൾ ചുറ്റേണ്ടിവരും! ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ! എപ്പോഴെങ്കിലും, ഒരു തവണയെങ്കിലും, നാരായണാനാമം ജപിച്ചാൽ പോലും മോക്ഷമെന്ന് ഭാഗവഗീത പറയുന്നു…
പക്ഷേ, യമധർമൻ പറഞ്ഞിരിക്കുന്നു, ഒരു ബലിതർപ്പണം നിനക്കായി ആരെങ്കിലും ചെയ്താലേ മോക്ഷം തരാൻ പറ്റുള്ളുവെന്ന്!
ആത്മാവായ താൻ ആരോട് കേഴും ഒരു വറ്റിന് വേണ്ടി .. ഒരു കുടന്ന നീര് തനിയ്ക്കായി അർപ്പിക്കാൻ..!.
താൻ മരിച്ചുപോയെന്ന് കളവു പറഞ്ഞു തന്റെ അച്ഛനെ കൊന്നവർ, കളവ് പറഞ്ഞവനും കൊന്നവനും,എന്നേ മോക്ഷം നേടിപ്പോയി.
തുടയ്ക്കടിച്ചു വീഴ്ത്താൻ പാടില്ലെന്ന യുദ്ധധർമ്മം മറന്ന്,കൗരവ രാജനെ തുടയ്ക്കടിച്ചുവീഴ്ത്തി കൊന്ന പാണ്ഡവ രണ്ടാമൻ പാണ്ഡവരുടെ മോക്ഷയാത്രക്കിടയിൽ ആദ്യമേ മോക്ഷം നേടിപ്പോയി.
ചില ചിത്രങ്ങൾ ഓർമയിൽ തെളിയുന്നില്ല. എങ്കിലും, പലരും പലപ്പോഴും ചോദിച്ചിരുന്നു, കുട്ടിയായിരുന്നപ്പോൾ പാല്ലെന്ന്പറഞ്ഞ് കൗരവർ അരിമാവ്കലക്കിത്തന്നിട്ടും നീയെന്തേ യുദ്ധത്തിൽ കൗരവപക്ഷം ചേർന്നതെന്ന്! ഒന്നേ പറയാനുള്ളു, ജയിക്കുന്നപക്ഷത്ത് നിൽക്കുവാനാണ് ഏത് നിഷ്പക്ഷമതിയും ആഗ്രഹിക്കുന്നത്.
ആയിരം അക്ഷ്വഹിണി പടയും,നാല് അക്ഷ്വഹിണിപടയും അണിനിരക്കുമ്പോൾ സാമാന്യബോധമുള്ളവൻ ആരുടെകൂടെ നിൽക്കും..!അതെ താനും ചെയ്തുള്ളു.
പിന്നെ എന്റെ അച്ഛൻ ഇവരുടെയെല്ലാം ഗുരു കൗരവപക്ഷത്ത് ചേർന്നപ്പോൾ എനിക്കും മറിച്ചുചിന്തിക്കാനായില്ല.അല്ലെങ്കിൽ അച്ഛനെതിരെ എനിക്ക് യുദ്ധം ചെയ്യേണ്ടി വരില്ലേ!
പാണ്ധവപക്ഷത്തെ വില്ലാളിവീരന് തന്റെ ആവനാഴിയിലുള്ള എല്ലാ ആയോദ്ധനാമന്ത്രങ്ങളും പറഞ്ഞുകൊടുത്തിട്ടുണ്ടെങ്കിലും, ഒട്ടുമിക്കതും എനിക്കും അച്ഛൻ പറഞ്ഞു തന്നിട്ടുണ്ടാകുമെന്ന് വെറുതേ നിനച്ചുപോയി.
പക്ഷേ അയാളുടെ പോരാട്ടവീര്യത്തിൽ തനിക്ക് യഥാർത്ഥത്തിൽ കുശുമ്പ് നിറഞ്ഞിരുന്നുവോ എന്നൊരു തോന്നൽ ഇപ്പോൾ മനതാരിൽ വരുന്നുണ്ട്..
അന്ന് പഞ്ചാലരെ എല്ലാവരെയും കൊല്ലണമെന്ന് മനസ്സിൽപോലും നിരീചിട്ടില്ല… പഞ്ചവരെ മാത്രമേ… എന്നുമാത്രം.. പക്ഷേ ഇരുട്ടിൽ അവർ രക്ഷപെട്ടു.
ഇന്ന് കർക്കിടകവാവിനെങ്കിലും തന്റെ പരമ്പരയിൽപ്പെട്ടവർ ആരെങ്കിലും വന്ന് തനിക്കും വേണ്ടിക്കൂടി ഒരു ബലിതർപ്പണം കിട്ടാൻ തരമുണ്ടോ എന്നറിയാൻ തിരുവല്ലത്ത് പോയി നോക്കി. അവിടെ വന്നവർ എന്തോ ഒക്കെ ചെയ്യുന്നു. കർമ്മികൾ പറഞ്ഞുകൊടുക്കുന്നത് ഒരു പ്രാർത്ഥന പോലുമില്ലാതെ യാന്ത്രികമായി ചെയ്തുപോകുന്നു..
ആരോ വിളിച്ചുപറയുന്നതുപോലെ താങ്കളുടെ ആരോ… ആലുവ മണപ്പുറത്ത് എത്തി എന്ന് കേട്ട് ത്ധടുതിയിൽ അവിടെയെത്തി… പക്ഷേ, നിരാശയായിയുന്നു ഫലം..
പിന്നെ തിരുനെല്ലിയിൽ പോയി നോക്കി.. അവിടെ ഉല്ലാസമായി വരുന്നവർ ആർക്കോവേണ്ടി എന്തൊക്കെയോ ചെയ്തു കുളിരിൽ മുങ്ങിക്കുളിച്ചു കടന്നുപോയി…
ഇത്തവണയും തനിക്കാരും ബലിതർപ്പണം ചെയ്തില്ലെന്ന തിരിച്ചറിവിൽ അയാൾ ഉലകം ചുറ്റും വാലിബനായി അന്തരീക്ഷത്തിലേക്ക് ഉയർന്നുപൊങ്ങിപ്പോയി…. അടുത്തവാവിനെങ്കിലും… ആരെയെങ്കിലും കണ്ടെത്താമെന്ന പ്രതീക്ഷയിൽ,ആരെങ്കിലും തനിയ്ക്കായി ഒരു തർപ്പണം ചെയ്തേക്കാമെന്ന പ്രതീക്ഷയിൽ…
മോക്ഷം ഇപ്പോഴും അകലെ…
–0–
ബിനു. ആർ