രചന : മംഗളാനന്ദൻ✍
ഒരുവട്ടവും കൂടി
കർമ്മസാക്ഷിയെ ചുറ്റി-
വരുന്ന ഭൂഗോളമീ
“ഡിസംബർ” കടക്കുന്നു.
സ്ഥലരാശികൾ താണ്ടു-
മീ, പരിക്രമണത്തിൻ
ഫലമായുണ്ടാകുന്ന
ചാക്രീകവ്യവസ്ഥയിൽ
ഋതുഭേദങ്ങൾ തുടർ-
ക്കഥയായീടും മണ്ണിൽ
പുതുവത്സരങ്ങളെ
കാത്തു നാമിരിക്കുന്നു.
മഴയും മഞ്ഞും പിന്നെ
വേനലുമിടക്കിടെ
വഴിമാറുന്നു, കാലാ-
വസ്ഥകൾ പിണങ്ങുന്നു.
അതിവൃഷ്ടിയുമനാ-
വൃഷ്ടിയും, ഋതുക്കൾതൻ
വ്യതിയാനവും ഭൗമ-
ഗോളത്തെക്കുഴക്കുന്നു.
ഭോഗിയാം മനുഷ്യന്റെ
ചൂഷണം സഹിയാതെ
രോഗശയ്യയിലെപ്പോൽ
ഭൂതലം തപിക്കുന്നു.
മതവൈരവും പിന്നെ
മദമാത്സര്യങ്ങളും
ക്ഷിതിയിലശാന്തിയാം
ദുരിതം വിതയ്ക്കുന്നു.
കടുത്ത യാഥാർത്ഥ്യങ്ങൾ
മുള്ളുവേലികൾപോലെ
തടസ്സമുണ്ടാക്കുന്നു
ജീവിത വഴികളിൽ.
മികച്ച സംസ്കാരങ്ങൾ
വളർന്ന രാജ്യങ്ങളിൽ
തകർന്നു കിടക്കുന്നു
നഗരപ്പൊലിമകൾ.
പകയ്ക്കു പകപോക്കാൻ
തോക്കുകളൊരുങ്ങുന്നു.
പകലും രാവും ഭയ-
മുറഞ്ഞു കിടക്കുന്നു.
കുരുതി നടക്കുന്ന
തെരുവീഥികൾതോറും
നരജന്മങ്ങൾ ഭ്രാന്ത-
മലഞ്ഞു നടക്കുന്നു.
പണമില്ലാഹാരത്തി-
നെങ്കിലും, സാമ്രാജ്യങ്ങൾ
അണുവായുധത്തിന്റ
ശേഖരമൊരുക്കുന്നു.
ഒരിക്കൽ പോലും നേരി-
ലറിയാത്തവർ തമ്മിൽ
നിരത്തിലാർക്കോവേണ്ടി
കൊല്ലുന്നു, മരിക്കുന്നു.
ഒരു മാറ്റവുമില്ലാ-
തപ്പൊഴും തിരിയുന്നു
സ്ഥിരവേഗത്തിൽ ഭൗമ-
ഗോളമീപ്രപഞ്ചത്തിൽ.
പകലോൻ നിസ്സംഗനാ –
യങ്ങനെയെരിയുമ്പോൾ ,
പകലും രാവും ചിറ-
കടിച്ചു പറക്കുന്നു.
ഇടയ്ക്ക് ക്രൗര്യത്തിന്നു
വാൾമുനയൊടിയുന്നു,
വെടിനിർത്തലിന്നൊരു
ധാരണയുണ്ടാകുന്നു.
ചേരികൾ തിരിയുന്നു
നാളുകൾ കൊഴിയവേ,
പോരുകൾ മുറുകുന്നു
സ്വാർത്ഥവും വളരുന്നു.
പുതിയ പ്രതിജ്ഞകൾ
മനുഷ്യൻ മറക്കുന്നു
പതിയെ വീണ്ടും പട-
യൊരുക്കം തുടങ്ങുന്നു.
ഇരുപത്തൊന്നാം ശത-
കത്തിനു യുവത്വമാ-
ണിനിയും നമുക്കാശ
കൈവിടാതിരുന്നിടാം.
വെറുപ്പിൻതത്വങ്ങളെ
വെടിയാമെങ്കിൽ,യുദ്ധ-
വെറികളൊടുങ്ങുന്ന
വത്സരം പിറന്നേക്കാം.
പുതുവത്സരം വീണ്ടും
പിറവിയെടുക്കുമ്പോൾ
പുതിയ പ്രതീക്ഷകൾ
പിന്നെയും വിരിയുന്നു.
ഗതകാലത്തിൻ വ്യഥ-
കൾക്കു സാന്ത്വനമാവാൻ
പുതുവർഷത്തിൽ കുളിർ-
മഴ കാത്തിരിപ്പൂ നാം.
().