അരങ്ങൊഴിയുന്നു ഞാനീ ഭൂവിൽ നിന്നും
വഴിയേകിടട്ടേ പുതുവത്സരത്തിനായ്
അരുതാത്ത നാളുകൾ വന്നുഭവിച്ചതാം
സ്മരണയും കൂടെ ഞാൻ കൊണ്ടുപോയീടട്ടേ!…
മധുരിക്കും നാളുകൾ നിങ്ങൾക്കായ് ഏകുവാൻ
മനമാകെയെന്നും കൊതിക്കയാണെന്നാൽ
ദുർവിധിയെക്കാൾ ക്രൂര മനസ്സിന്നുടമയാം
മനുഷ്യരാൽ ദുരിതം നിറഞ്ഞാടുടിന്നിതാ…
അധികാര മോഹവും വാശിവൈരാഗ്യവും
ഗാസയിലെ തീമഴപോൽ തിമിർക്കുന്നു
സത്യവും ധർമ്മവും കെട്ടിടക്കൂനയിൽ
പ്രാണനു വേണ്ടി യാചിച്ചിടും കാഴ്ചകൾ …
കുഞ്ഞിളം പൂക്കൾ പോൽ നിർമ്മലമായതാം
കുഞ്ഞുങ്ങൾ പീഢനമേറ്റു പുളയുന്നു
കുഞ്ഞിനെ ‘കണ്ണ്’
പോൽ കാക്കേണ്ട മാനവൻ
‘കാമക്കുന്തം’ കുരുന്നിൽ ചൊരുകി രസിക്കുന്നു…
ഭൂകമ്പ ഭീതിയും പ്രളയ ദുരന്തങ്ങളും
അങ്ങിങ്ങു നാശം വിതച്ച് വന്നീടുന്നു
ഇന്നലെ ഭീതിയൊഴിഞ്ഞു പോയെന്നതാം
കോവിഡ് പുതുശക്തിയോടെ വന്നെത്തുന്നു…
വാർദ്ധക്യത്തിൻ യാതന തിന്നുന്ന വൃദ്ധരെ
കാക്കേണ്ട കൈയ്യുകൾ കണ്‌ഠം ഞെരിക്കുന്നു
വിദ്യാലയത്തിൽ അക്ഷരജ്ഞാനം നേടാൻ
പോയ് വരും ബാല്യങ്ങളെ റാഞ്ചിയെടുക്കുന്നു..
ഇങ്ങനെ കാഴ്ച്ചകളെത്ര കണ്ടൂ പാരിൽ
കണ്ണീറനായ്.. ഞാൻ തിരിച്ചു പോയിടട്ടേ!..
നല്ല സന്തോഷ സുദിനങ്ങളേകാൻ വന്ന
പുതുവത്സരത്തിന് ആശംസ ഞാൻ നേരുന്നു….

കോട്ടുകാൽ സത്യൻ*

By ivayana