രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍
ഓർക്കുവാനൊരുപാടുവേദനകൾ
ചാർത്തിയീവർഷം വിടചൊല്ലുമ്പോൾ
നേർത്തപ്രതീക്ഷതൻ കൂടൊരുക്കി
ചേർന്നിരിക്കാമിനി പുതുവർഷത്തിൽ
പ്രാർത്ഥനയോടെ വരവേൽക്കുനാം
സ്വാർത്ഥതയില്ലാത്ത വരപ്രസാദമായി
കീർത്തനങ്ങൾചൊല്ലി പ്രതീക്ഷയോടെ
സ്വാഗതം…………നവവർഷസുദിനങ്ങളേ
കോർത്തൊരുജപമാല പോലെയുള്ളിൽ
മന്ത്രണംചെയ്യുക, പ്രാർത്ഥിക്കുക
വന്നണയുന്ന നവവർഷപ്പുലരിയെ നാം
വരവേൽക്കുക ഹർഷാരവങ്ങളോടേ
ഗതകാലവർഷത്തിൻ കണക്കെടുപ്പ്
ഇതുകാലാകാലമായ് കാണുന്നതല്ലേ
ഇവിടെത്തിരുത്തി നാം വീഴ്ചകളെല്ലാം
ഇനിയോരോ നേട്ടമായ് കൊയ്തെടുക്കാം
ഓർമ്മയിൽമറയട്ടെ നൊമ്പരങ്ങൾ
ഓർക്കുവാൻകഴിയട്ടെ പുതുസങ്കല്പങ്ങൾ
ഓടിത്തളർന്നെങ്ങും വീണുപോകാതെ
ചേർത്തുപിടിക്കുക പുതുവർഷമെന്നും.