ഇരുപത് കൊല്ലങ്ങൾക്ക് മുമ്പ് കോഴിക്കോട് ഫാർമസി കോളേജിൽ അഡ്മിഷൻ എടുത്തപ്പോ ഞങ്ങളുടെ ബാച്ചിൽ വയനാട് നിന്നും ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ..
അന്ന് എന്റെ ഹോസ്റ്റൽ മേറ്റായ, ഒരിക്കൽ പോലും വയനാട് കണ്ടിട്ടില്ലാത്ത മലപ്പുറത്തുള്ള കൂട്ടുകാരിയുടെ ഉമ്മ ഫോൺ വിളിച്ചപ്പോ വിശേഷം പറയുന്ന കൂട്ടത്തിൽ അവൾ എന്നെക്കുറിച്ചും പറഞ്ഞു..
“ഇമ്മാ.. ഇന്റെ ക്ലാസില് വയനാട്ള്ള ഒരു കുട്ടിണ്ട്.. ഹോസ്റ്റലിലും ഞങ്ങള് ഒരുമിച്ചാണ്… “
“ഇയ്യ് ഓളെ കൂടെ കെടക്കൊന്നും ചെയ്യല്ല ട്ടോ… ന്തോ ജാദി മണല്ലേ… കുളിക്കലും തിരുമ്പലും ഒക്കെ ണ്ടോ..”
ഇതായിരുന്നു ഓൾടെ ഉമ്മ പറഞ്ഞ മറുപടി..
ഒരു കാലത്ത് വയനാടെന്ന് പറഞ്ഞാ ഒരു വിധം ആൾക്കാരുടെയൊക്കെ കാഴ്ചപ്പാട് ഇങ്ങനെയായിരുന്നു..
പെരും കാടാണ്… അന്തം കമ്മികളാണ്.. വൃത്തിയും മെനയും ഇല്ലാത്തവരാണ്…
പക്ഷേ കാലം മാറി.. വയനാടിന്റെ കോലം മാറി… കലണ്ടറിൽ രണ്ട് ചുവപ്പ് അക്കം അടുപ്പിച്ച് വന്നാൽ ചുരത്തിൽ മണിക്കൂറുകളോളം നീണ്ട ബ്ലോക്കായി… അവധി ദിവസങ്ങളിൽ റോഡിലെ വാഹനങ്ങള് കണ്ടാൽ വയനാട് ജില്ലയുടെ പേര് മാറ്റി മലപ്പുറം എന്നാക്കേണ്ട സ്ഥിതിയായി..
ഒട്ടേറെ ടൂറിസ്റ്റ് സ്‌പോട്ടുകളും വേറിട്ട ഭക്ഷണ രീതികളും വന്നു.. സിനിമ, വ്യവസായ, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരിൽ വയനാട്ടുകാരും ഇടം പിടിച്ചു…
കലാ സാംസ്കാരിക രംഗത്തും മികച്ച മാറ്റങ്ങൾക്കായി വയനാട്ടിലെ കലാകാരൻമാർക്കിടയിൽ തന്നെ പ്രവർത്തനങ്ങൾ നടന്ന് കൊണ്ടിരിക്കുന്നു..
അതിനൊപ്പം കരുത്തായി താങ്ങായി മികച്ച എഴുത്തുകാരെ, മികച്ച കഥകളെ, കവിതകളെ മലയാളക്കരയിലേക്കെത്തിക്കാൻ ഹാംലറ്റ് ഉണ്ട്..
ദേ… അത് പോലൊരു പെൺകവി..
‘നോക്കൂ,
ഇങ്ങക്കറിയ്യോ
ങ്ങള് അനുഭവിച്ചിനോ
സ്നേഹത്തിന്റെ മണം,
എനിക്ക് അനുഭവപ്പെടാറുണ്ട്.
ചിലപ്പോഴൊക്കേം സ്നേഹത്തിനു
നാരങ്ങ പിഴിഞ്ഞ് ണ്ടാക്കിയ
കട്ടൻ ചായേന്റേം ചൂടുള്ള
പരിപ്പ് വടന്റേം മണാ..
ചിലപ്പോ ഒറ്റമുറി വീട്ടിൽ
കട്ടിലിൽ കാലഹരണപ്പെട്ടുപോയ
ചില്ലറ പൈസപോലെ ഉന്തി നിൽക്കണ
വാരിയെല്ലിലേക്ക് പടർന്നിറങ്ങണ
കുഴമ്പിന്റേം പച്ചമരുന്നിന്റെം മണാ..’
എന്തായിട്ടെന്താ… വയനാട്ട്കാരല്ലേ എന്ന പരിഹാസം ഈ അടുത്തും കേട്ടിട്ടുണ്ട്..
അപ്പോ മാത്രം ഞങ്ങൾ അന്ധർ ബധിരർ മൂകർ ആവും..
കാലം വയനാടിന്റെ തെളിച്ചം തെളിയിച്ച പോലെ കലയും തെളിയും.. ഞങ്ങള് തെളിയിക്കും.. ഉറപ്പ്..
മികച്ച രചനകൾ കൊണ്ട് വിസ്മയം തീർക്കുന്ന സഫൂ വയനാടിന്റെ പുസ്തകം ഹാംലറ്റ് പ്രസിദ്ധീകരിക്കുകയാണ്. നിങ്ങൾ എല്ലാവരും കൂടെയുണ്ടാകണം..
Shabna Shamsu❤️
സഫൂ വയനാട്
Hamlet Books

By ivayana