ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

സ്കൂൾ കാലത്തേയും
കോളേജ് കാലത്തേയും
ഓരോ മുന്തിരി വള്ളികളും
ഞങ്ങളറിയാതെ
തളിർത്തു പൂവിടും
നീതിമാനും രസികനും
ഉത്തരവാദിത്തബോധമുള്ളവനുമായ
പരമോന്നതനായ അഡ്മിൻ
ഞങ്ങളെ നയിക്കും
പഠിക്കുന്ന കാലത്ത്
മിണ്ടാൻ മടിച്ചിരുന്ന
ആൺകുട്ടികളും പെൺകുട്ടികളും
“സതീർത്ഥ്യ” ഗ്രൂപ്പിൽ
ഗൃഹാതുരത്വത്തിന്റെ
പുത്തൻ പ്രപഞ്ചം തന്നെ
ശബ്ദങ്ങളാലും ചിത്രങ്ങളാലും
പുന:സൃഷ്ടിക്കും
” മരിച്ചാലും മറക്കുമോ”? എന്ന്
ഓട്ടോഗ്രാഫിലെഴുതി പിരിഞ്ഞു പോയ
പെൺകുട്ടിയെ
കണ്ടു കിട്ടിയ സന്തോഷത്തിൽ
അന്ന്
ഹീറോപ്പേന കുടഞ്ഞപ്പോൾ
മഷി തെറിച്ച്
അവളുടെ ജമ്പറിൽ
നീലപ്പൂക്കൾ വിരിഞ്ഞ കാര്യം
പ്രണയാതുരമായി ഓർമ്മിപ്പിക്കും
തിരിച്ചവൾ പറയും
മഴയുള്ള ദിവസം
കുട വട്ടത്തിൽ കറക്കി
മേലാകെ
മഴത്തുള്ളി പടർത്തിയത്
അനേക വർഷങ്ങളായി
ബന്ധനസ്ഥമാക്കിയ
അവരവരുടെ ഓർമ്മകളെ
കെട്ടഴിച്ചുവിട്ട്
ഓരോ ദിവസവും
പ്രീഡിഗ്രി മുതൽ ഒന്നാം ക്ലാസ്സുവരെ
ഞങ്ങൾ ജയിച്ചിറങ്ങും
വർണ്ണ ഇമോജികളാൽ
വികാരങ്ങളെ സ്വതന്ത്രമാക്കും
സന്ധ്യയായാൽ
രാത്രി വൈകും വരെ
ബെഞ്ചും ഡെസ്ക്കും ബോഡും
സോപ്പുംകായ മരവും
കൂരിക്കായയും ചൂരലും
ചാമയുപ്പുമാവിന്റെ മണമുള്ള
പൊടിയണിയിലകൾ വരെ
കൂട്ടത്തോടെ വന്ന്
കലപിലയുണ്ടാക്കും
ആമയും പോറ്റിയും കാളിയും
നിത്യ ഗർഭിണിയും കുറത്തിയും
ഈറ്റപ്പുലിയും
ഇംഗ്ലീഷും ഹിന്ദിയും ബയോളജിയും
കണക്കും മലയാളവും
പഠിപ്പിക്കും
അങ്ങനെ,
അവനവന്റെ
അടുപ്പിനു ചുറ്റുമുള്ള
വീതനപ്പുറത്തെ ചൂട്
അറിയാതെ കുറയും
എന്നിട്ടും ….
ഗ്രൂപ്പിനു പുറത്ത് ഞങ്ങൾ
നഗരത്തിൽ കണ്ടുമുട്ടിയാൽ
അവൻ കോൺട്രാക്ടറും
ഞാൻ എണ്ണക്കച്ചോടക്കാരനും
അവൾ വാർഡ് മെമ്പറുമാവും ….

രാജേഷ് കോടനാട്

By ivayana