രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍
രാവിലെയെഴുന്നേറ്റപ്പോൾ ഇടത്തേത്തുടയിടുക്കിന്നുമേലെ ഇടത്തരം തക്കാളിവലിപ്പത്തിൽ ഒരു മുഴ. ഒരാഴ്ച കൊണ്ടുനടന്നു. പിന്നീട്, വാമഭാഗത്തിൻറെ സമ്മർദ്ദത്തിനുവഴങ്ങി ഡോക്ടറെക്കാണാൻ തീരുമാനിച്ചു.
പിന്നെയേല്ലാം പെട്ടെന്നാണ് നടന്നത്. അമേരിക്കയിൽ ഡോക്ടറായിജോലിനോക്കുന്ന മകളുടെ നിർദ്ദേശപ്രകാരം, നഗരത്തിലെ വലിയൊരു ആശുപത്രിയിലെ, അവളുടെ സുഹൃത്തിൻറെ അറിവിലുള്ള, ഒരു അറവുകാരനെക്കാണിക്കാൻ തീരുമാനമായി.
രാവിലെ എട്ടുമണിക്കുതന്നെ ആശുപത്രി റിസ്പ്ഷനിൽ ഭാര്യാസമേതം ഞാൻ ഹജരാകുന്നു. സദാ പുഞ്ചിരിതൂകുന്ന ഒരു അപ്സരകുമാരിയെ സമീപിക്കുന്നു. തുടയിടുക്ക് താങ്ങിയുള്ള എൻറെ നടത്തമാവാം അവളുടെ പുഞ്ചിരിക്ക് കാരണം.
പത്തുനിമിഷത്തിനകം അറവുകാരനെക്കാണാനുള്ള ഫയൽ റെഡി. അതിന്നായി നല്ലൊരുതുകയും സ്വാഹാ. കൺസൾട്ടേഷൻ ഫീ, റെജിസ്ട്രേഷൻ ഫീ, കോവിഡ് ടെസ്റ്റ് ഫീ (വാമഭാഗത്തിനടക്കം – കാരണം എന്നെ അഡ്മിറ്റ് ചെയ്താൽ അവളായിരിക്കുമല്ലൊ കൂട്ടിരിക്കുക) – അങ്ങിനെ അന്തമില്ലാത്ത കൂറേ ഫീകൾ!
ഫയൽ ഞങ്ങൾക്കുകൈമാറി അപ്സരസ്സ് ഞങ്ങളെ അറവുകാരനെ ഉദ്വേഗത്തോടെ കാണാനിരിക്കുന്ന ഒരു ആതുരജനാവലിക്കൊപ്പം ഇരുത്തുന്നു. അദ്ദേഹം വിളിക്കുംവരെ കാത്തിരിക്കാനും നിർദ്ദേശിക്കുന്നു.
തിരക്കുകണ്ട് എൻറെ നെഞ്ചുപിടക്കുന്നു. ഈ ജനാവലിക്കുശേഷം എനിക്കെപ്പോഴാണാവോ അറവുകാരൻറെ ദർശനം ലഭിക്കാൻപോകുന്നത്.
പക്ഷെ, അറവുകാരൻ അസാമാന്യവേഗതയുള്ള ഒരു അത്ഭുതപ്രതിഭാസമായിരുന്നു. ഏകദേശം മുക്കാൽമണിക്കൂറിൻറെ കാത്തിരുപ്പേവേണ്ടിവന്നുള്ളു അദ്ദേഹത്തിൻറെ ഫ്ലോറൻസ് നൈറ്റിംഗേൽ തിരനോട്ടംനടത്തി എൻറെ പേർവിളിക്കാൻ.
അറവൻ എന്നെ ദോശമറിച്ചിടുംപോലെ തിരിച്ചും മറിച്ചും കുഴൽവെച്ചാദ്യം പരിശോധിച്ചു ഒരുചുക്കും കണ്ടുപിടിക്കാനായില്ല എന്ന നൈരാശ്യമുഖഭാവത്തോടെ, നാക്കുകൊണ്ട് നൊട്ടയിട്ട്, ചിറികോട്ടി, എൻറെ തക്കാളിയിൽ കയറിപ്പിടിച്ചു കശക്കി ജീവനെടുത്തു. ശേഷം നൈറ്റിംഗേലിനോട് ഒരു ഡയലോഗ്:
‘പ്രിപേർ ഹിം ഫോർ സർജ്ജറി. ലാപരോസ്കോപിക് അണ്ടർ ജനറൽ അനസ്തേഷ്യ. ലെഫ്റ്റ് ഇൻഗ്യൂനൽ ഹെർണിയ. നോ സ്ട്രാംഗുലേഷൻ യെറ്റ്. റൈറ്റ് സൈഡ് ഓകെ. ബട് ഡോണ്ട് ടേക്ക് എനി ചാൻസസ്. സർജറി ഫോർ ബോത്ത് സൈഡ്സ്. സെൻഡ് ഹിം ഫോർ ആൾ ദ ടെസ്റ്റ്സ്. ഡോണ്ട് ലീവ് എനിതിങ്ങ്. ഹിസ് ഡാട്ടർ ഈസ് ഇൻ ദ സ്റ്റേറ്റ്സ്.’
പിന്നെ തിരിഞ്ഞ് എന്നോട്: ‘മൊത്തം ഒന്നരയാവും. ഓപ്പറേഷനുമാത്രം റൈറ്റ് സൈഡിൽ പ്രശ്നമില്ലാത്തക്കാരണം അതിന്ന് അരമതി. ഇൻഷൂറനസ് ഉണ്ടല്ലോ?’
‘ഇല്ല. വെളിനാടുകളിൽ നക്കാപ്പിച്ച ജോലികളുമായി വയസ്സാകുന്നവരെ ചുറ്റിത്തിരിഞ്ഞകാരണം ഇൻഷൂറൻസ് എടുക്കാൻ അവസരമുണ്ടായില്ല. ഇപ്പ ഈ വയസ്സിൽ എടുക്കണമെങ്കിൽ ഇൻഷൂറൻസുകാർ അടുക്കുന്നുമില്ല.’
‘സാരമില്ല. എന്തായാലും വിദേശത്തായിരുന്നില്ലെ? കയ്യിൽ ഒന്നും കാണാതിരിക്കില്ല. പോരാത്തതിന് മകൾ എൻ.ആർ.ഐ ഡോക്ടറുമല്ലെ? ഞാൻ ഒരു നൂറോ ഇരുന്നൂറോ കുറക്കാൻ ശ്രമിക്കാം.’
അറവൻറെ ഒടുക്കത്തെ ഒരു ഔദാര്യം!
അഞ്ചുനിമിഷത്തിന്നകം നൈറ്റിംഗേൽ ആശുപത്രിയിലുള്ള എല്ലാടെസ്റ്റുകളും ചെയ്യാനാവശ്യപ്പെട്ട് ഒരുനീണ്ട ലിസ്റ്റെനിക്കുകൈമാറി, അവയ്ക്കുള്ള പണംകെട്ടാനുള്ള കൌണ്ടറും സദയം കാട്ടിത്തന്നു.
അപ്പ എനക്കൊരു തംശം. സി.ടി. സ്കാനും എം.ആർ.ഐയും ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
‘എം.ആർ.ഐ ചെയ്യുമ്പോൾ സി.ടി. എന്തിനാ സിസ്റ്ററെ?’
ഞാനാം ഫൂൾ എൻറെ തംശയത്തിന് എക്സ്പ്രഷൻ കൊടുക്കുന്നു. നൈറ്റിംഗേൽ കോപാകുലയായി എന്നെ വക്കാണിക്കുന്നു.
‘ഒരുകാര്യം പറഞ്ഞേക്കാം. ഏത് ടെസ്റ്റ് വേണമെന്ന് ഞങ്ങൾ നിശ്ചയിക്കും. ഇയ്യാളതെപ്പറ്റി തലപുണ്ണാക്കേണ്ട. ഡോക്ടറെക്കാണാൻ സാധിച്ചതുതന്നെ ഭാഗ്യം എന്നുകരുതിക്കോ. ഓപ്പറേഷന് ഡേറ്റ് കിട്ടണമെങ്കിൽ വേഗം ടെസ്റ്റെല്ലാം ചെയ്തിങ്ങുവാ.’
നൈറ്റിംഗേലിനെശരിവെച്ച് വാമഭാഗം കണ്ണുരുട്ടി. രംഗം കണ്ടുനിന്ന വേറൊരു ആതുരഭിക്ഷാംദേഹിക്കും അതേ അഭിപ്രായമായിരുന്നു.
അസാമാന്യനായ ഒരു അറവുകാരനാണത്രെ എനിക്കുകിട്ടിയിരിക്കുന്ന ഡോക്ടർ. വാഴത്തോട്ടത്തിൽക്കയറി വാഴവെട്ടി, കുലമാറ്റി, വാഴപ്പിണ്ടികൾ സ്റ്റൈലിൽ അടുക്കിവെക്കുന്ന പരിചയസമ്പന്നനായ ഒരു കൃഷീവലനെപ്പോലെ കർമ്മകുശലതയോടെ രോഗികളെ നിരനിരയായി കീറിമുറിച്ച് അടുക്കിയിടുന്ന കരചാതുരികാരണം അദ്ദേഹത്തിന് വാഴപ്പിണ്ടി എന്ന പേര് ആതുരസമൂഹം സബഹുമാനം നൽകിയനുഗ്രഹിച്ചിട്ടുണ്ടത്രെ. ആയത് ലോപംവന്ന് ഇപ്പോൾ അദ്ദേഹം അറിയപ്പെടുന്നത് ഡോക്ടർ പിണ്ടി എന്ന ഓമനപ്പേരിലാണത്രെ.
എന്തായാലും പിണ്ടിയോഗം അനുഭവിച്ചുതീർക്കാമെന്ന തീരുമാനവുമായി ഞാൻ മുന്നോട്ടുനീങ്ങുന്നു. അല്ലെങ്കിൽ വാമഭാഗത്തിൻറെ പീഡനയോഗത്തിന് ഇരയാവേണ്ടിവരുമല്ലോ. പേമെൻറ് കൌണ്ടറിലതാ വേറൊരു സദാപുഞ്ചിരിണി. ടെസ്റ്റുകൾക്കെല്ലാമായി വലിയൊരുതുക കാർഡുവഴി ട്രാൻസ്ഫർ ചെയ്യുമ്പോൾ ഞാനവളോട് വൃഥാ വിലപിക്കുന്നു.
എൻറെ വൃദ്ധയായ അച്ഛൻപെങ്ങൾക്ക് സ്ട്രാൻഗുലേറ്റഡ് അംബിളിക്കൽ ഹെർണിയക്ക് പണ്ടോരിക്കൽ ഓപറേഷൻ വേണ്ടിവന്നു. സർക്കാരാശുപത്രിയിൽ, പാതിരായ്ക്ക്. എമർജൻസികേസായകാരണം സ്മാളടിച്ചുകിടന്നുറങ്ങിയിരുന്ന ഓൺകാൾ സർജ്ജനെ ക്വാർട്ടേർസിൽനിന്നും പൊക്കിക്കണ്ടുവന്നാണ് ഓപറേഷൻ നടത്തിയത്. ഒരുമണിക്കൂറിന്നുള്ളിൽ പഹയൻ പഞ്ചറടച്ച് പത്തുസ്റ്റിച്ചുമിട്ട് നോയാളിയെ ഒരുകേടുംകൂടാതെ പുറത്തിറക്കി. ചിലവ് നിൽ. അങ്ങിനെയിരിക്കെ, എൻറെ നോണെമർജൻസി കാര്യത്തിൽമാത്രം എന്തിനാ ഇത്രയധികം ടെസ്റ്റുകൾ എന്നസംശയം പുഞ്ചിരിണിയോട് ഞാൻ സവിനയം ഉന്നയിച്ചു.
‘എപ്പഴാ സാറെ അച്ഛൻപെങ്ങളടെ ഓപറേഷൻ നടന്നത്?’
‘1962ൽ.’
‘അന്ന് ആ ഓപറേഷനിൽ രോഗി കാഞ്ഞുപോയിരുന്നുവെങ്കിൽ നിങ്ങളെന്തുചെയ്തിരിക്കും?’
‘കാഞ്ഞുപോയാൽ പിന്നെന്തുചെയ്യാൻ? ശേഷക്രിയകളല്ലാതെ?’
‘ഈ ഓപറേഷനിൽ സാറ് കാഞ്ഞുപോകയാണെങ്കിൽ സാറിന് ശേഷക്രിയകൾ തീർച്ചയായും വേണ്ടിവരും. പക്ഷെ സാറിൻറെ ആൾക്കാർ ആശുപത്രിക്കാരെ വെറുതെവിടുമോ? അപ്പ ഞമ്മക്കും അതൊരു ശേഷക്രിയയാവില്ലെ സാറെ? അതൊഴിവാക്കാനാണ് ഈ ടെസ്റ്റുകളെല്ലാമെന്ന് മനസ്സിലാക്കൂ.’
‘പിന്നെ കാലം മാറിയില്ലെ? അച്ഛൻപെങ്ങളുടെ ഓപറേഷനുശേഷം അറുപത് വർഷങ്ങൾ കടന്നുപോയില്ലെ? വൈദ്യശാസ്ത്രത്തിൽ ഇക്കാലമത്രയും സംഭവിച്ച പുരോഗതികളല്ലെ സാർ താങ്കളിപ്പോൾ ചെയ്യാൻപോകുന്ന ടെസ്റ്റുകളെല്ലാം? സന്തോഷിക്കൂ. ‘ലോകാഃ സമസ്താഃ ടെസ്റ്റുകൾചെയ്ത് സുഖിനോ ഭവന്തു’ എന്നല്ലെ സാർ ആപ്തവാക്യം?’
ആ സുവിശേഷം കേട്ടതിന്നുശേഷം പിന്നെ ഞാനൊന്നും മിണ്ടിയില്ല. സന്തോഷാധിക്യത്താൽ. എൻറെ ബാങ്ക് അക്കൌണ്ടിന്ന് ശേഷക്രിയ നടന്നുകൊണ്ടിരിക്കുകയല്ലെ? അതും പുരോഗതി. ഡിജിറ്റൽ പുരോഗതി.
ലോകത്തിലുള്ള എല്ലാ മൂത്ര-രക്തപരിശോധനകൾക്കും സാമ്പിളുകൾ കൊടുത്തുതീർത്തഞാൻ, ഇ.സി.ജി., എക്കോ കാർഡിയോഗ്രാം എന്നിവകഴിഞ്ഞ്, സ്റ്റ്രെസ്സ് ഇ.സി.ജിക്ക് ട്രെഡ്മില്ലിലോടിക്കിതച്ച്, ക്ഷീണിച്ചവശനായി അൾട്രാസോൺ ലാബിലെത്തിനിൽക്കുന്നു. അവസാനം അസാരം വെള്ളംകുടിച്ച്, നഗ്നനായി, അവിടുത്തെ നൈറ്റിംഗേലിൻറെ ശകാരമാരിയേറ്റ്, അവൾതന്നനുഗ്രഹിച്ച ആപ്രണുമിട്ട്, പശതേച്ചുതണുത്ത വയറുംതള്ളി സ്കാനിന്നുകിടക്കുന്നു. കുറച്ചുനേരത്തെ ഡോക്ടറുടെ പരിശോധനക്കുശേഷം, ദാ പൊട്ടി എന്നനിലയിൽവീർത്തുള്ള മൂത്രസ്സഞ്ചി ടോയ്ലറ്റിലേക്കോടി കാലിയാക്കി വീണ്ടുംവന്നുകിടന്നുകൊടുക്കുന്നു. അവിടെയും പരിശോധനാഫലങ്ങളെല്ലാം ശുഭം.
കോവിഡ് ഇല്ലെന്ന് ടെസ്റ്റുകൾ സൂചിപ്പിച്ചിരുന്നെങ്കിലും, കോവിഡ് മുമ്പുവന്നിരുന്നോയെന്നറിയാനുള്ള ശ്വാസകോശസംബന്ധികളായ പരിശോധനകൾക്കും ഞാൻ വിധേയനാകുന്നു – എക്സ്രേ അടക്കം. ഞാനറിയാതെ കോവിഡെന്നെ ബാധിച്ചിരിക്കാം – ഉറക്കത്തിലോ മറ്റോ!
അങ്ങിനെ എല്ലാവൈദ്യശാസ്ത്രപരിശോധനാവൈതരണികളുംതാണ്ടി ആശ്വാസനിശ്വാസമിടുന്നഞാൻ ചെന്നെത്തുന്നു അനസ്തേഷ്യാവിദഗ്ദൻറെ തിരുസന്നിധിയിൽ. ഒരായിരം ചോദ്യങ്ങൾക്കുശേഷം അദ്ദേഹം ഞാൻ ബോധംകെടുത്തിശ്ശസ്ത്രക്രിയക്ക് വിധേയനാകാൻ യോഗ്യനാണെന്ന് കണ്ടെത്തുന്നു. പക്ഷെ, നോക്കണേ എൻറെ ഒരു കഷ്ടകാലം. തൊണ്ടയിൽ ഒരു ഇന്നാങ്കം – ഞാനൊന്നുചുമക്കുന്നു. അദ്ദേഹം വ്യാകുലനായി എന്നെ വീക്ഷിക്കുന്നു.
‘എന്നാ, എന്തുപറ്റി?’
‘ഏയ്, ഒന്നുമില്ല. ഏ.സിയുടെ കാറ്റുതട്ടിയാൽ ചിലപ്പോളിങ്ങനെ ചുമയ്ക്കാറുണ്ട്. അലർജി ആയിരിക്കാം.’
‘അയ്യോ, പറഞ്ഞതുനന്നായി. ഇതങ്ങനെ അവഗണിക്കേണ്ട കാര്യമല്ല. ഒരു പൾമോണോളജിസ്റ്റിനെ കാണിക്കണം. ഇവിടെ അങ്ങിനെ ഒരാളില്ല. എൻറെ അറിവിലുള്ള ഒരു വിഖ്യാതനായ പൾമന്ന് റഫർ ചെയ്യാം. ജനറൽ അനസ്തേഷ്യയല്ലെ. ചാൻസെടുക്കാൻ പറ്റില്ല.’
പിറ്റേദിവസം ഞാൻ പൾമനെക്കാണാൻ ടിയാൻ ജോലിനോക്കുന്ന ഒരു കൂറ്റൻ ആസ്പത്രിയിലെത്തുന്നു. അദ്ദേഹത്തിൻറെ ചേംബർ തിരഞ്ഞുകുതിക്കുന്ന എന്നെ ഒരു സുന്ദരി തടയുന്നു. സുന്ദരിമാരെത്തടഞ്ഞ് നടക്കാൻപറ്റാത്ത സ്ഥലങ്ങളായിമാറിയിരിക്കുന്നു നമ്മുടെ ആശുപത്രികൾ!
‘എന്താ, എന്താ വേണ്ടത്?’
‘പൾമനെക്കാണാനാ.’
എൻറെ കയ്യിലുള്ള റഫറൻസ് കടിതം വാങ്ങിവായിച്ചശേഷം സൂന്ദരി എന്നോട് ആദ്യം റിസപ്ഷനിൽ ചെല്ലാനാവശ്യപ്പെടുന്നു.
റിസപ്ഷനിലും അപ്സരസ്സുകൾതന്നെ. അതിലൊരുവൾ എനിക്കുവേണ്ടി ഒരു പ്രത്യേകഫയൽ തയ്യാറാക്കുന്നു – ആദ്യത്തെ ആസ്പത്രിയിലെപ്പോലെത്തന്നെ. റെജിസ്ട്രേഷൻ, കൺസ്ൾട്ടേഷൻ ഇത്യാദി ഫീസുകളും ഈടാക്കുന്നു. ബാങ്ക് അക്കൌണ്ടിന് വീണ്ടും ശേഷക്രിയതന്നെ.
പൾമൻറെ ചേംബറിന്നുമുന്നിൽ തിരിച്ചെത്തുന്ന എന്നെ പഴയസുന്ദരി ഒരു ഛോട്ടാ പൾമൻറെ സന്നിധാനത്തിലേക്കുകൊണ്ടുപോകുന്നു. പ്രശ്നങ്ങൾ എന്നോട് ചർച്ചചെയ്ത്, അസാരം ചോദ്യാവലികളുള്ള കുറേ ഫോമുകൾ പുരിപ്പിച്ച് ഛോട്ടൻ എന്നെ ലങ്ങ്സ് എക്സ്റേക്കും ശ്വാസേച്ഛാസസംബന്ധികളായ പലതരം ടെസ്റ്റുകൾക്കും വിധേയനാക്കുന്നു. എക്സ്റേ പരിശോധന ആദ്യത്തെ ആശുപത്രിയിൽ ചെയ്തതാണെന്നും, അതിൽ പ്രശ്നമൊന്നും കണ്ടില്ലെന്നും, അതിനാൽ വീണ്ടും എക്റേ ആവശ്യമാണോ എന്ന എൻറെ സില്ലി തംശത്തെ ഛോട്ടൻ നീരസത്തോടെ അവഗണിക്കുന്നു.
വീണ്ടും ഞാൻ റിസ്പ്ഷനിലെത്തുന്നു. അപ്സരസ്സ് പുതിയ ടെസ്റ്റുകൾക്കായി എൻറെ ബാങ്ക് അക്കൌണ്ടിന്ന് ഉദകക്രിയനടത്തുന്നു.
എല്ലായിടത്തും സുന്ദരിമാർ. അതിനാൽ കാശുപോയാലും ടെസ്റ്റുകളെല്ലാം രസകരമായിരുന്നു. കുടെയുണ്ടായിരുന്ന വാമഭാഗത്തിന് അതത്ര ബോധിച്ചില്ലെങ്കിലും. വയസ്സേറുമ്പോൾ കാശുപോയാലും പുരുഷന്മാർക്ക് ശൃംഗാരം കൂടുമെന്നെ നാട്ടറിവ് അവളെ തൊട്ടുതീണ്ടിയിട്ടില്ല. ഹെന്തുചെയ്യാം.
പലേതരം ഉപകരണങ്ങളിലൂടെ ഊതിയും വലിച്ചും, കയ്യിൽ മീറ്റർകെട്ടി ആങ്ങോട്ടുമിങ്ങോട്ടും അധിവേഗം നടന്നും – അങ്ങിനെ ഒരുപാടുടെസ്റ്റുകൾക്കുശേഷം ഞാൻ ഒടുവിൽ മെയിൻ പൾമൻറെമുന്നിൽ ആസനസ്ഥനാകുന്നു.
‘ഇയ്യാൾക്ക് ടി.ബി. ഇല്ലാട്ടോ’ – പൾമന് സങ്കടം
‘ടെസ്റ്റ് റിസ്ൾട്ട്സൊക്കെ കൊള്ളാം. രണ്ടുകാര്യങ്ങൾ മാത്രം. ഒന്ന് – കൂർക്കംവലിക്കാരനാണല്ലോ. നല്ലോണം സ്വപ്നവും കാണുന്നുണ്ട്. ഇതൊന്നും അവഗണിക്കാൻ പറ്റിയകാര്യങ്ങളല്ല. ഒരു സ്ലീപ്സ്റ്റഡിക്ക് ഉടൻ വിധേയനാവണം. രണ്ടുരാത്രി ഇവിടെക്കഴിയേണ്ടിവരും. റിസ്പ്ഷനിൽചെന്ന് വേഗം പൈസകെട്ടി റജീസ്റ്റർ ചെയ്യൂ.’
‘രണ്ട് – നടക്കുമ്പോൾ ഹൃദയമിടിപ്പ് കൂടുന്നുണ്ട്. സൈനസ് ടക്കിക്കാർഡിയ. അത് എനിക്കൊരുപ്രശ്നമല്ല. എൻറെ ഏരിയ ശ്വാസകോശങ്ങളാണല്ലോ. എങ്കിലും ഒരു ഹൃദ്രോഗവിദഗ്ദനെ കാണാൻ എഴുത്തിത്തരാം.’
നടത്തടെസ്റ്റ് എടുത്തുകൊണ്ടിരിക്കുമ്പോൾ കയ്യിൽകെട്ടിയിരുന്ന മീറ്റർ റീഡിംഗ്സ് എടുക്കാൻ ഒരു സുന്ദരി എന്നോടോട്ടിനടന്നതുകൊണ്ടായിരിക്കാം ഹൃദയമിടിപ്പ് ദ്രുതഗതിയിലായത് എന്ന എൻറെ അഭിപ്രായം പൾമന് ക്ഷ ബോധിച്ചു.
‘രസികനാണല്ലെ? കൊള്ളാം. ഒരു കാര്യം. ഈനിലക്ക് സ്ലീപ് സ്റ്റഡിക്ക് രാത്രി വാർഡിൽ സുന്ദരികളെ ഒഴിവാക്കേണ്ടിവരുമല്ലൊ. അവരെക്കണ്ട് പടപടാന്ന് നെഞ്ചിടിച്ച് ഹൃദയാഘാതമുണ്ടാവരുതല്ലൊ. പകരം മേയ്ൽനർസുമാരെ ഏർപ്പാടാക്കാം. അവറ്റകളുടെ എണ്ണം വളരെ കമ്മിയായതിനാൽ നൈറ്റ് ഡ്യൂട്ടിക്ക് അവരെക്കിട്ടാൻ പ്രയാസമായിരിക്കും. എങ്കിലും ശ്രമിക്കാം. കായ് കൊറച്ചുകൂടുതാലാവും ട്ട്വോ.’
വിദേശത്തൊരിക്കൽ ഒരു രോഗി അർദ്ധരാത്രിയിലുണർന്നപ്പോൾ ഒരു എണ്ണക്കറുപ്പൻ മേയ്ൽഭീകരനെക്കണ്ട് പേടിച്ചലറിവിളിച്ച് മോഹാലസ്യപ്പെട്ടുവീണകഥയാണ് അപ്പോളെനിക്കോർമ്മ വന്നത്. പക്ഷെ ഞാനത് പൾമനോട് പറഞ്ഞില്ല. കാരണം കൂടുതൽ വർത്തമാനം പറഞ്ഞാൽ ചിലവുകൂടാനേ സാദ്ധ്യതയുള്ളു. എങ്ങിനെപോയാലും ചിലവുതന്നെ. ശേഷക്രിയകൾക്ക് ഒരവസാനമില്ലെ, ഈശ്വരാ!
ഞാൻ പിന്നൊന്നും മിണ്ടിയില്ല. പൾമൻറെ കത്തുംവാങ്ങി നേരെ ഹൃദയകുമാരനെക്കാണാൻ വെച്ചടിച്ചു.
ഹൃദയകുമാരൻറെ ക്ലിനിക്കിൽ വലിയ ജാനാവലി. നമ്മുടെ സ്വച്ഛ് ഭാരതിൽ ഇത്രയും ഹൃദ്രോഗികളോ, കടവുളെ! വർദ്ധിച്ചുവരുന്ന ആതുരസൌഹൃദങ്ങളെ വീക്ഷിച്ച്, സദാസുസ്മേരവദനനായിരിക്കുന്ന ഹൃദയകുമാരൻറെ മുന്നിൽ ഏറെനേരത്തെ കാത്തിരിപ്പിന്നുശേഷം ഞാൻ ആസനസ്ഥനാകുന്നു. മുഖവുരയെന്നോണം അദ്ദേഹം എനിക്കൊരു താക്കീതുതരുന്നു.
‘ചോദ്യങ്ങൾക്കുമാത്രം ഉത്തരംതന്നാൽമതി. അനാവശ്യഭാഷണത്തിന് എനിക്ക് സമയമില്ല.’
കുഴൽവച്ചുള്ള പരിശോധനക്കുശേഷം, അദ്ദേഹം എനിക്കുവീണ്ടും ഇ.സി.ജി, എക്കോ ഇ.സി.ജി., സ്ട്രെസ്സ് ഇ.സി.ജി. എന്നിവ നിർദ്ദേശിക്കുന്നു. ആയവ തലേദിവസം ആദ്യത്തെ ആശുപത്രിയിൽ ചെയ്തതാണെന്നും പ്രശ്നങ്ങളൊന്നും കണ്ടില്ലെന്നും ഞാൻ പറയാൻശ്രമിച്ചപ്പോൾ ചുണ്ടിൽ വിരൽവെച്ചുവിസിലിട്ട് മിണ്ടിപ്പോകരുതെന്ന് ടിയാൻ എന്നെ കണ്ണുരുട്ടിഭയപ്പെടുത്തുന്നു.
അതിനാൽ ഞാനെൻറെ തംശം ഇ.സി.ജിയിലുള്ള സുന്ദരിക്കുട്ടിയോട് അവതരിപ്പിക്കുന്നു.
‘ഓരോ മിനിറ്റിലും ഇ.സി.ജി. മാറും സാറെ. അതിനാൽ ഇന്നലത്തെ ടെസ്റ്റിന് ഒരർത്ഥവും ഇല്ല സാറെ’ – അവളുടെ വിശദീകരണം.
‘അങ്ങിനെയാണെങ്കിൽ ഇപ്പോൾ ചെയ്യാൻപോകുന്ന ടെസ്റ്റ് ഡോക്ടറെക്കാണുമ്പോഴേക്കും അസാധുവാകില്ലേ?’ – ഞാൻ വിട്ടില്ല.
‘തർക്കിക്കണ്ട. അധികം സ്മാർട്ടാവാതെ കേറിക്കിടക്ക് ടെസ്റ്റിന്’ – അവളുടെ ക്ഷമകെട്ടു.
ഇക്കുറി പോക്കറ്റിനായിരുന്നു ശേഷക്രിയ. കാരണം ഹൃദയകുമാരന് ഡിജിറ്റൽ പേയ്മെൻറിൽ വിശ്വാസം നാസ്തി. ക്യാഷുതന്നെ വേണം.
പ്രശ്നമൊന്നും കാണുന്നില്ല. എങ്കിലും മൂന്നുമാസംകൂടുമ്പോൾ എന്നെവന്നുകണ്ടോണ്ടിരിക്കണം ട്ട്വോ. ബി.പി. നോർമലാണെങ്കിലും, ടക്കിക്കാർഡിയക്ക് ഗുളികയെഴുതിത്തരാം. ദിവസോം രാവിലെ ഒരുഗുളികവീതം ശാപ്പിട്ടുക്കോ. എന്നെവന്ന് കാണാൻ മറക്കരുത് ട്ട്വോ.’
ഹോ, എന്തോരു സ്നേഹം!
എല്ലാവിദഗ്ദാഭിപ്രായങ്ങളും വാരിക്കൂട്ടി ഞാൻ വീണ്ടും ഡോക്ടർ പിണ്ടിയുടെ ക്യാബിനിലെത്തുന്നു.
പിണ്ടി: ‘ഗുഡ്. എല്ലാം ഓക്കെയാണല്ലോ. അപ്പൊ നാളെരാവിലെ ഓപറേഷൻ. റെഡിയല്ലെ?’
ഞാൻ: ‘ബോധംകെടുത്തണോ ഡോക്ടർ? ലോക്കൽ അനസ്തേഷ്യപോരെ?’
പിണ്ടി: ‘ലാപരോസ്കോപിയാണ്. ലോക്കൽ പറ്റില്ല.’
ഞാൻ: ‘റിട്ടേൺ ഓക്കെയാണോ ഡോക്ടർ?’
പിണ്ടി കോലാഹലത്തോടെ ചിരിച്ചു.
‘ടിക്കറ്റ് ഓക്കെയാണെങ്കിലും ടെക്നിക്കൽ സ്നാഗ്സ്കാരണം എത്രയോ ഫ്ലൈറ്റ്സ് കാൻസൽഡ് ആവുന്നില്ലെ, അങ്കിളെ? അപ്പ, താങ്കളുടെ ശോദ്യത്തിനെന്തർത്ഥം? എല്ലാം ദൈവത്തിൻറെ കയ്യിൽ.’
ഞാനൊന്നും മിണ്ടിയില്ല. പിറ്റേന്ന് രാവിലെ വലിയൊരു അറവുക്യൂവിൻറെ നിസ്സാരകണ്ണിയായി ഞാൻ നിലക്കൊള്ളുന്നു, ബോധംകെടുത്തപ്പെടുന്നു, നാലുമണിക്കൂറിന്നുശേഷം ഈശ്വരകടാക്ഷം ഒന്നുകൊണ്ടുമാത്രം തിരിച്ച് ലാൻഡുചെയ്യുന്നു, കണ്ണുരുട്ടിനിൽക്കുന്ന വാമഭാഗത്തെ ദർശിച്ച് വീണ്ടും കണ്ണടക്കുന്നു. സ്നേഹംവരുമ്പോഴും കോപിക്കുമ്പോഴും കണ്ണുരുട്ടുന്ന ഒരു പാവം കുട്ടിയാണവൾ.
ഒരു സുന്ദരിയതാ ഓടിയണഞ്ഞ് എൻറെകയ്യിൽ ഡ്രിപ്പുകേറ്റാൻ ശ്രമിക്കുന്നു.
‘മലയാളിയാണല്ലെ? എന്താ പേര്? എവിടാ നാട്?’
‘സുഹാന, മണ്ണാർക്കാട്.’
‘മോളേ, സുഹാനേ, അങ്കിളിനൊരു ഫേവർ ചെയ്യാമോ?’
‘എന്നതാ?’
‘രണ്ട് സ്മാൾ വിസ്കി ആ ഡ്രിപ്പിൽ ആഡ് ചെയ്യാമോ?’
അവൾ ഞെട്ടുന്നു. പിന്നോട്ടുചാടിയോടി ഡ്യൂട്ടിയിലിരിക്കുന്ന ഒരു ദുഷ്ടൻഡോക്ടറെ വിവരമറിയിക്കുന്നു. ടിയാൻ എന്നെനോക്കിക്കണ്ണുരുട്ടുന്നു.
ബാങ്ക് അക്കൌണ്ടിൽ തുരുതുരെ ശേഷക്രിയകൾനടത്തിക്ഷീണിച്ച ഒരു രോഗിവര്യൻറെ മാനസികാവസ്ഥ ഹൃദയശൂന്യർക്കെങ്ങിനെ മനസ്സിലാവാൻ!?
പത്തുദിവസത്തിന്നുശേഷം ഞാൻ ഫോളോഅപ്പിന്നായി വീണ്ടും പിണ്ടിയുടെമുന്നിൽ. ഇടത്തേത്തുടയിടുക്കിന്നുമീതെ കൊവച്ചമർത്തിക്കൊണ്ടിരിക്കുന്നു.
പിണ്ടി: ‘എന്താ, എന്തുപറ്റി? എല്ലാം ഓക്കെയല്ലെ?’
‘പഴയസ്ഥലത്ത് വീണ്ടും ഒരു ചെറിയ തക്കാളി ഡോക്ടർ.’
പിണ്ടി സ്ഥലത്ത് കൈവച്ചുകശക്കുന്നു. ഉച്ചത്തിൽ ചിരിക്കുന്നു.
‘നത്തിംഗ് ടൂ വറി മാൻ. ഇതൊരു സെറോമയാണ്. ഓപറേഷനുശേഷമുണ്ടാവുന്ന ഫ്ളൂയിഡ് അക്യുമുലേഷൻ. സൂചികുത്തി വലിച്ചെടുക്കാം. അതിന്നുള്ള പേമെൻറ് നടത്തിയിട്ടുവരൂ.’
വീണ്ടും ശേഷക്രിയ!
സൂചി കുത്തിക്കേറ്റി ഫ്ളൂയിഡെടുത്ത ഡോക്ടർക്ക് സെഞ്ച്വറിയടിച്ച സച്ചിൻ തെണ്ടുൽക്കറെപ്പോലെ രോമാഞ്ചം.
‘ഒറ്റവലിക്ക് നൂറുമില്ലികിട്ടി’ – ടിയാൻ പിണ്ടിയെ അറിയിക്കുന്നു.
ഞാൻ: ‘ഇനിയും സെറോമ വരാൻ സാദ്ധ്യതയുണ്ടോ ഡോക്ടർ?’
അതിന്ന് പിണ്ടി ശരിക്കുമൊരുത്തരം തരുന്നില്ല. ‘ഞങ്ങളൊക്കെ ഇവിടില്ലേ? ഡോണ്ട് വറി’ എന്നുമാത്രം പറഞ്ഞൊഴിയുന്നു.
പുറത്ത് മൂന്നാമതും സെറോമവന്ന ഒരു നോയാളിയെ ഞാൻ കണ്ടുമുട്ടുന്നു. അദ്ദേഹം എന്നെ ആശ്വസിപ്പിക്കുന്നു:
‘സെറോമ ഇനിയും വീണ്ടും വീണ്ടും വരാം. ഓപറേറ്റ്ചെയ്തുകളുയുംവരെ. അതിന്ന് വീണ്ടും പഴയപോലെ ചിലവുവരും – ടെസ്ററുകൾ ചെയ്യാനൊക്കെയായി, പിന്നെ സർജറിക്കും. അതോണ്ട് സെറോമേംകെട്ടിപ്പിടിച്ചോണ്ട് സ്നേഹത്തിൽ കഴിഞ്ഞുകൂടുകയാണ് ഉത്തമമാർഗ്ഗം.’
ഞാനാ ഉപദേശം സ്വീകരിച്ചിരിക്കുന്നു. രണ്ടാമതുംതിരിച്ചുവന്ന സെറോമയെയും തലോടി സസുഖം വാഴുന്നു. അവൾ കുഴപ്പമൊന്നും ഉണ്ടാക്കില്ല, ഈശ്വരൻ രക്ഷിക്കും എന്ന ദൃഢവിശ്വസത്തിൽ.