രചന : ഹരികുമാർ കെ പി✍
തിരുവാതിരപ്പൂക്കൾ തിരുമുടിയിലണിയുന്ന
സന്ധ്യേ നിനക്കെന്തു ചന്തമെന്നോ
വെൺമേഘഹംസം വിടർത്തും ചിറകിലെ
തൂവെള്ള സ്വപ്നം എനിക്കു നൽകൂ
ജന്മങ്ങൾ തിരയുന്നതെന്തിനായ് വേറെ
ഗഗനപഥസഞ്ചാരവേളകളിൽ
ഓർമ്മകൾ ഇടതൂർന്ന മനസ്സിന്നരികിലെ
കുളിർവാടിയാകും മരുപ്പച്ച നീ
വാടി വീഴുന്നൊരാ പൂവിന്നിതൾപ്പച്ച
എന്നെയും നോക്കി കരഞ്ഞു പണ്ടേ
മുകുളങ്ങൾ ഇടചേർന്ന അകലങ്ങൾ കണ്ടുവോ
മുൾമുനകൾ കുത്തിയ മുറിവ് കണ്ടോ
ചന്തമില്ലിന്നെനിക്കെന്നു നീ ചൊല്ലിയോ
ചന്തക്കിനാവുകൾക്കെന്തു ഭേദം
പൂനിലാവേകും പുടവയ്ക്കു വേണ്ടി നീ
പുലരിയാം സ്വർഗ്ഗം മറന്നീടുമോ
മാനത്ത് പൂത്തൊരാ നക്ഷത്രജാലത്തിൽ
മാരിവിൽ വർണ്ണങ്ങൾ എന്തിനേറെ
ഇമപൂട്ടി ഇഴുകട്ടെ നിന്നോർമ്മ ചേർത്തു ഞാൻ
ഇനിയുള്ള യാത്രകൾ ചന്തമാകാൻ
നിൻ വാക്കിലലിയുവാൻ നിശയോട് ചോദിച്ച
അക്ഷരക്കൂട്ടമാണെന്റെ ജീവൻ
കുളിർമഞ്ഞു തൂകുന്ന പുലർവേളയെന്തിന്
മനസ്സിൽ കുളിരെനിക്കേകിടുമ്പോൾ
വെയിൽ കായും പകലിന് പരിഭവം നിന്നോട്
പറയാതെ മായും മരിചിക പോൽ
മൺവിണ്ണിലലിയുവാൻ മധ്യേ പിറക്കുന്ന
നടനമാം നശ്വര ഇടവേള നാം
നീർനിലാചോലയിൽ നീരാടുവാൻ
നിയതിയായെത്തുമോ നിന്റെയുള്ളം
ചന്ദ്രമതി മേടയിൽ ചെമ്പകം പൂക്കുമ്പോൾ
ഒരു പൂവ് കരുതാം നിനക്ക് വേണ്ടി
മായും ദിവാസ്വപ്നസൗന്ദര്യമേ
മിഴിനീരിന്നഴകുള്ള പുതുമകളെ
വേണ്ടെനിക്കെന്നിൽ മായും കിനാക്കളും
പുതുസൂനസൗന്ദര്യ ജാതങ്ങളും