രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍
ശ്രീരാമനാമം പാടാ-
നെന്തിനേ,മടിപ്പു നാം
ശ്രീരാമനെന്നാൽ സാക്ഷാൽ
ശ്രീമഹാവിഷ്ണുവത്രേ!
കാലങ്ങളെത്രയെത്ര,
കടന്നുപോയീടിലും
ചേലെഴുമാ സങ്കൽപ്പ-
മുജ്ജ്വലിച്ചല്ലോ നിൽപ്പൂ!
രാമനെന്നുള്ളോരാത്മ-
സത്യത്തെയറിയുവാൻ
ശ്രീമഹാരാമയണം
നിത്യവുമുരയ്ക്കുവിൻ
ജാതിമതഭ്രഷ്ടുക-
ളില്ലതിലൽപ്പംപോലും
വേദവേദാന്തസാര-
മാണതിൻ മുഖമുദ്ര!
ധർമ്മരക്ഷയ്ക്കായ് മണ്ണി-
ലവതാരം പൂണ്ടോരു
നിർമ്മലസ്വരൂപത്തെ
മനസാവരിച്ചുനാം
ജൻമത്തെ സഫലമായ്
മാറ്റുവാൻ മുതിരുകിൽ
കൽമഷമൊരുനാളു-
മുണ്ടാകയില്ലീ,നമ്മിൽ
അയോധ്യാധിപതിയായ്,
വാണൊരാ,ശ്രീരാമന്റെ
കായസൗഷ്ടവമാർക്കേ,
മറക്കാനായീടുന്നു!
സൃഷ്ടിതൻപര്യായമാ-
ണാ,മര്യാദാപൂരുഷൻ!
വ്യഷ്ടി,സമഷ്ടിഭാവ-
മായതു നിലകൊൾവൂ!
സത്യമാർഗ്ഗത്തിലൂടെ
സഞ്ചരിച്ചല്ലോ,ഭവാൻ
യുക്തിപൂർവമീലോക-
ത്തങ്ങനെ വിരാജിച്ചു!
ശ്രീരാമനാമം പാടി-
പ്പുകഴ്ത്താൻ മടിക്കുന്നോർ-
ക്കാരാഗവായ്പ്പെങ്ങനെ-
യാസ്വദിച്ചീടാനാവും?
ഗുരുത്വത്തിൻപ്രതീക-
മായ്നിജ കീർത്തിയെങ്ങും
പരത്തിക്കൊണ്ടേ,സീതാ-
പതിശ്രീജഗന്നാഥൻ,
ഗാണ്ഡീവം ധരിച്ചേവ-
മെത്തിടുന്നിതെൻ ഹൃത്തിൻ
ദണ്ഡകാരണ്യത്തിലൂ-
ടിപ്പൊഴുമചഞ്ചലം!
ശ്രീരാമനെന്നാൽ സർവാ-
ത്മാവെന്നറിഞ്ഞീടുനാം
ശ്രീരാമനെന്നാൽ മോക്ഷ-
ദായകനെന്നുമാവോ
കേവലം മർത്യരൂപം
പൂണ്ടധർമ്മത്തെ വെന്നു
ജീവന്റെതത്ത്വശാസ്ത്രം
നമുക്കായ്കാട്ടിത്തന്നോൻ
ആദിമധ്യാന്തങ്ങളേ-
തേതുമില്ലാതീ,വിശ്വ-
മേദുരഭാവംധരി
ച്ചാരിലുമൊരുപോലെ,
നിത്യസത്യത്തിൻ നിലാ-
വെളിച്ചംപൊഴിക്കുന്നോൻ
അദ്ധ്യാത്മപ്രഹർഷസൗ-
രഭ്യമായ് മേവീടുന്നോൻ
ശ്രീരാമ രാമാ,രാമാ,
ശ്രീമയമാംതൃപ്പാദം
പാരമത്യാമോദംഞാൻ
കുമ്പിടുന്നു സാദരം
ഞാനെന്നോരഹങ്കാര-
ധ്വനിയെന്നുള്ളിൽ നിന്നും
ആ നാമമൊന്നിനാലേ,
സംശുദ്ധമാക്കീടുന്നേൻ
ആരുഞാ,നാരുഞാനെ-
ന്നെന്നിലെയെന്നെത്തേടി,
ആരമ്യസങ്കൽപ്പത്താ-
ലറിയാനായീടുകിൽ,
ഹേ,രാമ മറ്റെന്തുള്ളൂ,
നിന്നിൽ നിന്നെനിക്കായി-
ട്ടാരാഗസാന്ദ്രം ലഭി-
ച്ചീടുവാ,നീയൂഴിയിൽ!