രചന : ജയരാജ് പുതുമഠം. ✍
കുയിലിന്റെ കുരവകൾ മയിലിന്റെ അരോചക ശബ്ദം പോലെയാകാറില്ല ഒരിക്കലും. അത് ശാന്തമായ ഒരു ചിന്താധാരയുടെ വിശുദ്ധമേടയിലിരുന്നാകുമ്പോൾ കുയിൽനാദത്തിന് മാധുര്യമേറുകയും പതിവുതന്നെ.
കെ. പി. കുമാരൻ എന്ന സാന്ദ്രനായ കലാകാരന്റെ സൃഷ്ടിമഹത്വം കൊണ്ട് ചലച്ചിത്രലോകത്ത് മായാമുദ്ര നേടാനൊരുങ്ങുന്ന ഏറ്റവും പുതിയ ആവിഷ്ക്കാരമാണ് കുമാരനാശാനെക്കുറിച്ചുള്ള ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’.
കേരളത്തിൽ അവിവേകികൾ മാത്രമല്ല, മനുഷ്യരും ജീവിച്ചിരുപ്പുണ്ടെന്ന് അധികാരികളെ ബോധ്യപ്പെടുത്തിയ ശ്രീനാരായണ ഗുരുവിന്റെ ആശയദീപത്തിന്റെ പ്രകാശരശ്മിയിൽ സാമൂഹ്യാന്ധകാരങ്ങളെ ഇല്ലായ്മചെയ്യാൻ തന്റെ സർഗ്ഗാത്മകമായ ഉൾജ്ജ്വാലകളെ സംഭാവന നൽകിയ വിശ്ഷ്ട സേവകനായിരുന്നുവല്ലോ കുമാരകവി.
കവിയുടെ ശ്രീനാരായണ പ്രസ്ഥാനവുമായുള്ള ആത്മബന്ധങ്ങളും അതിനുള്ളിൽ നിന്നുണ്ടായ നവോത്ഥാന വഴികളും ഇന്നത്തെ കേരളനാടിന്റെ ഉത്സാഹങ്ങളെ രൂപപ്പെടുത്തിയതിന്റെ അണിയറകളിലേക്ക് സിനിമ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നതോടൊപ്പം പ്രസ്ഥാനത്തിനുള്ളിൽ സ്വാഭാവികമായും മുളച്ചുപൊന്തിയ അന്തർച്ചിദ്രങ്ങളും ലളിതമായി വിശദീകരിക്കുന്നുണ്ട്. അക്കാലത്തെ വർണ്ണവ്യവസ്ഥയുടെ ദുരവസ്ഥകൾ മനുഷ്യരെ എത്രമാത്രം ഒറ്റപ്പെടുത്തിയിരുന്നുവെന്ന യാഥാർഥ്യവും നമ്മൾ തിരിച്ചറിയുന്നു.
ആശാന്റെ പ്രസരിപ്പുകൾ കേരളത്തിൽ നിറഞ്ഞാടിയിരുന്ന അനീതിയെ തുടച്ചുമാറ്റാനുള്ള തീവ്രമായ വേദനയിൽനിന്നുതന്നെയാണ് വിടർന്നുവന്നത്. അത്തരം വികാരവായ്‌പ്പുകളുടെ ചിത്രീകരണം നിശബ്ദമായ ചാലനാത്മക തയോടെ ആവിഷ്‌കരിച്ച രംഗങ്ങൾ കാണികളിൽ വാചാലതയുടെ തരംഗങ്ങൾ ഏൽപ്പിക്കാൻ ഏറെ സഹായകരമായി ഭവിച്ചിട്ടുണ്ട്.
ആശാൻ ഭാനുമതിയെ കണ്ടുമുട്ടുന്നതും പിന്നീട് ജീവിതപങ്കാളിയായി മാറുന്നതുമായ പ്രണയത്തിന്റെ പരിണാമഘട്ടങ്ങൾ നാം ഇതുവരെയും കണ്ടിട്ടില്ലാത്ത വിശുദ്ധമായ ആഖ്യാന വൈഭവംകൊണ്ട് മിഴിവുറ്റതാക്കുന്നു സംവിധായകൻ. ആശാന്റെ ആത്മജന്യമായ കാവ്യാമൃതത്തിന്റെ ഓളങ്ങളുടെ പശ്ചാത്തലത്തിൽ ആശാനും ഭാര്യ ഭാനുമതിയും തമ്മിലുള്ള ആഴത്തിലുള്ള പ്രണയത്തിന്റെ ആറാട്ടുകൾ എത്ര വശ്യമായാണ് അവതരിപ്പിച്ചിരിക്കുന്നത്.
കവിയുടെ സർഗ്ഗാത്മകമായ സംഘർഷങ്ങളെ അവതരിപ്പിക്കാൻ ആശാൻ കവിതകളുടെ അന്തർഭാവങ്ങൾ ഹൃദയസ്പർശിയായ സംഗീത പശ്ചാത്തലത്തിൽ ആലാപന മികവോടെ അവതരിപ്പിച്ച ദൃശ്യങ്ങൾ ഉള്ളുരുക്കത്തോടെയല്ലാതെ ഉൾക്കൊള്ളാൻ പ്രയാസമായിരുന്നു.
ഞാൻ ബാല്യകാലത്ത് ഏറ്റവുമാദ്യം ഹൃദിസ്തമാക്കിയ “ഈ വല്ലിയിൽ നിന്ന് ചെമ്മേ പൂക്കൾ പോകുന്നിതാ പറന്നമ്മേ…”എന്ന് തുടങ്ങുന്ന മനോഹരമായ ആശാൻ കവിതാശകലം മുതൽ, “ഇടമിതിഹ ലോകത്തിൻ പരമാവതിയാണൊരു ചുടുകാടാണത് ചൊല്ലാതറിയാമല്ലോ…” എന്ന കാൽപ്പനികതയും, യാഥാർഥ്യങ്ങളും, തത്വശാസ്ത്ര സമൃദ്ധിയുമുള്ള ആശാൻകൃതികളുടെ മുഴുവൻ സത്തയും അനുയോജ്യമാംവണ്ണം തുന്നിച്ചേചേർത്തുകൊണ്ടാണ് അന്തസ്സാരപുഷ്ടിയുള്ള ഈ ചിത്രം സൃഷ്ടിച്ചെടുത്തിട്ടുള്ളത്.
ക്യാമറകൊണ്ടും കവിത രചിക്കാമെന്ന് ഒന്നുകൂടി ബോധ്യപ്പെടുത്തുകയാണ് വിഖ്യാതനായ കെ. ജി. ജയൻ. ദൃശ്യ ചാരുതകൊണ്ട് എത്രയോ ചിത്രങ്ങൾക്ക് ജീവന്റെ സ്ഫുരണങ്ങൾ ചാർത്തിയിട്ടുള്ള ഈ ഛായാഗ്രാഹകന്റെ ഉള്ളിലെ വർണ്ണപ്രപഞ്ചങ്ങൾ ഈ ചിത്രത്തിന്റെ പ്രമേയ കെട്ടുറപ്പിന്മേൽ വിസ്മയകരമായ മാനങ്ങൾ ചാർത്തിയിട്ടുണ്ട്.
ഓരോ ഫ്രെയ്മുകളും അടർത്തിയെടുത്ത് ഗൃഹാന്തരീക്ഷത്തിൽ അലങ്കാര പീഠമാക്കാൻ കൊതിക്കുന്നതരം കയ്യൊപ്പുകൾ തീർത്താണ് ഒപ്പിയെടുത്തിട്ടുള്ളത്.
ചരിത്രപ്രധാനമായ കരളുരുക്കുന്ന ദുരന്തകഥയുടെ പരിണാമഗുപ്തിയിലേക്ക് പ്രേക്ഷകമനസ്സിനെ പടിപടിയായി ഉയർത്തികൊണ്ടുവന്ന് ഒഴുകുന്നപുഴയിൽ കുതിക്കുന്ന ബോട്ടിന്റെ താളത്തിനൊത്ത് ഹൃദയമിടിപ്പുകളെ ഒരുക്കിയെടുത്ത് അപകടശബ്ദം മുഴങ്ങുന്നതോടെ നെഞ്ചുപ്പൊട്ടുന്ന വികാരവായ്‌പ്പിലേക്ക് നനവുതിർന്ന മിഴിയോടെ പ്രേക്ഷകൻ വീണുടയുന്ന സിനിമാ പരിസമാപ്‌തി ഈ കലാശിൽപ്പം എത്രമാത്രം സൂക്ഷ്മതയോടെ നിർമ്മിച്ചെടുത്തതാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു.
ഇന്ദ്രൻസ് ജയൻ,പട്ടണം റഷീദ്, ശ്രീവത്സൻ ജെ മേനോൻ, ബി. അജിത് കുമാർ, ടി. കൃഷ്ണനുണ്ണി തുടങ്ങി അണിയറ വിദഗ്ധരെല്ലാംതന്നെ മികച്ച അറിവുകൾ ചേർത്തുവെച്ചതിന്റെ ഉത്തമ ദൃഷ്ടാന്തം കൂടിയാണ് കെ. പി. കുമാരന്റെ “ഗ്രാമവൃക്ഷം…”
കാലം വീണ്ടും പരിണമിച്ചൊഴുകിയെങ്കിലും കാലക്കേടിന്റെ കുസൃതികളിൽപ്പെട്ട് രാജ്യം ഇപ്പോഴും ചാതുർവർണ്ണ്യത്തിന്റെ കാൽക്കീഴിൽനിന്ന് മോചിതമായിട്ടില്ല. ഇനിയും അനേകം ഗുരുക്കന്മാരും, ആശാന്മാരും അവതാരമെടുക്കേണ്ട അവസ്ഥയിൽ കൂടിയാണ് രാജ്യം കിതച്ചുകൊണ്ടിരിക്കുന്നത്. അത്തരം ദിശകളിലേക്ക് വിരൽചൂണ്ടുവാൻ ഈ ‘…കുയിലി’ ന്റെ നാദം മാലോകർക്ക് പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു.