രചന : രാജീവ് രവി ✍
നീ തന്ന പ്രണയത്തിൻ്റെ
ഉമ്മറപ്പടിയിലാണെന്റെ
അക്ഷരങ്ങളൊക്കെയും
കവിതകളാകുന്നത്
നിൻ്റെ പ്രണയത്തിൻ്റെ
ഒറ്റത്തുരുത്തിലിരുന്നാണ്
ഞാൻ ലഹരിയുടെ
ഉന്മാദ മഴ നനയുന്നത്…..
ഹൃദയത്തിൽ നീ നിറഞ്ഞു
തുളുമ്പുമ്പോളെന്നിലൊരു
സ്വാർത്ഥതയുടെ നാമ്പ് കിളിർക്കുന്നുണ്ട്
എൻ്റെ ചുണ്ടുകളുടെ
നനവു തേടി നീ വരിക
നമുക്കൊന്നായ് പ്രണയ-
ത്തിൻ്റെ പടർപ്പുകളിലൂർന്ന്
സിരകളിലഗ്നി പടർന്ന്
ഒന്നായ് ചേർന്നലിയാം….
നിൻ്റെ ഇടനെഞ്ചിലെ ശ്വാസനിശ്വാസങ്ങളിൽ
ഞാനെൻ്റെ സ്വപ്നങ്ങളെല്ലാം
ചേർത്തു വക്കുന്നു
നിൻ്റെ പ്രണയത്തിൽ
ഞാൻ സമ്പന്നന്നാണ്
ഋതുഭേദങ്ങളേതുമില്ലാതെ
എന്നിലൊരു പ്രണയത്തിൻ്റെ
ചെമ്പരത്തിക്കാടു പൂക്കുന്നു..
എന്റെ വരികളിൽ നീ
കര കവിഞ്ഞൊഴുകുന്നൊരു
മായാനദിയാകുന്നു
ആത്മഹർഷത്തിൻ്റ മഞ്ഞു
പെയ്യുമ്പോഴും ചില സന്ധ്യകൾ
മൗനത്തിൻ്റെ കാത്തിരിപ്പിൻ്റെ
ഉഷ്ണവനങ്ങളാകുന്നു
നേർത്തൊരു പാട്ടിൻ്റെ
രാഗമായി നീയെൻ്റെ തന്ത്രികളിൽ
ഇടമുറിയാതെ പെയ്യുന്നു….
നിന്നിലേക്കുള്ള
എൻ്റെ കാത്തിരിപ്പിന്
ദൈർഘ്യം കുറഞ്ഞു
കൊണ്ടേയിരിക്കുന്നു
മഞ്ഞു പെയ്യുന്നൊരു
നനുത്ത പുലരിയിൽ
നിന്നിലേക്കു ഞാനെന്നെ
പകുത്തു വയ്ക്കും
പിന്നെയോരോ ഋതുക്കളിലും
നീയെന്റെ മാത്രം വസന്തമാകും….