രചന : സഫീലതെന്നൂർ✍
ഒരു കുഞ്ഞു ചെടിയായി വളർന്ന എന്നെ
വെട്ടിക്കളഞ്ഞതു എന്തിനു നിങ്ങൾ?
ഈ ലോകം ഒന്നുകാണുവാനുണർത്തുവാൻ
കരുണയാം ദളങ്ങൾ വിടർത്തി ഞാനും.
കൂട്ടായി കൂടിയ കൂട്ടുകാർക്കെന്നും
തണലായി നിൽക്കുവാൻ ഞാൻ കൊതിച്ചു
കൂടെപ്പിറപ്പെന്നു കരുതി ഞാനും
ചേർത്തു പിടിച്ചു നിർത്തിയെന്നും.
തേങ്ങും മനസ്സിലെ വിങ്ങലറിഞ്ഞു
തേടുന്നതെല്ലാം സത്യം തിരയുവാൻ.
ഒരു കാലമിത്രയും ചെയ്തതെല്ലാം
നാടിന്റെ സ്പന്ദനം പകരുവാനായ്.
ഒരു ലതയൊന്നു തലയെടുത്തപ്പോൾ
പിന്നെയും വെട്ടിയതെന്തിനു നിങ്ങൾ?
കാറ്റും മഴയും കണ്ടു ഞാനെന്നും
കുളിർമയിൽ ഉദിച്ചു പലതുമെന്നിൽ.
ഒരു കാർമേഘം അകലെ കാണുമ്പോൾ
അരികിലായെത്തല്ലേ എന്നുഞാനും.
ഒരു കുഞ്ഞു കാറ്റൊന്നു തലോടിയപ്പോൾ
ഒരു സാന്ത്വനമായെന്നു കരുതി ഞാനും.
നേരം പുലരുവാൻ കാത്തിരുന്നു
നേരതിൻ വെളിച്ചം കണ്ടിടുവാൻ.
പിന്നെ അടുത്തു തഴച്ചു വളരും മരത്തെ കണ്ടവർ
വലിയ തണലിൽ ലയിച്ചു പോയി.
ഞാനൊരു ശാപമായി കരുതി നിങ്ങൾ
പിന്നിലേക്കൊന്നുനോക്കിയിടാതെ.
പകരം തരുവാൻ സ്നേഹമില്ലാതെ
രണ്ടു കാരങ്ങളാൽ ആഞ്ഞു വെട്ടി.
സ്നേഹവും വെളിച്ചവും പകരാൻ കൊതിച്ച
ഒരു കുഞ്ഞു ചെടിയെന്നറിഞ്ഞിടാതെ….
ഒരു കൊടും കാറ്റുണരുന്നതറിയാതെ
ഉരുകി ഞാൻ എപ്പോഴും ഉള്ളിലായി.
കാരുണ്യമില്ലാത്ത ലോകമേ നിങ്ങൾ
കരുണയ്ക്കു വേണ്ടി കാത്തിരിക്കൂ…..