സർഗങ്ങളാലും ശ്ലോകങ്ങളാലും നിറഞ്ഞു നിൽക്കുന്ന , ചരിത്രം രചിച്ച ലക്ഷണമൊത്ത മഹാകാവ്യമാണ് കൊച്ചി . വ്യത്യസ്ഥ സംസകാരങ്ങൾ , ഭാഷകൾ , വേഷങ്ങൾ പിന്നെ കിടയറ്റ കലാപ്രതിഭകൾ , ആസ്വാദകർ കൊച്ചിക്ക് പാടാനും പറയാനും ഏറെയുണ്ട് …
രാത്രിയിൽ നിന്ന് പുതിയ പ്രഭാതത്തിലേക്ക് , ഐശ്വര്യസമൃദ്ധമായ ഒരു പുതുകാലത്തിലേക്ക് , ഗ്രാമജനതയെ ഉണർത്തിയെത്തിക്കുവാൻ , അവർ കേട്ടുണരുവാനായി പാണന്മാർ ശ്രാവണമാസത്തിൽ വീടുകൾ തോറും ചെന്ന് പാടുന്ന തുയിലുണർത്തു പാട്ടായി കൊച്ചിയുടെ ചരിത്രവും കഥകളും നമുക്കൊന്നായി പാടാം , പറയാം ……..
(ഇത് നിങ്ങൾക്ക് ഷെയർ ചെയ്യാട്ടൊ എന്റെ പേരൊഴിവാക്കാതെ . അത് കൂടുതൽ അഭിപ്രായങ്ങളും അറിവുകളും ലഭിക്കുന്നതിനാണ് – മൻസൂർ നൈന – )
കുഞ്ചൻ കൊച്ചീക്കാരനാണല്ലൊ കുഞ്ചനെ കുറിച്ചൊന്ന് അറിയണം കൊച്ചിയിലെ തന്നെ കലാഭവൻ ഹനീഫ്ക്കയോട് ആവശ്യം അറിയിച്ചു . അദ്ദേഹം കുഞ്ചനോട് കാര്യം പറഞ്ഞു പിന്നെ എനിക്ക് ഫോൺ നമ്പറും തന്നു . ഒന്നേ വിളിച്ചുള്ളു ഫോൺ ബിസിയാണ് . ഒരു മണിക്കൂറിനു ശേഷം തിരികെ വിളി വന്നു .
” ഹലോ എന്താ മോനെ പറയൂ ”
ഞാൻ പറഞ്ഞു എനിക്ക് പറയാനല്ല , താങ്കൾ പറയണം , താങ്കളുടെ ജീവിത കഥകൾ കൊച്ചീക്കാർക്ക് അറിയണം . ഒരു പ്രാവശമെ ഫോണിൽ വിളിക്കൂ …. ശല്യപ്പെടുത്തരുതല്ലൊ എന്നു വിചാരിക്കും . പക്ഷെ എത്ര തിരക്കിലായിരുന്നുവെങ്കിലും തിരികെ വിളിക്കും . 51 വർഷത്തിനിടെ എഴുന്നൂറ്റി അമ്പതോളം ചിത്രങ്ങളിൽ വേഷമിട്ട കുഞ്ചൻ എന്ന നടൻ , ഞാനെന്ന ഭാവം ഒട്ടുമില്ലാതെ , ജീവിതത്തിൽ നടന്നു വന്ന വഴികൾ മറക്കാതെ , തന്റെ കഥകൾ പറഞ്ഞു തുടങ്ങി …………..
ഫോർട്ടുകൊച്ചിയിലെ മാന്ത്രയിലായിരുന്നു ജനനം . 1952 നവമ്പർ 14 ന് കൃഷ്ണന്റെയും ഊലാമ്മയുടെയും അഞ്ചു മക്കളിൽ അവസാനത്തെയാൾ .
“അങ്ങിനെ അഞ്ചാമൻ ഓമന കുഞ്ചുവായി ” .
മൂന്നു സഹോദരന്മാരും ഒരു സഹോദരിയും . മാന്ത്രാ പാലത്തിന് സമീപം തന്നെയായിരുന്നു തറവാട് . അച്ഛൻ കൃഷ്ണനു മട്ടാഞ്ചേരിയിലെ കുരുമുളക് കമ്പിനിയിൽ മൂപ്പനായി ജോലി . സ്ക്കൂൾ വിദ്യഭ്യാസം മട്ടാഞ്ചേരി ടി.ഡി. ഹൈസ്ക്കൂളിൽ നിന്നു . മാന്ത്രയിലെ തറവാട്ടു വീടു ഭാഗം വെച്ചപ്പോൾ . കൊച്ചിയിലെ അമ്മായി മുക്കിലേക്ക് താമസം മാറി .
അമ്മായി മുക്കിൽ നിന്നു കിഴക്കോട്ട് നടന്നു വടക്കോട്ട് തിരിഞ്ഞു ചെമ്പിട്ട പള്ളിയിലേക്കുള്ള റോഡിൽ മുഹമ്മദ് സാലി റാവുത്തർ എന്നയാളുടെ വീട്ടിൽ മൂന്നു വർഷം വാടകയ്ക്കു താമസിച്ചു . ഏറെ സന്തോഷം നിറഞ്ഞ നാളുകളായിരുന്നു അവിടെയുള്ള താമസമെന്ന് അദ്ദേഹം പറയുന്നു .
ഫോർട്ടുകൊച്ചിയിൽ ജനിച്ചു എന്നതിലും കൊച്ചീക്കാരനാണ് എന്നതിലും താൻ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു . ചരിത്രങ്ങളുണർത്തുന്ന കൊച്ചിയെ താൻ ഏറെ സ്നേഹിക്കുന്നുവെന്നും . സ്നേഹിക്കാൻ അറിയാവുന്നവരാണ് കൊച്ചീക്കാർ എന്നും കുഞ്ചൻ പറയുന്നു .
സാമ്പത്തിക പരാധീനതകൾക്കിടയിൽ ജോലി തേടി കൊയമ്പത്തൂരിലേക്ക് ….. അവിടെ നിന്നാണ് പതിറ്റാണ്ടുകൾ നീണ്ടു നിന്ന സിനിമാ ജീവിത പ്രയാണം ആരംഭിക്കുന്നത് . 1969 -ൽ
‘ മനൈവി ‘ എന്ന ബ്ലാക് ആൻറ് വൈറ്റ് ചിത്രത്തിൽ ചെറിയൊരു വേഷം ലഭിച്ചു എങ്കിലും അത് വെളിച്ചം കാണാതെ പോയി . 1970 – ൽ ആദ്യ മലയാള സിനിമ പുറത്തിറങ്ങി
‘ റെസ്റ്റ് ഹൗസ് ‘ . ആദ്യ പ്രതിഫലം ഇരുന്നൂറ്റി അമ്പത് രൂപയായിരുന്നു .
പിന്നീടങ്ങോട്ട് സിനിമകളുടെ ജൈത്രയാത്ര തന്നെയായിരുന്നു . ‘ നായകൻ ‘ , ഏയ് ഓട്ടോ , കോട്ടയം കുഞ്ഞച്ചൻ ‘ ‘ആവനാഴി ‘ , ‘ ലേലം ‘ , ‘ നായകൻ ‘ , ‘ കാർണിവൽ’ ……… . സുഹൃത്തായ കമൽ ഹാസന്റെ ‘മന്മദൻ അമ്പു ‘ ഉൾപ്പെടെ നിരവധി തമിഴ് ചിത്രങ്ങളിലും വേഷമിട്ടു .
കുഞ്ചൻ അഭിനയിച്ച സിനിമകളുടെ പേര് പറഞ്ഞു തുടങ്ങുകയാണെങ്കിൽ ഇവിടെയത് പൂർത്തീകരിക്കാനാവില്ല .
മോഹൻ ദാസ് എങ്ങിനെ കുഞ്ചനായി മാറി എന്നതിനും ഒരു കഥയുണ്ട് . പല പ്രശസ്തരുടെയും പേരുകൾക്ക് പിന്നിലെ തിക്കുറുശ്ശി മാമൻ ( തിക്കുറുശ്ശി സുകുമാരൻ നായർ ) തന്നെയാണ് കുഞ്ചൻ എന്ന തന്റെ പേരിന് പിന്നിലെന്നും അദ്ദേഹം പറയുന്നു . അബ്ദുൽ ഖാദറിനെ – പ്രേംനസീറാക്കിയതും , ലക്ഷ്മി ഭാരതിയെ – ജയഭാരതിയാക്കിയതും ,
പി.കെ . കുഞ്ഞാലുവിനെ – ബഹദൂറാക്കിയതും .
ജോൺ വർക്കിയെ – ഡയറക്ടർ ശശികുമാറാക്കിയതും , പ്രിയദർശൻ സോമൻ നായരെ – പ്രിയദർശനാക്കിയതും തിക്കുറുശ്ശിയാണ് . സേതുമാധവന്റെ ചട്ടക്കാരിയിൽ ഒരു മോഹൻ ശർമ്മ വന്നപ്പോൾ മലയാള സിനിമയിൽ രണ്ടു മോഹൻ വേണ്ട എന്നു പറഞ്ഞു ‘ നഗരം സാഗരം ‘ എന്ന ചിത്രത്തിന്റെ ബാംഗ്ലൂരിലെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ വെച്ചാണ് തിക്കുറുശ്ശി മാമൻ മോഹൻ ദാസ് എന്ന തന്നെ കുഞ്ചനാക്കിയതെന്ന് അദ്ദേഹം ഓർമ്മിക്കുന്നു .
പതിറ്റാണ്ടുകളുടെ സിനിമാ ജീവിതവുമായി ഇന്നും താൻ മുന്നോട്ട് നീങ്ങുന്നത് ജനങ്ങൾ തന്നെ അംഗീകരിച്ചത് കൊണ്ടാണെന്നും അതാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ അവാർഡ് എന്നും അദ്ദേഹം പറയുന്നു . മിന്നിത്തിളങ്ങി പെട്ടെന്ന് അപ്രത്യക്ഷമാവുന്നതിനേക്കാൾ എത്രയൊ വലുതാണ് പതിറ്റാണ്ടുകളുടെ ഈ സിനിമാ ജീവിതമെന്നത് കുഞ്ചനെ സംബന്ധിച്ചിടത്തോളം സത്യമാണ് .
പഴയ കാല മുൻനിര താരങ്ങൾക്ക് ഒപ്പവും പിന്നീട് അവരുടെ മക്കൾക്ക് ഒപ്പവും വേഷമിടാൻ സാധിക്കുക എന്നത് മഹാഭാഗ്യമാണ് . പ്രേംനസീറിനൊപ്പവും മകൻ ഷാനവാസിനൊപ്പവും , സുകുമാരനും അദ്ദേഹത്തിന്റെ മക്കൾക്കൊപ്പവും , സോമനും അദ്ദേഹത്തിന്റെ മകൻ സജി സോമന് ഒപ്പവും , മമ്മൂട്ടിക്കും മകൻ ദുൽഖറിനൊപ്പവും കുഞ്ചൻ വേഷമിട്ടു . തന്റെ ഈ തൊഴിലിലും , ജീവിതത്തിലും തികഞ്ഞ സംതൃപ്തിയിലും സന്തോഷത്തിലുമാണ് കുഞ്ചൻ .
1985 – ൽ വിവാഹം . ഭാര്യ ശോഭ എറണാകുളം പനമ്പിള്ളി നഗറിൽ Live In Style. എന്ന ബ്യൂട്ടി പാർലർ നടത്തുന്നു . രണ്ടു പെൺമക്കളിൽ മൂത്ത മകൾ സ്വേത ലണ്ടനിൽ നിന്നും കോഴ്സ് പാസായ ശേഷം അമ്മയോടൊപ്പം പങ്കാളിയായി . സ്വേതയുടെ ഭർത്താവ് മിജു റിമോൾഡിന് ബിസിനസ്സാണ് . രണ്ടാമത്തെ മകൾ സ്വാതി ബോംബെയിൽ ഫെമിനയിൽ കോർഡിനേറ്ററായിരുന്നു . ഇപ്പോൾ മുകേശ് അംബാനിയുടെ ഭാര്യ നിത അംബാനിയുടെ ഫാഷൻ ഡിസൈനിങ്ങ് സ്ഥാപനത്തിനു വേണ്ടി വർക്ക് ചെയ്യുന്നു .
കുഞ്ചന്റെ വീട് എറണാകുളത്ത് പനമ്പിള്ളി നഗറിലാണ് . തനിക്ക് നല്ലൊരു അയൽവാസിയെ നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം വേദനയോടെ പറയുന്നു . മമ്മൂട്ടി തനിക്ക് നല്ലൊരു അയൽവാസിയായിരുന്നു . അദ്ദേഹം അവിടെ നിന്നും എളങ്കുളത്തെ പതിയ വീട്ടിലേക്ക് താമസം മാറി . പ്രേംനസീറിനെയും മമ്മൂട്ടിയെ കുറിച്ചും പറയുമ്പോൾ കുഞ്ചന് നൂറു നാവാണ് .
പ്രേംനസീർ കാരുണ്യത്തിന്റെ ആൾരൂപമാണ് . ഇങ്ങിനൊരു മനുഷ്യനെ നിങ്ങൾക്ക് കാണുക സാധ്യമല്ലെന്നും കുഞ്ചൻ പറയുന്നു . കുഞ്ചൻ സിനിമയിൽ പ്രവേശിക്കുന്ന കാലത്ത് പ്രേംനസീറിന്റെ പ്രതിഫലം 2500 രൂപയാണ് .അക്കാലത്ത് അതൊരു വലിയ തുക തന്നെയായിരുന്നു . ചെയ്യുന്ന തൊഴിലിനോട് തികഞ്ഞ ആത്മാർത്ഥയുള്ള വ്യക്തി . പുലർച്ചെ അഞ്ചു മണിക്കാണ് ഷൂട്ടിങ്ങ് എങ്കിൽ കൃത്യ സമയത്ത് നസീർ അവിടെയുണ്ടാകും . ഇന്നത്തെ തലമുറ കണ്ടു പഠിക്കേണ്ടത് . 1982 – ൽ പുറത്തിറങ്ങിയ ആദ്യ 70 MM ബിഗ് ബജറ്റ് ചിത്രമായ ‘പടയോട്ടത്തിൽ ‘ നസീറിന്റെ പ്രതിഫലം ഒരു ലക്ഷം രൂപയായിരുന്നു . കിട്ടുന്ന പ്രതിഫലത്തിന്റെ വലിയൊരു ഭാഗം സാമ്പത്തിക കടക്കെണിയിൽ പെട്ടവർക്കും , ദാരിദ്ര്യത്താൽ പ്രയാസം അനുഭവിക്കുന്നവർക്കും , രോഗികൾക്കും മനസ്സറിഞ്ഞു സഹായിക്കുമായിരുന്നു . സാമ്പത്തികമായി തകർന്നു പോയ മുത്തയ്യയെ പോലുള്ള നടന്മാർക്ക് അവസാനം വരെ താങ്ങായി നിന്നിരുന്നു പ്രേംനസീർ എന്ന ആ വലിയ മനുഷ്യസ്നേഹി .
പ്രശസ്തിയുടെ ഉന്നതിയിൽ നിൽക്കുമ്പോഴും കുടുംബത്തെയും ബന്ധങ്ങളെയും മറന്നു പോകാത്ത വ്യക്തിയാണ് മമ്മൂട്ടിയെന്ന് കുഞ്ചൻ പറയുന്നു . എത്ര തിരക്കിലാണെങ്കിലും കുടുംബത്തോടുള്ള ഉത്തരവാദിത്വം അദ്ദേഹം ഭംഗിയായി നിർവ്വഹിക്കുന്നു . ദുൽഖറിനെയും സുറുമിയെയും കുഞ്ഞുനാളിലെ താൻ കാണുന്നതാണ് . മമ്മൂട്ടിയും ഭാര്യ സുൽഫത്തും വളരെ നന്നായി തന്നെയാണ് മക്കളെ വളർത്തിയത് . പ്രശസ്തിയിലും തിരക്കുകൾക്കിടയിലും കുടുംബത്തെ മറന്നു പോകുന്ന , കുടുംബം കൈവിട്ടു പോകുന്ന ദുഖകരമായ കാഴ്ചകൾ നാം കാണാറുണ്ട് . മമ്മൂട്ടി പക്ഷെ പ്രശസ്തിക്കിടയിൽ വന്ന വഴി മറന്നു പോയില്ല . കുടുംബത്തെയും ബന്ധങ്ങളെയും മറന്നു പോയില്ല .
സിനിമാ ലോകത്തെ പുതു തലമുറയോട് പലതും പറയാനുണ്ട് വർഷങ്ങളുടെ അനുഭവസമ്പത്തുള്ള കുഞ്ചന് . കിട്ടുന്ന പ്രതിഫലവും അതിലേറെയും ആഡംബര ജീവിതത്തിന് ചിലവഴിക്കുന്ന പുതിയ തലമുറ പലപ്പോഴും യാഥാർത്ഥ്യങ്ങളെ മറന്നു ജീവിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു . വഴിവിട്ട ജീവിതത്തിലൂടെ കുടുംബവും പിന്നീട് സർവ്വവും നഷ്ടപ്പെടുന്ന കാഴ്ച നിരവധിയാണ് . പ്രശസ്തികൾക്കിടയിലും മനസ്സമാധാനം നഷ്ടപ്പെട്ട് ജീവിക്കുന്ന നിരവധി ജീവിതങ്ങൾ .
പെരുമാറ്റം വലിയ ഘടകമാണ് . ദൈവാധീനം കൊണ്ടു താൻ ഇവിടെ വരെയെത്തി . എല്ലാം ദൈവ നിശ്ചയം എന്നു വിശ്വസിക്കുന്നു .
‘ ആരെയും ഉപദ്രവിക്കാതിരിക്കുക , ചെയ്യുന്ന തൊഴിലിനോട് ആത്മാർത്ഥത പുലർത്തുക ‘
ഇതാണ് തന്റെ ജീവിതത്തിൽ താൻ പുലർത്തി പോരുന്നതെന്ന് കുഞ്ചൻ പറയുന്നു .
ഇനിയും താങ്കളുമായി സംസാരിക്കണം അതിന് തനിക്കും എനിക്കും ദൈവം ഭാഗ്യം ചെയ്യട്ടെ എന്ന പ്രാർത്ഥനാ മൊഴിയോടെ കുഞ്ചൻ തൽക്കാലം പറഞ്ഞു നിർത്തി .
* ചിത്രങ്ങൾ കുഞ്ചൻ അയച്ചു തന്നത്
മൻസൂർ നൈന