രചന : മൻസൂർ നൈന ✍
കൊച്ചിയിൽ ഫോർട്ടുക്കൊച്ചിയിലാണ് സ്ഥലം , ഇവിടെയാണ് കാപ്പിരി തുരുത്ത്. ഫോർട്ടുക്കൊച്ചിയിലെ കാപ്പിരി തുരുത്തിൽ എത്താൻ പല വഴികളുണ്ട് . അതിലൊന്നു , കൽവത്തി കനാലിന് കുറുകെ പോകുന്ന ബൗണ്ടറി ബ്രിഡ്ജ് കടന്നു ഇടത്തെ ഭാഗത്തുള്ള വഴിയിലൂടെ നടന്നാൽ ഒരു കൊച്ചു പാലമുണ്ട് , അതിലെ പടികൾ കയറി ഇറങ്ങിയാൽ കാപ്പിരി തുരുത്തിലെ ഈ മുസ്ലിം പള്ളിയിലെത്താം , ഇതിലൂടെ വാഹനങ്ങൾ പോകില്ല.
കൽവത്തിയിലെ ബൗണ്ടറി ബ്രിഡ്ജ് :
രണ്ട് രാജ്യങ്ങളുടെ അതിരുകൾ പങ്കിട്ടിരുന്ന പാലം . പാലത്തിന്റെ തെക്കെ ഭാഗം കൊച്ചി രാജ്യവും , വടക്കേ ഭാഗം ബ്രിട്ടീഷ് കൊച്ചിയും . പാസ്പ്പോർട്ട് ഇല്ലന്നേയുള്ളു പക്ഷെ ഒരു രാജ്യത്ത് നിന്നു മറ്റൊരു രാജ്യത്തേക്ക് പോകുന്നതിന്റെ എല്ലാ നടപടിക്രമങ്ങളും ഇവിടെയുണ്ടായിരുന്നു . ചരക്ക് വാഹനങ്ങൾ ചുങ്കം നൽകണം എന്നതിനാൽ ബൗണ്ടറി ബ്രിഡ്ജിനുചുങ്കം പാലം എന്നൊരു പേരു കൂടിയുണ്ടായിരുന്നു .
കാപ്പിരി തുരുത്ത് :
ഒരു മഹാ പ്രളയത്തിൽ പിറവിയെടുത്ത കൊച്ചിയിലെ ഒരു ആളില്ലാതുരുത്തിൽ പോർച്ചുഗീസ് കടന്നുവരവോടെ കുറച്ചു അടിമകളെ അവിടെ കൊണ്ടു വന്നു താമസിപ്പിച്ചു . ലിസ്ബൺ പട്ടണത്തിനു അരികെയുള്ള ബെലാം എന്ന പോർച്ചുഗീസ് തുറമുഖത്തു നിന്നും ആഫ്രിക്കൻ വൻകരയിലൂടെ Cape of Good Hope മുനമ്പ് ചുറ്റി കിഴക്കൻ ആഫ്രിക്കൻ തീരത്ത് നിന്ന് അടിമപണിക്കായി Vasco da Gama യും കൂട്ടരും പിടിച്ച് കെട്ടി കൊണ്ടു വന്ന ആഫ്രിക്കൻ വംശജരായ കാപ്പിരികളെ കൊച്ചിയിൽ താമസിപ്പിച്ച ഈ തുരുത്ത് പിന്നീട് കാപ്പിരി തുരുത്തായി . ബ്രിട്ടീഷ് ഭരണ കാലത്ത് കാപ്പിരി തുരുത്ത് ബ്രിട്ടീഷ് കൊച്ചി എന്ന രാജ്യത്തായിരുന്നു . ഇപ്പോ ഇതിനെ തുരുത്തി എന്നറിയപ്പെടുന്നു .
ഹാജി അബ്ദുള്ള ഹാജി ആദം സേട്ട് ……
ഗുജറാത്തിലെ കച്ച് പ്രദേശത്ത് നിന്നു കൊച്ചിയിലെത്തിയ കച്ച് മുസ്ലിംകളെ
‘ കച്ചിക്കാർ ‘ എന്നാണ് കൊച്ചീക്കാർ വിളിക്കുക . അങ്ങനെ ഗുജറാത്തിലെ കച്ചിൽ നിന്നു ആദ്യ കാലങ്ങളിൽ പലപ്പോഴായി കൊച്ചിയിലേക്കെത്തിയ കച്ച് മുസ്ലിംകളിൽ ഹാജി അബ്ദുള്ള ഹാജി ആദം സേട്ടും ഉണ്ടായിരുന്നതായി പറയപ്പെടുന്നു . ഇദ്ദേഹം വസ്ത്ര വ്യാപാരിയായിരുന്നു . നിഷ്ക്കളങ്കനും , ധർമ്മിഷ്ടനുമായിരുന്നു സേട്ട് .
ഇന്ന് എറണാകുളത്ത് പുല്ലേപ്പടിയിലുള്ള H.E. Muhammad Babu Sait, H.E. Ahmed Thahir Sait , Aslam Sait എന്നിവരുടെ ഗ്രാന്റ് മദറായ ( പിതാവിന്റെ ഉമ്മ ) ആസിയ ഭായി – യുടെ പിതാവാണ് ഹാജി അബ്ദുള്ള ഹാജി ആദം സേട്ട് . സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി ഏറെ സംഭവാനകൾ നൽകിയ മഹതിയാണ് ആസിയ ഭായി .
നാഗൂർ കാള : നാട്ടിൽ നടമാടിയിരുന്ന ഒരു അന്ധവിശ്വാസം . കാളയുടെ പുറത്ത് ഒരു പച്ച തുണിയുണ്ടാകും , കൊമ്പിൽ ഒരു പച്ച കൊടി ചേർത്ത് കെട്ടിയിട്ടുണ്ടാകും. കാളയുടെ കഴുത്തിലും കാലിലും , കൊമ്പുകളിലും കിലുങ്ങുന്ന മണികളും . കുഴലൂതിയും , ചെണ്ട മുട്ടിയും കാളയെ ആനയിച്ചു രണ്ടോ , മൂന്നോ പേരുണ്ടാകും . വീടുകളിലും , കച്ചവട സ്ഥാപനങ്ങളിലും എത്തി ആഗ്രഹ സഫലീകരണത്തിനും , രോഗങ്ങൾ മാറാനും നേർച്ച പണം സ്വീകരിക്കും .
1825 – ൽ മട്ടാഞ്ചേരി ബസാറിൽ കച്ചീക്കാരാൽ സ്ഥാപിതമായ പള്ളിയാണ് ‘കച്ചി ഹനഫി മസ്ജിദ് ‘ ഇതിനെ പഴയ പള്ളി എന്നും വിളിക്കപ്പെടുന്നു . ഈ പള്ളിയിലെ ഹൈദരാബാദ് കാരനായ ഇമാം ( ആരാധനകൾക്ക് നേതൃത്വം കൊടുക്കുന്നയാൾ ) ഒരു ദിവസം ബസാറിലൂടെ നടന്നു പോകുമ്പോൾ ‘ നാഗൂരിലെ കാള ‘ യെ എഴുന്നുള്ളിച്ചു കൊണ്ടുവരുന്നത് കണ്ടു . അദ്ദേഹം കൈയ്യിലെ ഊന്നു വടി കൊണ്ടു കാളയെ ചെറുതായൊന്നു അടിച്ചു . കാള വിരണ്ടോടി , ബസാർ ഭയമുഖരിതമായി , ഇമാമിനെ പള്ളിയിൽ നിന്നു പുറത്താക്കി .
ബസാറിലെ വ്യാപാരിയായ അബ്ദുല്ലാ ഹാജി ആദം സേട്ട് ഇമാമിനെ വിളിച്ചു കാര്യം ചോദിച്ചറിഞ്ഞു . നാഗൂർ കാള ഒരു അന്ധവിശ്വാസമാണെന്ന് സേട്ടിന് ബോധ്യപ്പെട്ടു . അന്ധവിശ്വാസങ്ങൾക്ക്എതിരെ ശബ്ദിക്കാൻ 1865 -ൽ ഒരു പള്ളി സ്ഥാപിച്ചു . അതാണ് മട്ടാഞ്ചേരിയിലെ ഇന്നത്തെ പുതിയ പള്ളി . സമുദായം പള്ളിക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയപ്പോൾ സേട്ട് തൃശിനാപ്പിള്ളിയിലെ റാവുത്തർമാരായ കുറച്ചു മുസ്ലിം നെയ്ത്തുകാരെ കൊച്ചിയിൽ കൊണ്ടു വന്നു താമസിപ്പിക്കുകയും നെയ്ത്ത് ഉപകരണമായ തറി എത്തിച്ചു കൊടുക്കുകയും ചെയ്തു ഒരു നിബന്ധനയോടെ . അഞ്ചു നേരത്തെ നമസ്ക്കാരം ഈ പള്ളിയിൽ വന്നു നിർവ്വഹിക്കണം . അങ്ങനെയാണ് സമുദായത്തിന്റെ അപ്രഖ്യാപിത വിലക്കിനെ നേരിട്ടത്.
സത്യത്തിൽ കൊച്ചിയിലെ ആദ്യ കാല നവോത്ഥാന നായകരിൽ ഒരാളാണ് ഹാജി അബ്ദുള്ള ഹാജി ആദം സേട്ട് എന്നു നിസ്സംശയം പറയാം .
കാപ്പിരി തുരുത്തിലെ പള്ളി…..
ഈ പറഞ്ഞ ഹാജി അബ്ദുള്ള ഹാജി ആദം സേട്ടാണ് ഈ പള്ളിയും സ്ഥാപിച്ചത് . ഹാജി അബ്ദുള്ള ( ഹാജി ആദം സേട്ടിന്റെ മകൻ ) 1912 -ലാണ് ഈ പള്ളി സ്ഥാപിച്ചത് .
1912 ആഗസ്ത് 14 ന് E.V. സുബ്രഹ്മണ്യ ശാസ്ത്രി എന്ന സബ്ബ് രജിസ്ട്രാർ മുമ്പാകെ 361 – 363 ഭാഗം 349 നമ്പറായി രജിസ്ട്ര് ചെയ്തതായി രേഖകളിൽ കാണാം .
ഈ പള്ളി നൽകുന്നൊരു ഫീലിങ്ങ് വളരേ സുഖകരമാണ് . എല്ലാ പള്ളികളിലും മിമ്പർ ( പ്രസംഗ പീഠം ) മരത്തിലാണ് നിർമ്മിച്ചിട്ടുള്ളത് . ഈ പള്ളിയിൽ അത് ഇന്നും കൽക്കെട്ടിൽ തന്നെയാണുള്ളത് .
” കൊച്ചി ശീമ , കൊച്ചി കണയന്നൂർ താലൂക്ക് 10 ആം നമ്പർ മട്ടാഞ്ചേരി വില്ലേജിൽ ചെന്ദ മട്ടാഞ്ചേരി കമ്പോളത്തിൽ ഇരിക്കും കച്ചവടം കച്ചീമേമൻ മുഹമ്മദീയൻ ഹാജി ആദം സേട്ട് മകൻ ഹാജി അബ്ദുള്ള സേട്ടു ആയ ഞാൻ നല്ല മനസാലേയും നല്ല ഓർമ്മയോടും കൂടി എഴുതിവെച്ച ഒക്കഫ് ആധാരം , കൊച്ചി താലൂക്ക് കൊച്ചി അംശം കൽവത്തിക്ക ചെന്ന കാപ്പിരി തുരുത്തിലുള്ളതും …… ” പഴയ ആധാരങ്ങളിൽ ചില രസകരമായ പ്രയോഗങ്ങളും കാണാം .
തുരുത്തി പള്ളിക്ക് സമീപമുള്ള പഴയ കെട്ടിടം K.K. Asoo & Co എന്ന പേരിൽ തലശ്ശേരിക്കാരൻ നടത്തിയിരുന്ന കമ്പിനിയായിരുന്നു . പിന്നീട് Asoo എന്നയാളുടെ മകളെ വിവാഹം ചെയ്ത Kadankandy kalathil Abdulla എന്നയാൾ ഈ കമ്പിനി ഏറ്റെടുത്തു K.K. Abdulla & Co എന്ന പേരിൽ നടത്തിയിരുന്നു . ഖത്തറിലുള്ള എന്റെ സുഹൃത്ത് T.C. അബ്ദുള്ളയുടെ ഗ്രാന്റ് ഫാദറാണ് കെ.കെ. അബ്ദുള്ള ഇവരെല്ലാം തലശ്ശേരിക്കാരാണ്. കൊച്ചിയിലെ പൂവത്ത് കുടുംബവുമായി ഇവർക്ക് വിവാഹ ബന്ധമുണ്ട്….