ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

അടുക്കള ഭാഗത്തുനിന്ന്
മുകളിലേക്ക്
പുക ഉയരുന്നുണ്ട്
മുറ്റത്തൊരു പൂവൻകോഴി
ചിറകടർത്തി
കഴുത്ത് വലിച്ചുനീട്ടി കൂവുന്നുണ്ട്
ഒരു ചെയ്ഞ്ചിങ് റോസിൻ്റെ
ഇതളുകൾ മഞ്ഞുരുകി
ഓറഞ്ച് നിറമാവുന്നുണ്ട്
പൊടുന്നനെ ഒരു തെങ്ങിൻപട്ട
വന്നു വീണ്
മൂക്കു ചൊറിഞ്ഞു കൊണ്ടിരുന്ന
പൂച്ചയെ തുരത്തുന്നുണ്ട്
അടുക്കളയിലൊരുത്തി
ചുക്കുവെള്ളത്തിന് വെച്ച
അണ്ഡാവിന് താഴെ
തീയൂതിക്കൊണ്ടിരിക്കുന്നുണ്ട്
ആരോ ഒരാൾ
മടിച്ചു മടിച്ച്
പടികേറി വരുന്നുണ്ട്
മുറ്റത്തെത്തി
തുറന്നിട്ട ജാലകത്തിനുള്ളിൽ കൂടി
പൊട്ടിയടർന്നൊരു മിടിപ്പ്
ഉള്ളിലേക്കെറിയുന്നുണ്ട്
ഇപ്പോൾ അയാൾ ഒറ്റക്കാണ്
ഉമ്മറത്തേക്കാരും വരരുതേ
എന്നയാൾ പ്രാർത്ഥിക്കുന്നുണ്ട്
അറിയാതൊരു ബീഡി
ചുണ്ടുകൾക്കിടയിലേക്ക് നുഴഞ്ഞ്
എരിയുന്നുണ്ട്
ഒരാൾ കൂടി
അവിടേക്ക് വരുന്നുണ്ട്
മുറ്റത്തെത്തി ഇരുവരും
പരസ്പരം പിറുപിറുക്കുന്നുണ്ട്
ഒച്ചയനക്കങ്ങളിൽ വീട്ടുകാരി
ഉമ്മറത്തേക്കെത്തി നോക്കുന്നുണ്ട്
എന്തേ എന്നവൾ ചോദിക്കും മുന്നേ
“ഒന്നൂല്യ,
തേങ്ങയിടാൻ വന്നതാണെന്നവർ
ഇടറിപ്പറയുന്നുണ്ട്
മൂന്നാൾ, നാലാൾ കണക്കെ
മുറ്റം നിറയുകയും
അകത്തുള്ളവളുടെ അടുപ്പ്
കെട്ടുപോവുന്നുമുണ്ട്
കത്തിപ്പിടിച്ച ഓലക്കൊടി പോലെ
കെട്ടുതാലി തലോടി
അൽപം മുമ്പ്
സ്കൂട്ടറിൽ ഇറങ്ങിപ്പോയ
ജീവിതത്തീറിനെ
ഫോൺ നമ്പറുകളിൽ
അമർത്തിയമർത്തി
തിരികെ വിളിക്കാൻ കിണയുന്നുണ്ട്
തേങ്ങയിടാൻ വന്നവരുടെ
എണ്ണം വർദ്ധിച്ച് വർദ്ധിച്ച്
അടക്കം പറച്ചിലുകളിൽ
ഒരു വീടിൻ്റെ ഉള്ളകം
നാവു കുഴഞ്ഞ്
ശ്വാസമന്വേഷിക്കുന്നുണ്ട്
ചെടിച്ചട്ടികളോട് ചേർന്ന്
ആരുമിരിക്കാത്ത
അഞ്ചാറു കസേരകളെ നോക്കി
നാവിൻ തൂമ്പയാൽ
കൺകഴായകൾ പൊട്ടാതെ
ജലമവൾ
ഹൃദയത്തിലേക്ക്
തിരിയൂട്ടുന്നുണ്ട്
പടിക്കൽ വന്നു നിന്ന
ആംബുലൻസിൽ നിന്ന്
സ്റ്റാമ്പൊട്ടിക്കാത്ത
ഒരു വെളുത്ത മുദ്രപ്പത്രം
അവൾക്കു മാത്രം
കാണാവുന്ന തരത്തിൽ
ചുവന്ന് ചിരിക്കുന്നുണ്ട്
മാക്സിയുടെ ഒരു ഭാഗം
അരയിലേക്കൊന്നു കൂടി
എടുത്തു കുത്തി
അവിടെ കൂടിയ
തേങ്ങാ പറിക്കാൻ
വന്നവരോടായി
അവൾ പറയുന്നുണ്ട്
” മീൻ വാങ്ങി പെട്ടെന്ന് വരാന്ന് പറഞ്ഞ്
പോയൊരാളാണ്…
മീനൂല്ല്യ മാനൂല്യ
കെടന്ന് ചൊകചൊകാന്ന്
ചിരിക്കണ കണ്ടില്ലേ…. “

രാജേഷ് കോടനാട്

By ivayana