രചന : മോഹൻദാസ് എവർഷൈൻ ✍
പട്ടാളം ചന്ദ്രൻ വാച്ചിലേക്ക്നോക്കി.ഒൻപത് കഴിഞ്ഞു.
സമയം എത്രയെന്നുള്ളതിനേക്കാൾ
എത്രയും പെട്ടെന്ന്, അതെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തുക, അവിടെ അത്യാസന്നനിലയിൽ കിടക്കുന്ന ഏതോ രോഗിക്ക് ഓപ്പറേഷന് മുൻപ് രക്തം കൊടുക്കണം.
തലേരാത്രി പെയ്ത മഴയുടെ ബാക്കിപത്രമായി റോഡിലെ കുഴികളിൽ ചെളിവെള്ളം കെട്ടിക്കിടപ്പുണ്ട്, വണ്ടികളുടെ മരണപ്പാച്ചിലിൽ വെള്ളം ദേഹത്തേക്ക് തെറിക്കാതിരിക്കാൻ ചന്ദ്രനും, മുരളിയും വളരെ ഒഴിഞ്ഞാണ് നടന്നത് .
കാറ്റാടിമരങ്ങൾ തണൽ വിരിക്കുന്ന
ആശുപത്രിയുടെ മെയിൻ ഗേറ്റിന് മുൻപിലെത്തുമ്പോൾ തന്നെ അവിടെ അങ്ങിങ്ങായി ആളുകൾ കൂട്ടം കൂടി നില്കുന്നതും,എന്തിനോ ബഹളം വെക്കുന്നതും കാണാമായിരുന്നു.
ആകെ കൂടി ഒരു വിസ്ഫോടനത്തിന്റെ അന്തരീക്ഷമായിരുന്നു.
അവരൊരു പത്തോ പതിനഞ്ചോ പേരുണ്ടാകും,അതിൽ
ചിലരുടെ ഭാഷകൾ സഭ്യതയുടെ എല്ലാ അതിർവരമ്പുകളും ഭേദിച്ചിരുന്നു. കൊടുങ്ങല്ലൂർ ഭരണിപ്പാട്ട് ഇതിലും എത്രയോ ഭേദം.
ഒ.പി യിൽ വന്നവരെല്ലാം അകത്ത് കടക്കുവാനാകാതെ, ബഹളം വെയ്ക്കുന്നവരെ നോക്കി പിറുപിറുത്ത് കൊണ്ട് അക്ഷമയോടെ,പരിഭ്രമത്തോടെ പുറത്ത് കാത്ത് നില്കുന്നു.
“ചന്ദ്രേട്ടാ എന്തോ കുഴപ്പമുണ്ട്, നമുക്ക് തിരിച്ച് പോയാലോ?”. മുരളി വിഹ്വലതയോടെ ചോദിച്ചു.
ചന്ദ്രൻ ഈർഷ്യയോടെ അവനെ നോക്കി.ആ നോട്ടത്തിന് വായ്ത്തല തേച്ച് മിനുക്കിയ കത്തിയെക്കാൾ മൂർച്ചയുണ്ടായിരുന്നു.ആജ്ഞാശക്തിയുള്ള നോട്ടത്തിന് മുന്നിൽ ആജ്ഞാനുവർത്തിയായിപോകുന്ന ഒരു തരം വിധേയത്വം, അതെന്താണെന്ന് മുരളിക്ക് പലപ്പോഴും മനസ്സിലായില്ല.
“നമ്മൾ സിനിമയ്ക്ക് വന്നതാണോ, അങ്ങനെയങ്ങ് തിരിച്ചുപോകാൻ? ജീവിതത്തിനും, മരണത്തിനുമിടയിലെ നൂൽപ്പാലത്തിൽ, ജീവിക്കുവാനുള്ള പ്രത്യാശയോടെ കാത്ത് കിടക്കുന്ന ഒരാൾ, നിസ്സഹായരായി , കാഴ്ചക്കാരായി അച്ഛനോ, അമ്മയോ, കൂടപ്പിറപ്പുകളോ, അരികിൽ നില്കുന്നുണ്ടാകും. അവരുടെ കണ്ണുകൾ ആശുപത്രിയുടെ ഇടനാഴിയിൽ തിരയുന്ന പ്രതീക്ഷകളാണ് നമ്മൾ”.
പറഞ്ഞത് അബദ്ധമായി പോയെന്ന് പട്ടാളത്തിന്റെ ആദർശതൽപരതയിലൂന്നിയുള്ള നില്പ്കണ്ടപ്പോൾ മുരളിക്ക് തോന്നി.
പ്രതീക്ഷകളാണ് നമ്മെ മുന്നോട്ട് നയിക്കുന്നതെന്ന് മഹാദേവൻ മാഷ് മുൻപ് ഓട്ടോ ഗ്രാഫിൽ കുറിച്ച് തന്ന വാചകം എവിടെന്നോ ഓർമ്മയിലപ്പോൾ കടന്ന് വരികയും ചെയ്തു.
ചന്ദ്രൻ ആൾക്കാരെ വകഞ്ഞുമാറ്റി, അകത്തേക്ക് നടന്നു.അവർക്കിടയിൽ നിന്ന് മുറുമുറുപ്പുയർന്നപ്പോൾ കൂട്ടത്തിൽ ആരോ താക്കീതിന്റെ സ്വരത്തിൽ പറഞ്ഞു.
“തടയണ്ടാ അത് നമ്മുടെ പട്ടാളമാ”. എതിർപ്പിന്റെ സ്വരം ശാന്തമായി.
അപ്പോൾ പുറത്ത് മഴചാറി തുടങ്ങി. പ്രതിഷേധിക്കാൻ വന്നവരും, രോഗികൾക്ക് കൂട്ടിരിക്കാൻ വന്നവരുമെല്ലാം ആശുപത്രിയുടെ വരാന്തയിൽ അഭയം പ്രാപിച്ചു.
പട്ടാളത്തിനും അവരിൽ ചിലരെയൊക്കെ അറിയാം ,ക്വാട്ടകിട്ടുന്ന കുപ്പി വാങ്ങാൻ വന്ന് പടിപ്പുരയ്ക്ക് പുറത്ത് പരുങ്ങിയും പതുങ്ങിയും നില്കുന്ന മുഖങ്ങൾ.മറ്റെല്ലാപരിചയങ്ങൾക്കും മുകളിലാണ് മദ്യത്തിന്റെ മണമുള്ള പരിചയങ്ങളെന്ന് അയാൾക്ക് തോന്നി.
ഡിസ്‌പെൻസറിക്ക് മുന്നിൽ മൂന്ന് മാലാഖമാർ നിസ്സംഗരായി, നിസ്സഹായരായി പുറത്തെ ബഹളം നോക്കി നില്കുന്നു.അവരുടെ മുഖത്ത് പരിഭ്രമം വല്ലാതെ നിഴൽ വിരിച്ചിരുന്നു.
ചന്ദ്രനപ്പോൾ തന്റെ മകളുടെ മുഖമാണ് മനസ്സിൽ തെളിഞ്ഞത്!. അവരുടെ ഭയം,അവളുടെ ഭയം പോലെ അനുഭവപ്പെടുന്നതും അത് കൊണ്ടാണ്.
രക്ഷിക്കണമെന്ന് അവർ പറഞ്ഞില്ലെങ്കിലും അങ്ങിനെയൊരുൾവിളി പോലെ തോന്നുന്നതും അതാണ്.
അയാളോട് എന്തോ ചോദിക്കണമെന്നുണ്ടെങ്കിലും, അവരിലാർക്കും ശബ്ദം പുറത്ത് വന്നില്ല.ഭയം അത്രയ്ക്കും അവരെ വരിഞ്ഞ് മുറുക്കിയിരുന്നു.
“പേടിക്കേണ്ട ഞങ്ങൾ പതിനേഴിൽ കിടക്കുന്ന പേഷ്യന്റിന് ബ്ലഡ് കൊടുക്കാൻ വന്നതാ,”.ചന്ദ്രൻ ആഗമനോദ്ദേശം വെളിപ്പെടുത്തി.
അവർക്ക് ആശ്വാസമായി, പുറത്ത് ബഹളം വെയ്ക്കുന്നവരുടെ കൂട്ടത്തിൽ ആരോ ആണെന്നവർ തെറ്റിദ്ധരിച്ചെന്ന് അവരുടെ മുഖത്ത് നിന്നും ചന്ദ്രൻ വായിച്ചു.
“കുറച്ച് വെയിറ്റ് ചെയ്യൂ,ഇതൊക്കെയൊന്ന് ശാന്തമാകാതെ…”.അവരിലൊരാൾ പറഞ്ഞു.
അവൾക്കാണെന്ന് തോന്നുന്നു അയവില്ലാത്ത ആ അന്തരീക്ഷത്തിൽ അല്പമെങ്കിലും പിടിച്ച് നില്ക്കാനുള്ള മനോധൈര്യം ഉള്ളത്.
“ശരിക്കും എന്താ സംഭവം ?. ഇവർ ഇങ്ങനെ അക്രമാസക്തരാകുവാൻ?ഇതൊരാശുപത്രിയല്ലെ ഇവിടെ കിടന്നിങ്ങനെ ബഹളം കൂട്ടുവാൻ,എന്താ ഉണ്ടായത്?”.
അയാൾ അങ്ങനെ ചോദിച്ചപ്പോൾ തെല്ലൊരാശ്വാസം അവർക്ക് തോന്നി.. പൊതുവെ പുറത്ത് ബഹളം കേട്ടാൽ അകത്ത് കയറി ഒളിക്കുന്ന നാട്ടിൽ ആരെങ്കിലും ഒരാൾ സംഭവം എന്താണെന്ന് തിരക്കാനെങ്കിലും മുന്നോട്ട് വരുമ്പോൾ സ്വാഭാവികമായും ആശ്വാസം തോന്നിയിരിക്കണം.
അവർക്ക് അയാളോട് കാര്യം പറയണോ വേണ്ടയോ എന്നൊരു ആശങ്കയുണ്ടായിരുന്നു. ചിലപ്പോൾ അതിനുള്ള ശകാരം കൂടി ഡോക്ടറിൽ നിന്നും കേൾക്കേണ്ടി വന്നേക്കുമെന്നുള്ള ഉത്ഭയം തോന്നിയെങ്കിലും അവർ പറഞ്ഞു.
“പുറത്ത് ബഹളം വെയ്ക്കുന്നവരുടെ ഒരു രോഗി ഇവിടെകിടന്ന് മരണപ്പെട്ടു.ഇന്ന് രാവിലെയാണ് സംഭവം. ഇന്നലെ രാത്രിയിൽ ഇവിടെ കൊണ്ട് വരുമ്പോഴെ ക്രിട്ടിക്കലായിരുന്നു. ഡോക്ടർ മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്ത്, ഐ സി യൂണിറ്റുള്ള ആംബുലൻസും അറേഞ്ച് ചെയ്തു കൊടുത്തതാ.എന്നിട്ടും കൊണ്ട് പോകാതെ ഡോക്ടറുടെ കാലുപിടിച്ച് ഇവിടെ കിടത്തി. ഇപ്പോൾ ഡോക്ടറെ തല്ലാൻ നടക്കുന്നു. ഡോക്ടർക്ക് ഇതിന്റെ വല്ല ആവശ്യവുമുണ്ടോ, കരുണയും,കാരുണ്യവുമൊക്കെ ഇക്കാലത്ത് പൊല്ലാപ്പിലേക്കുള്ള വഴിയാണെന്ന് അറിയില്ലേ?”.
“എന്നിട്ട് ഡോക്ടറെവിടെ?”. ഡോക്ടർ പേടിച്ച് സ്ഥലം വിട്ടതാണോയെന്ന സംശയത്തിന്റെ ധ്വനിയുണ്ടായിരുന്നു മുരളിയുടെ ചോദ്യത്തിന്.
“ഡോക്ടർ ഓപ്പറേഷൻ തിയേറ്ററിലാണ്. ഒരു എമർജൻസി കേസ് അറ്റൻഡ് ചെയ്യുന്നു”.
“അപ്പൊ ഈ ബഹളമൊന്നും ഡോക്ടർ അറിഞ്ഞില്ലേ?”.മുരളിആശ്ചര്യത്തോടെ തിരക്കി
“ഒക്കെ അറിഞ്ഞു.ഇതിനേക്കാൾ അത്യാവശ്യം ഒരു ജീവൻ രക്ഷിക്കലല്ലേ?”.മാലാഖയുടെ മറുചോദ്യം
മുരളിയെ നിശ്ശബ്ദനാക്കി.
ചന്ദ്രൻ മുരളിയോട് മിണ്ടാതെ നില്കാൻ കണ്ണുകൾ കൊണ്ട് സൂചന നല്കി.
” രോഗി രക്ഷപ്പെട്ടാൽ ക്രെഡിറ്റ് മുഴുവൻ ഈശ്വരന്, മറിച്ചായാൽ ഈശ്വരൻ മുങ്ങും, തല്ല് ഡോക്ടർക്ക്.ഇതിപ്പോൾ പുതിയ ആചാരം പോലെ നാടെങ്ങും ആയിട്ടുണ്ട്. ദൈവത്തിന്റെ സ്വന്തം നാടല്ലേ “.
രാജ്യത്തിന് കാവൽ നിന്ന തന്റെ തല അറിയാതെ കുമ്പിട്ട് പോകുന്നത് പോലെ ചന്ദ്രന് തോന്നി.
“നിങ്ങൾ പേടിക്കണ്ട, അവരോട് ഞാനൊന്ന് സംസാരിച്ച് നോക്കട്ടെ,. ഇക്കണക്കിന് പോയാൽ എമർജൻസി കേസുമായി വരുന്ന ആംബുലൻസിനെ പോലും തടയാൻ അവർ മടിക്കില്ല”.
“സാർ… അവരിപ്പോൾ വളരെ വൈലന്റ് ആണ്. സാർ പോയിട്ട് എന്തെങ്കിലും കുഴപ്പമായാൽ ഡോക്ടർ ഞങ്ങളെയാകും വഴക്ക് പറയുക “..
“അത് പേടിക്കേണ്ട, ഡോക്ടർക്ക് എന്നെ അറിയാം.പട്ടാളം ചന്ദ്രനാന്ന് പറഞ്ഞാ മതി. ഏതിനും ഞാനൊന്ന് നോക്കട്ടെ “.
“ചന്ദ്രേട്ടാ നിങ്ങളിപ്പോ അങ്ങോട്ട് പോകണോ?ആ മുക്കുടിയൻ തങ്കപ്പനും ടീമുമാണ് അലമ്പുണ്ടാക്കുന്നത്!. ഇത് ചില്ലറ ഒപ്പിക്കാനുള്ള അവന്റെ അടവാണ്, നിങ്ങള് വെറുതെ അതിൽ തലയിടണ്ടാ “.പൊതുവെ അല്പം പേടിക്കൂടുതലുള്ള മുരളി പട്ടാളത്തെ വിലക്കാനൊരു വിഫലശ്രമം നടത്തി നോക്കി.
ചന്ദ്രൻ നടന്ന് വരുന്നത് കണ്ടപ്പോൾ ബഹളത്തിനിടയിൽ നിന്നാരോ വിളിച്ച് പറഞ്ഞു.
“ചന്ദ്രേട്ടാ നിങ്ങള് ഇതിലിടപ്പെടരുത്, കണ്ടവരോടെല്ലാം കടം വാങ്ങി കൊണ്ട് വന്ന് ഇവര് ചോദിച്ച കാശ് കൊടുത്തിട്ടും എന്റെ കൊച്ച് ചികിത്സാ കിട്ടാതെയാ മരിച്ചത് എന്റെ കൊച്ചിന്റെ ജീവനെടുത്തവരോട് പൊറുക്കാൻ നമുക്ക് പറ്റില്ല “.
“ഞാനോ ? ഞാൻ എന്തിനാ ഇടപെടുന്നത്?ഒന്നുമില്ലേലും നമ്മൾ നാട്ടുകാരല്ലേ കാര്യം തിരക്കാല്ലോ?”.ചന്ദ്രൻ സൗമ്യനായ് പറഞ്ഞു.
അതത്ര സ്വീകാര്യമല്ലെങ്കിലും, ഇഷ്ടക്കേടോടെ അംഗീകരിക്കുന്ന മുഖമായിരുന്നു എല്ലാവർക്കും.
” ഇന്നലെ ഇവിടെ ആ കുട്ടിയെ കൊണ്ട് വന്നത് ആരാ? അയാൾക്ക് കാര്യം അറിയാമല്ലോ? “.
“അത് ഭവാനിയും, അവളുടെ ആങ്ങളയും കൂടിയാ “. തങ്കപ്പനൊരു ഒഴുക്കൻ മട്ടിലാണ് മറുപടി പറഞ്ഞത്.
ചന്ദ്രൻ പിന്മാറാനുള്ള ഭാവമില്ലായിരുന്നു.
“ആ ആങ്ങള ഈ കൂട്ടത്തിലുണ്ടോ?”. ചന്ദ്രൻ ചോദിച്ചു.
“അത് ഞാനാ “. തങ്കപ്പന്റെ പിന്നിൽ നിന്ന ഒരുവൻ മുന്നോട്ട് വന്ന് പറഞ്ഞു.
ചന്ദ്രൻ അവനെ അടിമുടിയൊന്നുഴിഞ്ഞു.
ചീകിയാലും ഒതുങ്ങാത്ത കോലൻ മുടിയും, ഒട്ടുംവൃത്തിയില്ലാതെ വളർന്ന താടിയുമുള്ള,
അകാലവാർദ്ധക്യംബാധിച്ച ഒരു ചെറുപ്പക്കാരൻ.കൂസലില്ലായ്മ അലങ്കാരമാക്കിയ അവന്റെ മുഖത്തിന് നല്ലൊരു ക്രിമിനൽ ലുക്ക്.
“ഇന്നലെ ആ കുട്ടിയെ ഇവിടെ കൊണ്ട് വന്നപ്പോൾ ഡോക്ടർ എന്താ പറഞ്ഞത്? അത് പറയ് എന്നാലല്ലേ കാര്യങ്ങള് ഞങ്ങൾക്കും അറിയാൻ പറ്റൂ “.
മറുപടി പറയാൻ അവനല്പം പരുങ്ങിയെങ്കിലും ഒഴിഞ്ഞ് മാറാൻ കഴിയില്ലെന്ന് തോന്നിയത് കൊണ്ടാകും അവൻ പറഞ്ഞു.
“അത് അസുഖം കൂടുതലാണ്,അപ്പൊ തന്നെ മെഡിക്കൽ കോളേജിൽ കൊണ്ട് പോകാൻ പറഞ്ഞു. അത് പിന്നെ”. അവന്റെ വാക്കുകൾ മുറിഞ്ഞപ്പോൾ ചന്ദ്രൻ ചോദിച്ചു
“അതെന്താ കുട്ടിയെ കൊണ്ട് പോകാൻ ഡോക്ടർ തന്നെ ആംബുലൻസ് ഏർപ്പാടാക്കി തന്നില്ലെ ?എന്നിട്ട് നിങ്ങള് കൊണ്ട് പോയോ?”.
” ഇല്ല!.കയ്യിൽ ചായക്കാശ് പോലുമില്ലാതെ എങ്ങനെ കൊണ്ട് പോകാൻ പറ്റും സാറെ ?. “..അവൻ അവന്റെ നിവൃത്തികേട് തുറന്ന് പറഞ്ഞു.
“എന്നിട്ടാണോ,,,നീയ്യും കൂടിയിങ്ങ് പോന്നത് ഡോക്ടറെ കല്ലെറിയാനും, ആശുപത്രിഅടിച്ച് പൊളിക്കാനും…കഷ്ടം “.
അവൻ മറുപടി പറയാതെ കുറ്റബോധം കൊണ്ടെന്നപോലെ തലകുമ്പിട്ട് നിന്നതേയുള്ളു.
” നമ്മള് ദൈവത്തിന്റെയടുത്തും, ഡോക്ടറുടെയടുത്തും പറയുന്നത് ഒന്ന് തന്നെയല്ലേ “രക്ഷിക്കണേയെന്ന് “.നമ്മൾ പറഞ്ഞാലും, പറഞ്ഞില്ലെങ്കിലും ഡോക്ടർക്ക് കഴിയുമെങ്കിൽ രക്ഷിക്കും, എത്രയോ ആപത്ഘട്ടങ്ങളിൽ ദൈവത്തിനെ വിളിച്ചിട്ടുണ്ട്, ദൈവം പോലും നിസ്സഹായനായി പോകുന്ന അവസരത്തിൽ ദൈവത്തിനെ തല്ലാൻ ആരെങ്കിലും പോകാറുണ്ടോ?.പിന്നെന്തിനാ ഇവിടെ വന്ന് കൊലവിളി നടത്തുന്നത്?”.
ചന്ദ്രൻ അങ്ങനെ ചോദിച്ചെങ്കിലും
ആരും ഒന്നും മിണ്ടിയില്ല!. ബഹളം വെയ്ക്കാനുള്ള ആവേശം ചോർന്ന് പോയതിന്റെ വിഷമവും, അവസരം നഷ്ടപ്പെട്ടു പോകുന്ന നിരാശയും എല്ലാ മുഖങ്ങളിലും പ്രത്യക്ഷമായിരുന്നു.
ജീവിതത്തിൽ ഓടിത്തളരുമ്പോൾ എല്ലാവരുടെയും അവസാനത്തെ ആരാധനാലയം ആതുരാലയമാണെന്ന് അറിയാമെങ്കിലും അതങ്ങനെ അംഗീകരിച്ചു കൊടുക്കാൻ ആരും തയ്യല്ലെന്ന് ചന്ദ്രന് തോന്നി.
ആൾക്കൂട്ടം പിരിയുമ്പോൾ ഓ. പി. യ്ക്ക് മുന്നിൽ നിന്ന വരുടെ മുഖത്ത് ആശ്വാസത്തിന്റെ പ്രകാശം പരന്നു..
ഒരിക്കലും കണ്ടിട്ടില്ലാത്ത ആർക്കോ വേണ്ടി,
കൈഞരമ്പുകളിലൂടെ ചോര കുപ്പിയിലേക്ക് ഊറിയിറങ്ങുന്നത് നോക്കി ചന്ദ്രൻ കിടക്കുമ്പോൾ കഴിഞ്ഞ് പോയ കോവിഡ് കാലമായിരുന്നു മനസ്സിൽ. എല്ലാവരും എത്ര വേഗമാണ് എല്ലാം മറക്കുന്നത്.
അപ്പോഴും പുറത്ത് മഴ ശക്തമായി പെയ്യുന്നുണ്ടായിരുന്നു.