രചന : ബാബുഡാനിയല്✍
എരിപൊരിവെയിലില്‍ നട്ടുനനച്ചൊരു
നെല്ലില്‍, കതിരുകളെന്തൊരു ഭംഗി.
നിരനിരയായി നില്‍ക്കും കതിരുക-
ളൊരുതരിപോലും പാഴാക്കരുതേ
പൊഴിയരുതൊരുതരിവിത്തും മണ്ണില്‍
കതിര്‍മണി, ചെറുമണി, പൊന്മണിയല്ലൊ.
ഉതിരും മണിതന്‍ വിലയറിയാനായ്
കഷ്ടപ്പാടിന്‍കഥയറിയേണം.
തരിശുകിടന്നൊരു മണ്ണില്‍ കൊത്തി,
നീരുനനച്ചിട്ടുഴുതുമറിച്ചു
ഞാറു പറിച്ചു, പാടമൊരുക്കി,
വിത്തു വിതച്ചു, കനവുകള്‍ കണ്ടു
ഓരോ തളിരില വീശും നെല്ലിന്‍-
ചാരെയണഞ്ഞതിമോദം നില്‍ക്കും
വളരും നെല്ലിന്നഴകൊടുചേര്‍ന്ന്
കനവുകളുംമതിനൊപ്പം വളരും
വളരും നെല്ലിന്‍ചുവടുകളിളകാ-
തോരോകളയും നുള്ളിയെറിഞ്ഞ്
വളവും മമതയുമൊന്നിച്ചൂട്ടി
കരളിന്‍തുണ്ടായ് കാക്കും കൃഷകന്‍
നാളുകളങ്ങനെ പായുംനേരം
കുടിയില്‍ അവനുടെ വേളിക്കൊപ്പം
അളവില്ലാത്തൊരാശകള്‍ നല്‍കി
അരുമച്ചെടിയും പുഷ്പിണിയായി
നെല്ലിന്‍തണ്ടുതുരക്കുംകീടം
എത്താതെന്നും കാവല്‍നില്‍ക്കും
കതിര്‍മണിയോരോപൊന്മണിയായി
കണ്മണിയായ് കാക്കും നിത്യം.
കനകച്ചെറുമണി മൂത്തുപഴുത്ത്
പൊന്നിന്‍കതിരുകളാടുംനേരം
നിരനിരയായിട്ടെത്തും ചെറുമികളാ-
രവമായി കൊയ്യും കതിരുകള്‍
എരിപൊരിവെയിലില്‍ നട്ടുനനച്ചൊരു
നെല്ലില്‍, കതിരുകളെന്തൊരു ഭംഗി
നിരനിരയായി നില്‍ക്കും കതിരി-
ന്നൊരുതരിപോലും പാഴാക്കരുതേ..