ദിനരാത്രങ്ങൾ ചിമ്മിയടയുന്ന
ദിനങ്ങളെ കലണ്ടറിൽ നാം
അടയാളപ്പെടുത്തി വെയ്ക്കും.
ആശകളും നിരാശകളും
സന്തോഷവും ദുഃഖവും
കളങ്ങളിൽ പതിഞ്ഞു കിടക്കും.
ഓരോ താളുകളും മറിക്കുന്തോറും
സ്വപ്നങ്ങളും പ്രതീക്ഷകളും
മറവിയിലേക്ക് പോകുന്നു.
ആഘോഷങ്ങളും അച്ഛന്റെയാണ്ടും
പുത്രന്റെ ജനനവും കളങ്ങളിൽ
അക്കങ്ങളായി തെളിയുന്നു.
പ്രണയത്തിന്റെ കിതപ്പുകൾ
കൈമാറിയിരുന്നവർ
കലണ്ടറിലെ താളുകൾ
അവസാനിക്കുമ്പോൾ
വേർപാടിന്റെ നൊമ്പരങ്ങളെ
സ്മൃതിയുടെ കയങ്ങളിൽ നീറ്റുന്നു.
ഋതുക്കൾ മാറുന്നതുപോലെ
നമ്മുടെ മനസ്സും മാറുന്നുണ്ടോ?
ഋതുക്കൾ തിരികെ വരുന്നതു
പോലെ നമ്മുടെ ചിന്തകളും
തിരികെ വരുന്നുണ്ടോ? പക്ഷേ,
താളുകൾ മറിയുന്നുണ്ട്.
കലണ്ടറിലെ ചുവപ്പും കറുപ്പും
ഇടകലർന്ന കളങ്ങളിൽ
ജീവിതയന്ത്രം ചലിക്കുന്നു.
കളങ്ങളിലെ അക്കങ്ങളും
അക്ഷരങ്ങളും മാറുമ്പോൾ
രൂപവും ചിന്തയും മാറുന്നു.
മറിഞ്ഞു പോയ പഴയ
താളുകളിൽ ഓർമ്മയുടെ
അടയാളങ്ങൾ ചുവരിൽ
മറഞ്ഞു കിടക്കുന്നുണ്ടാവും.
താളുകൾ മറിഞ്ഞു മറിഞ്ഞ്
ഒടുവിൽ പൂജ്യമായി മാറുന്നു.
പുതിയ കലണ്ടർ ചുവരിൽ
തൂക്കുമ്പോൾ കറുപ്പും
ചുവപ്പും കള്ളികളിൽ മനസ്സ്
വീണ്ടും ചലിക്കാൻ തുടങ്ങും.
ജീവിതം ഋതുക്കളുടെ
തനിയാവർത്തനങ്ങളായി മാറും!

ഷിബു കൃഷ്ണൻ

By ivayana