ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ഒരിക്കൽ ഉറങ്ങിക്കിടന്ന എന്നെ ഉമ്മി വിളിച്ചുണർത്താൻ ശ്രമിച്ചു. എങ്ങനെ നോക്കിയിട്ടും ബെഡ്ഷീറ്റ് തലയ്ക്ക് മീതെ വലിച്ചിട്ട് ലൈറ്റ് അണയ്ക്കാൻ ഉറക്കപ്രാന്തിൽ വിളിച്ചുപറയുന്ന എന്റെ ശബ്ദവും ഉമ്മീന്റെ പിറുപിറുപ്പും കേട്ടാണ് വാപ്പച്ചി അവിടേയ്ക്ക് വരുന്നത്,
അന്യവീട്ടിൽ പോകേണ്ട പെണ്ണാണ്.!ഇങ്ങനെ കിടന്നുറങ്ങിയാൽ അത് ശീലാകും, ങ്ങൾ കാണുന്നില്ലേ?


അവൾ ഉറങ്ങിക്കോട്ടെ വിളിക്കേണ്ട.
അതെന്താ,
കാരണം നീ പറഞ്ഞല്ലോ ഓർത്തുനോക്ക്. എന്റെ കുട്ടികൾ നന്നായി ഉറങ്ങിക്കോട്ടെ.!!
വിവാഹം കഴിഞ്ഞ പിറ്റേന്ന് ഞാൻ ഇക്കയുടെ വീട്ടിൽ പോയി. അതിന്റെ പിറ്റേന്ന് ആറുമണിയാകുമ്പോൾ വാപ്പച്ചിയുടെ ശബ്ദം കേൾക്കുന്നു സിറ്റ്ഔട്ടിൽ….. വാതിൽ തുറന്നുഹാളിലെത്തിയ ഞാൻ കേൾക്കുന്നത് ഇതാണ്…..
“അവൾക്ക് പശുവിനെയൊക്കെ പേടിയാണ്, അതൊന്നും അറിയില്ല, പാചകവും അറിയില്ല, അതൊക്കെ അവൾ പഠിച്ചോളും.”


എത്ര പെട്ടെന്നാണ് ഒരു ഉപ്പയുടെ സ്വരം നിസ്സഹായതയിലേക്ക് വഴിമാറുന്നത്!!
” ഞാൻ മോനേകൊണ്ട് അവളെ നിക്കാഹ് ചെയ്യിച്ചത് ഇവിടത്തെ പശുവിനെ നോക്കാനല്ല. അതിനൊക്കെ ഞാനിവിടെ ആളെ നിർത്തിയിട്ടുണ്ട്. പാചകം ആവശ്യമാണ്‌ അത് അവൾ പഠിക്കുമ്പോൾ പഠിക്കട്ടെ.”ഇക്കയുടെ ഉപ്പ പറഞ്ഞു നിർത്തി.
അവൾ എണീറ്റില്ലേ ഇതുവരെ?
വാപ്പയുടെ ശബ്ദത്തിൽ ഒരു ആന്തലുണ്ട്, പഴയ ആത്മവിശ്വാസം ഇല്ല.
“അവർ കിടന്നോട്ടെ, എണീക്കുമ്പോൾ എണീക്കട്ടെ.”ഇക്കയുടെ ഉമ്മയുടേതായിരുന്നു ആ സ്വരം.വാപ്പച്ചിയുടെ മുഖത്ത് ആശ്വാസം…..


ഞങ്ങളെ വിളിക്കാതെ തിരിഞ്ഞിറങ്ങി പോകുമ്പോൾ ഓടിച്ചെന്ന് കെട്ടിപ്പിടിക്കാൻ തോന്നി. പക്ഷേ ആധികൾ ഉള്ളിലടക്കി ഉറങ്ങാതെ വന്ന വാപ്പച്ചിയുടെ ആ സങ്കടങ്ങൾ ഞാൻ അറിയുന്നത് അവിടെ സന്തോഷം നൽകില്ല. സങ്കടങ്ങളും വേദനകളും ഞങ്ങളെ അറിയിക്കാത്തതാണല്ലോ ശീലം.എങ്കിലും തിരികെ പോകുമ്പോൾ ആ മുഖത്ത് പുഞ്ചിരിയുണ്ടായിരുന്നു.


എല്ലാവിധ സ്വാതന്ത്ര്യവും, സന്തോഷവും എനിക്ക് നൽകിയിരുന്നു അവിടത്തെ ഉമ്മയും ഉപ്പയും. ഒരുപക്ഷേ അവരുടെ മൂന്ന് പെണ്മക്കളെക്കാൾ സ്നേഹവും എനിക്ക് നൽകിയിട്ടുണ്ട്. ഇക്കയേക്കാൾ ഇഷ്ടം എനിക്കും അവരോടായിരുന്നു. ഞാൻ പിണങ്ങുമ്പോൾ വിളിച്ചു പറയാറുണ്ട്,”ങ്ങടെ ഉമ്മയും ഉപ്പയും ഉള്ളത് കൊണ്ടാണ് ഞാനിവിടെ നിൽക്കുന്നത്,അല്ലേൽ ഞാനെന്റെ വീട്ടിലേക്ക് പോയേനെ “
എന്റെ ഏറ്റവും വലിയ നഷ്ടങ്ങളാണ് ആ ഉമ്മയും ഉപ്പയും. അവർ യാത്രപറഞ്ഞ ശേഷമാണ് ഞാൻ ശൂന്യമാകുന്നത്, അവർ സമ്മാനിച്ച പുസ്തകങ്ങൾ, ഡയറിയിൽ കുറിച്ചിട്ട എഴുത്തുകൾ ഒക്കെയും തിരികെ എത്തുന്നത് ആ ശൂന്യതയിൽ നിന്നാണ്.!!
ഇക്കയുടെ മൂത്ത പെങ്ങൾ പ്രോത്സാഹിപ്പിച്ചില്ലെങ്കിൽ ഞാനീ പുസ്തകങ്ങൾ എഴുത്തതില്ലായിരുന്നു. ഇഷ്ടാണ് എന്നും.


ഇന്നലെ ഇൻബോക്സിലേക്ക് വന്ന വോയിസുകൾ, ടെക്സ്റ്റ്‌ മെസ്സേജുകൾ, ചില വേദനിപ്പിക്കുന്ന, മരവിപ്പിക്കുന്ന ഫോട്ടോകൾ…..ഇവിടെ അടയാളപ്പെടുത്തലുകൾകൊണ്ട് കൂട്ട് വന്നവരെക്കാൾ എത്രയോ അധികമാണ്.
ഏതൊരു എഴുത്തിനും എനിക്ക് വളരെ കുറഞ്ഞ സമയം മതി, അത് എപ്പോൾ വേണമെങ്കിലും സംഭവിക്കാം. എന്നാൽ ചില എഴുത്തുകളുടെ സമയത്ത് ഞാൻ അത്രയേറെ മാനസിക സംഘർഷം അനുഭവിക്കാറുണ്ട്. അത്തരത്തിൽ ഒന്നായിരുന്നു ഇന്നലെ ഇവിടെ പോസ്റ്റ്‌ ചെയ്തത്. ആ കുറിപ്പ് എഴുതികൊണ്ടിരിക്കുമ്പോൾ അനുഭവിച്ച ചുട്ടുനീറ്റൽ വാക്കുകളിൽ വിവരിക്കാൻ കഴിയില്ല. അതിനപ്പുറമാണ് അത് നേരിട്ട് കേട്ടപ്പോഴും.


കുട്ടികളെ പഠിപ്പിക്കാം, അവർക്ക് ആത്മവിശ്വാസം നൽകാം. അവരെ ഉറങ്ങാൻ അനുവദിക്കാം. വിശ്വസിക്കാം. പുഞ്ചിരി വളർത്താം. വിവാഹം അവർക്ക് വേണമെങ്കിൽ പറയുന്ന ഒരു സ്വാതന്ത്ര്യം നമ്മൾ കൊടുക്കണം. വിവാഹമല്ല ജീവിതത്തിന്റെ ലക്ഷ്യം എന്ന ബോധം തീർച്ചയായും ഓരോ മാതാപിതാക്കൾക്കും ഉണ്ടാകണം!!


Nb :ഇന്നെന്റെ ഉപ്പ വേദനിക്കാറുണ്ട്, ആ പ്രായത്തിൽ ഞങ്ങളെ നിക്കാഹ് ചെയ്യിച്ചതിൽ. വക്കീലാകണം എന്ന കുഞ്ഞിലെയുള്ള എന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയാത്തതിൽ.
എങ്കിലും അക്ഷരങ്ങൾ കൊണ്ട് എന്റുപ്പ സന്തോഷിക്കുന്നുണ്ട്,ചെറിയൊരു പുഞ്ചിരി!! 🍀🤗🖤

സഫി അലി താഹ

By ivayana