രചന : ഷാ ലി ഷാ ✍
അങ്ങനെയൊന്നും അന്ത്രു
ആകാശത്തെ കണ്ടിരുന്നില്ല..
മയ പെയ്യാനും..
പരുന്തിനും ബീമാനത്തിനും പറക്കാനും
സൂര്യനും അമ്പിളിമാമനും
പഞ്ഞിക്കെട്ടിൽ ആമ്പറം
മറഞ്ഞ് കളിക്കാനും
പിന്ന.. മരിച്ചോൽക്ക്
ബിരിയാനി വെളമ്പ്ണ
മലക്കോള്ടെ കല്യാണത്തിന്
നശ്ശെത്രം തൂക്കാനൊര് വല്യേ സ്തലം..
അത്രയെക്കെയെ… ണ്ടായിരുന്നുള്ളൂ…
ഇത് പ്പോ… ന്തൊക്കേ അത്ശ്യങ്ങളാണ്..
ബാലമ്മാഷ് ബോഡുമ്മേ
കൊറേ മുത്ത് വരച്ച്..
പിന്നൊരു വര വരച്ചപ്പോ
മുത്തൊക്കെ വളേമ്മെ കോർത്ത്..
മൂന്നാല് വള
കൊറേ കൊറേ മുത്ത്
ഓർക്കൊക്കെ ഓരോ പേര്..
ഉമ്മാക്കറിയോ…
ആകാശത്തിലെ കുട്ട്യോൾക്ക് ണ്ടല്ലോ
തലേ ല്ലൂ… ഒടലില്ല…
കൊറേ ഉണ്ടത്തലകള്..
ഒരറബികുട്ടിണ്ട്..
അതിന്റെ തലേമ്മെ
വട്ട് ണ്ട്…
ഉമ്മാന്റ്ട്ടി ഒക്കെ പടിച്ചോ ന്ന്റ്റ്..
ഊഹും.. ഒക്കൊന്നൂല്ല..
ആകാശത്തിലെ എറ്റോം ഇസ്റ്റള്ളേ
ഒന്നിന്റെ പേര് പറയാമ്പറഞ്ഞ്
‘ഉപ്പിച്ചി’ ന്ന് പറഞ്ഞേന് മാഷ്
ചെവിട്നി.. നുള്ളി..
മയ്യത്തായോല് പോണ സ്തലാണ്
ആകാശം ന്ന് പിന്നപ്പറഞ്ഞപ്പ
മാഷ്‌ക്ക് തിരിഞ്ഞ്…
അപ്പ.. ന്ന കെട്ടിപ്പിടിച്ച്…
മയ്യത്തായോലെ മൂക്കിമ്മലെപ്പഞ്ഞി
കാറ്റത്ത് പറക്ക്ന്നതാ
മേകം ന്ന് പറഞ്ഞപ്പ
തലേലും നെറ്റിലും ഉമ്മ….തന്ന്..
പിന്നൊന്നും പറഞീല്ല..
അന്ത്രു സ്ളേറ്റിൽ
ബാലമ്മാഷ് കാണിച്ച
ആകാശത്തെ വരക്കുമ്പോ..
*ജന്നാത്തുൽ ഫിർദൗസിലെ
വാതില് വരക്കുന്നതും കാത്ത്
ഉമ്മ, മണ്ണെണ്ണ വിളക്കിനിപ്പുറം
തട്ടത്തുമ്പിൽ കണ്ണ് തുടച്ചു നിന്നു…!!