രചന : ലാലി രംഗനാഥ്.✍
” ചേച്ചി ഉറങ്ങിയോ? സ്ഥലമെത്താറായി. ” കാറിന്റെ പിൻസീറ്റിൽ കണ്ണടച്ചിരിക്കുകയായിരുന്ന ദേവികയോട് ഡ്രൈവർ കണ്ണൻ തിരിഞ്ഞുനോക്കിയിട്ട് ചോദിച്ചു.
“ഏയ്.. ഇല്ല “.. പുറത്തേക്ക് നോക്കിയപ്പോൾ ദേവുവിന്റെ കാഴ്ചകൾക്ക് തിമിരം ബാധിച്ചത് പോലെ.. നാൽപതു വർഷങ്ങളുടെ അപരിചിതത്വം.
ജനിച്ചു വളർന്ന തറവാടും തറവാട്ടു കുളവും അരളിമരവും പിന്നാമ്പുറത്തെ മാവിൻ പറമ്പും അവ്യക്തമാണ്. ഓർമ്മകൾക്ക് മാറാല പിടിച്ചിരിക്കുന്നു. തെളിഞ്ഞു നിൽക്കുന്നത് ഒരേയൊരു ചിത്രം മാത്രം..
അവളുടെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു.
ഓർമ്മകളിൽ തറവാട്ടു മുറ്റത്തെ ഒരു കളമെഴുത്തും പാട്ടും. പ്രാർത്ഥനയോടെ കൈകൂപ്പി നിൽക്കുന്ന അമ്മയും അമ്മായിയും അനിയൻ അപ്പുവും. പഞ്ചവർണ്ണപ്പൊടികൾ കൊണ്ടുവരച്ച മൂർത്തിയുടെ കളം. മൂർത്തിയെ സ്തുതിച്ച്, നന്തുണി മീട്ടി, ദേവസ്തുതി പാടി ദേവതാവേശത്തോടെ വെളിച്ചപ്പെട്ട് അനുഗ്രഹം നൽകുന്ന വെളിച്ചപ്പാട്. ഒടുവിൽ അനുഗ്രഹം നൽകി കളം മായ്ക്കുന്ന സമയം ആരെല്ലാമോ കൂടി ചേർന്ന് താങ്ങിയെടുത്തു കൊണ്ടുവന്ന, സർപ്പദംശമേറ്റ ഉണ്ണിയുടെ നീലിച്ച ശരീരം…
ഓർമ്മകളിൽ ഞെട്ടിത്തരിച്ച്,
” ഉണ്ണ്യേട്ടാ “.. എന്നവൾ വിളിച്ചെങ്കിലും പുറത്തേക്ക് വരാത്ത ശബ്ദം വരണ്ട തൊണ്ടയിൽ ഞെരിഞ്ഞമർന്നു.
” ഉണ്ണിക്കുട്ടന് സർപ്പദോഷം ഉണ്ടത്രേ.. ഇവരുടെ കല്യാണത്തിനു മുൻപ് കളമെഴുത്തും പാട്ടും തറവാട്ടിൽ നടത്തണം ” അമ്മായി ഒരു ദിവസം അമ്മയോട് പറയുന്നത് കേട്ട് ഉള്ളൊന്ന് കാളിയിരുന്നു അന്ന്.പക്ഷേ..
കളമെഴുത്തിന്റന്ന് കസവുമുണ്ടും നേരിയതും ചുറ്റി വന്ന തന്നെ ചേർത്തുപിടിച്ച് ഉണ്ണിയേട്ടൻ പറഞ്ഞ വാക്കുകൾ മറ്റൊന്നും ചിന്തിക്കാൻ അനുവദിച്ചിരുന്നില്ലല്ലോ “?
” ദേവൂട്ടീ..നിന്നെയാരെങ്കിലും കണ്ണ് വെക്കുമോന്നാ എന്റെ പേടി. എന്നിൽ നിന്നും പറിച്ചെടുക്കുമോന്ന്? എന്ത് ചന്തമാടീ നിന്നെക്കാണാൻ? ” അവസാനമായി അവൾ കേട്ട ഉണ്ണിയുടെ വാക്കുകൾ അതായിരുന്നു.
“ഉണ്ണിയേട്ടൻ ഇല്ലാത്ത തറവാടുപേക്ഷിച്ച്,അമ്മയോടും അമ്മായിയോടും അനിയനോടുമൊപ്പം ആ പടിയിറങ്ങുമ്പോൾ ഓർമ്മകളിൽ നിന്ന് ഒളിച്ചോടാമെന്നത് വ്യാമോഹം മാത്രമായിരുന്നില്ലേ.. ഇന്നാണല്ലോ താൻ വീണ്ടും ഇവിടെ എത്തുന്നത്.?
അപ്പു ഇന്നലെ വിളിച്ചു പറഞ്ഞപ്പോഴാണ് അവന് ഓഹരി കിട്ടിയ തറവാട് നാളെ പൊളിക്കുന്നു എന്നറിഞ്ഞത്.
ഉണ്ണിയേട്ടനുറങ്ങുന്ന മണ്ണിൽ വരണമെന്നും ആ ഗന്ധം പേറുന്ന കാറ്റിന്റെ തലോടൽ അനുഭവിക്കണമെന്നുമുള്ള ഒരുൾവിളി മനസ്സിനെ പിടിച്ചുലച്ചു.
മണിക്കൂറുകൾ താണ്ടിയുള്ള ഡ്രൈവറോടൊ പ്പമുള്ള യാത്രയിൽ ജയേട്ടനെ കൂടെ കൂട്ടേണ്ടെന്നുള്ളത് തന്റെ സ്വാർത്ഥതയായിരിക്കാം.” അവളുടെ മനസ്സിൽ ഒരു കടലിരമ്പുന്നുണ്ടായിരുന്നു.
കാറിൽ നിന്നിറങ്ങി തറവാട്ട് മുറ്റത്ത് കാലെടുത്തു വച്ചപ്പോൾ, ദേവുവിന്റെ മനസ്സിന്റ സ്പന്ദനങ്ങളറിഞ്ഞിരുന്ന ജീർണ്ണിച്ച ചുവരുകൾ ഒന്ന് പുഞ്ചിരിച്ചത് പോലെ.. മാറാല പിടിച്ച മച്ചകങ്ങളും, ക്ലാവ് പിടിച്ച
ഓട്ടുപാത്രങ്ങളും പൊടിപിടിച്ച് മൂലയിലൊ തുങ്ങിക്കൂടിയിരുന്ന ആട്ടുകല്ലും അമ്മിക്കല്ലും അവളോട് ലോഹ്യം പറയാൻ ഓടിയെത്തിയത് പോലെ..
ഓർമ്മകളുടെ നീരാളിപ്പിടുത്തത്തിൽ ശ്വാസംമുട്ടി നിൽക്കാനാവാതെ അവൾ ഡ്രൈവറോട്,
” കണ്ണാ നമുക്ക് പോകാം” എന്ന് പറയുമ്പോൾ അവളുടെ മനസ്സ് മന്ത്രിച്ചിരുന്നു..
” ഉണ്ണിയേട്ടന്റെ ഓർമ്മകൾ പേറുന്ന എന്റെ മനസ്സ് ഒരു നാഗത്താന്മാർക്കും ഞാൻ പണയപ്പെടുത്തിയിട്ടില്ല.. എനിക്കതിനാവില്ല ഉണ്ണിയേട്ടാ.. ഒരിക്കലും.. ഒരിക്കലും.. “
പിൻസീറ്റിൽ ചാരിയിരുന്ന അവളുടെ കണ്ണുകളിൽ, പിറ്റേന്ന് നിലം പതിക്കാൻ കാത്തുനിൽക്കുന്ന ചുവരുകൾ തെളിയുമ്പോൾ,
“ദേവൂട്ടീ..
” പോവാണോ.. ഞാൻ കണ്ടു ട്ടോ…” ചുവരുകൾക്കപ്പുറം ഒരു അശരീരി പോലെ ഒരു ശബ്ദം അവളുടെ കാതിൽ വന്നു പതിച്ചു..