ഉത്സവമൊക്കെക്കഴിഞ്ഞുപോയെങ്കിലും
പൊട്ടുംപൊടിയും പെറുക്കി നിന്നീടുന്ന
നിഷ്കളങ്കത്വമങ്ങേറുന്ന ബാല്യമായ്
നില്ക്കുന്നു ഞാനിന്നു മലയാള ഭൂമിയില്‍

ലക്ഷണമൊത്തകരികളെപ്പോലെയീ-
യുത്തമഭാഷാത്തിടമ്പേറ്റിനിന്നവര്‍
‘ഭക്തി’മാര്‍ഗ്ഗത്തിന്‍റെ ശാക്തേയകാരികള്‍
മുക്തക മുത്തും പവിഴവും കോര്‍ത്തവര്‍

അക്ഷരപ്രാണനായ് ഭാഷയെകാക്കുന്ന
വ്യാകരണത്തേയുപാസിച്ചു നില്പ്പവർ
കാലഘട്ടങ്ങള്‍ക്കുമിപ്പുറം ഭാഷയെ
കാലടി വച്ചു നടത്തിച്ച സേവകർ

ചാരിതാർഥ്യത്തോടെ ചാവടിത്തിണ്ണയിൽ
ചാരുകസാലയിൽ ചാഞ്ഞുകുടന്നവർ,
മാതളപ്പൂക്കൾകൊരുത്ത മാല്യങ്ങളാൽ
വേറിട്ടശബ്ദം മുഴക്കിയകന്നവർ

കുട്ടനാടിന്റെ കരുത്തിൽമലയാളമുമ്മ-
വെച്ചില്ലെയോ ജ്ഞാനപീഠത്തെയും
നാഴിയുരിപ്പാലുകൊണ്ട് മലയാള
കവ്യാങ്കണത്തെ കുളിർപ്പിച്ച വര്യരും

വിപ്ലവധോരണി ചെന്തീപടർത്തിയ
അശ്വമേധങ്ങളിൽ യാഗാശ്വമായവർ
ചട്ടങ്ങളൊക്കെ ചലമെന്നുകണ്ടുടന്‍
ചാട്ടവാറേന്തി ചികിത്സച്ചു പോയവര്‍

ഉള്ളില്‍പ്പിടിക്കാത്ത കള്ളത്തരങ്ങളെ
തുള്ളിപ്പറഞ്ഞു ചിരിപ്പിച്ച നല്‍കവി
വൃത്തശ്ശാസ്ത്രത്തിന്‍റെയുത്തുംഗശ്രേണിയി-
ലുദ്ദളശബ്ദാഖ്യകാവ്യം രചിച്ചവര്‍ !

ഉത്സവം തീര്‍ത്തു കളമൊഴിഞ്ഞെങ്കിലും
വിസ്മയം തന്നെയാണക്കളം പൂകുകില്‍
പൊട്ടുംപൊടിയും പെറുക്കിയെടുത്തിടും
ഒട്ടൊരുചേലില്‍ ഞാന്‍ പൂത്തിരി തീര്‍ത്തിടും.

എൻ.കെ അജിത്ത്

By ivayana