പെണ്ണേ നിന്നുടെ പ്രണയത്തിൽനി-
ന്നെന്തേ പൂമ്പൊടി പാറുന്നു!
കണ്ണിലടങ്ങും കടലൊരു കരളാം
കരയിലുരുമ്മിയിണങ്ങുമ്പോൾ !

പെണ്ണേ നിന്നുടെ പ്രണയം ചിത്ര-
ശലഭക്കൂട് തുറക്കുന്നോ ?
പെണ്ണേ നിന്നുടെ പ്രണയം ജന്മ-
ച്ചിറകിൽ തൂവൽ കൊരുക്കുന്നോ ?

പരതിവരും മിഴിവിരുതുകളെ കൺ-
കവണ തൊടുത്തു തുരത്തും നീ
ഉയിരിലൊരറയിലൊരേയൊരു പ്രണയ-
ക്കുളിരിനു കാവലിരിക്കുന്നോ?

പെണ്ണേ എത്ര മനോഹരമായ് നീ
പ്രണയം കൊണ്ടുനടക്കുന്നു..
മണ്ണും ചെളിയും പുരളാതതിനെ
മഴവിൽക്കൊമ്പിലൊരുക്കുന്നു.

കരളു മുറിഞ്ഞു പിണങ്ങുമ്പോഴും
കനവിൽ പ്രണയത്തെ കാക്കും,
പെണ്ണവൾ തന്നെ കരയിക്കുന്നൊരു
പ്രണയത്തേയും പ്രണയിപ്പൂ !

പെണ്ണേ, നിന്നുടെ മുന്നിലൊരാണിൻ
പ്രണയം ചൂളിപ്പോകുന്നോ ?
ഉയിരു തിരഞ്ഞു വരേണ്ടാെരു പ്രണയം
ഉടലിൽ തട്ടിച്ചുരുളുന്നോ ?

ഉടലുകൾതമ്മിലുരഞ്ഞുരിയാടി
വലിഞ്ഞു മറിഞ്ഞു കിതയ്ക്കുമ്പോൾ
ഉടനേ ആറിപ്പോകുമൊരാവേ-
ശത്തിൻപേരോ ആൺപ്രണയം !

ഇണചേർന്നാലുടനൊരുവൻ തന്നുടെ
ഇണയെ തള്ളിയകറ്റുമ്പോൾ
ഇണയവൾ അർദ്ധവിരാമത്തോണിയിൽ,
പ്രണയപ്പൂന്തുഴ തേടുന്നു ….

ആണിൻ ജനിതകവഴികളിൽനിന്നും
ആരിത് പ്രണയം ചോർത്തുന്നു !
ആൺജന്മത്തിൻ രതി പ്രണയത്തിൻ
ആഴം കാണാതടയുന്നോ?
✍️

അൻസാരി ബഷീർ

By ivayana