രചന : സെഹ്റാൻ✍
“നോട്ടുബുക്കുകൾ എഴുതി നിറയ്ക്കണം.
അല്ലെങ്കിൽ മരിക്കണം…”
“എഴുതുക അല്ലെങ്കിൽ മരിക്കുക!”
അർജന്റീനിയൻ കവിയായ അലെഹാന്ദ്ര പിസാർനിക്കിന്റെ വാക്കുകളാണ്.
2023 നവംബർ 6 ‘സമകാലിക മലയാളം’ വാരികയിൽ കവി ദേശമംഗലം രാമകൃഷ്ണൻ മാഷാണ് പിസാർനിക്കിനെ ‘കവിരേഖ’യിലൂടെ പരിചയപ്പെടുത്തുന്നത്. മാഷിന്റെ ലേഖനം വായിച്ചപ്പോൾ ഒട്ടനവധി കാര്യങ്ങളിൽ പിസാർനിക്കിന്റെ എഴുത്ത് മനസ്സിനോട് വളരെയധികം ചേർന്ന് നിൽക്കുന്നതായി അനുഭപ്പെട്ടു.
ഭ്രാന്തിന്റെയും, മരണത്തിന്റെയും ഇടയിലൂടെയുള്ള അവളുടെ വഴുതിനീങ്ങലുകൾ….
പ്രവചനാതീതമായ മാനസികാവസ്ഥകളുടെ ഉഷ്ണമേഖലകളിലൂടെയുള്ള അസ്വസ്ഥഭരിത സഞ്ചാരങ്ങൾ….
എഴുത്തിലൂടെ സ്വയമവൾ നടത്തുന്ന
അടയാളപ്പെടുത്തലുകൾ….
വിഭ്രമസഞ്ചാരികൾക്ക് ജീവിതത്തിൽ എന്തെങ്കിലും മുഴുമിക്കാൻ കഴിയുമോ?
ഇല്ലെന്ന് തന്നെയാണ് എന്റെ അനുഭവത്തിലൂന്നിയ വ്യക്തിപരമായ
അഭിപ്രായം.
പിസാർനിക്കിന്റെ ജീവിതം നോക്കൂ. പാതിയിൽ അവസാനിപ്പിച്ച തത്വചിന്താപഠനം. പാതിയായ സാഹിത്യ പഠനം. പാതിയിൽ അവസാനിപ്പിച്ച പെയിന്റിങ് ശീലങ്ങൾ. വിവർത്തന ശ്രമങ്ങൾ. കവിതയിലേക്കുള്ള തിരയിളക്കങ്ങൾ…
പാതിയിൽ അവസാനിച്ച ജീവിതം!
തങ്ങൾക്ക് മനസ്സിലാക്കാനോ, വ്യാഖ്യാനിച്ചെടുക്കാനോ കഴിയാത്ത തരത്തിലുള്ള മനോഘടനയുള്ളവരെ സമൂഹം വളരെ എളുപ്പത്തിൽ ഭ്രാന്തനെന്നോ, ഭ്രാന്തിയെന്നോ മുദ്രകുത്തി അപരവൽക്കരിച്ചിട്ടുണ്ടെന്നുള്ളത് എക്കാലത്തെയും ചരിത്രം.
കൃത്യമായ (?) അളവുകോലുകളുടെ സഹായത്താൽ നിർമ്മിച്ചെടുക്കപ്പെട്ട അന്നത്തെ ഭൂരിപക്ഷ സമൂഹ മനോഗതിയുടെ കൈകളിലെ ഇരയായിരുന്നിരിക്കണം ഒരുപക്ഷേ പിസാർനിക്. ഇന്നുമതിൽ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല. (അന്നത്തെ സാമൂഹിക സാഹചര്യങ്ങൾക്ക് ഇണങ്ങാത്ത വിധം ഒരു ലെസ്ബിയൻ കൂടിയായിരുന്നു അവൾ)
വായനയും, എഴുത്തുമായിരുന്നു അവളുടെ ഊർജ്ജം. പിടിവിട്ടു കുതറുന്ന ചിന്തകളെ അവൾ കവിതകളാക്കി മാറ്റി. പതിനെട്ടാം വയസിൽ അവൾ തന്റെ ഡയറിയിൽ കുറിച്ചു.
“നോട്ടുബുക്കുകൾ എഴുതി നിറയ്ക്കണം.
അല്ലെങ്കിൽ മരിക്കണം.”
പൂർത്തീകരിക്കാനാവാത്ത രതിയായിരുന്നു അവൾക്ക് എഴുത്ത്.
ലേഖനത്തിൽ രാമകൃഷ്ണൻ മാഷ് എഴുതുന്നു;
“അവളുടെ ജീവിതവും, സർഗവൃത്തിയും എന്തെന്ന് പരിചിതർക്കറിയാം.
നിശബ്ദതയോടുള്ള ആഭിമുഖ്യം,
ശൂന്യതയോടുള്ള ആകർഷണം,
വ്യക്തിത്വശിഥിലീകരണം, മൃത്യുവിന്റെ രത്യാത്മകത. പിന്നെ, ആത്മഹത്യയിലൂടെയുള്ള അകാലവിയോഗവും….”
അതെ! രതിയും, മരണവും കെട്ടിപ്പിണഞ്ഞു കിടക്കുന്ന അവളുടെ രചനകൾ. രതിയോടെന്നവണ്ണം മരണത്തോടുള്ള അവളുടെ ആസക്തി.
1970 – ലെ ആത്മഹത്യാ ശ്രമത്തിന്റെ പരാജയശേഷമാണ് പിസാർനിക് മനോരോഗ ചികിത്സയ്ക്ക് വിധേയയാകുന്നത്. എന്നാൽ, രണ്ടു വർഷങ്ങൾക്ക് ശേഷം സ്വയമവൾ മരണത്തിന്റെ രതിമൂർച്ഛയെ പ്രാപിക്കുക തന്നെ ചെയ്തു!
‘ജലത്തിന്റെ തേങ്ങൽ’ എന്ന കവിതയിൽ
അവളെഴുതുന്നു:
എല്ലാ രാത്രിയിലും ആരിൽ നിന്നോ
ഓടിയൊളിക്കുന്നു ഞാൻ.
പിടികൊടുക്കാതെ, സ്വയം മറന്ന്
ഒരു വിലാപഗീതം പാടുന്നു.
കറുത്ത ശവക്കച്ചകൾ.
കറുത്ത പക്ഷികൾ….
എന്റെ മസ്തിഷ്കം കരയുന്നു.
ഉൻമാദിയായി കാറ്റ് വീശുന്നു.
ഞെരിപിരികൊള്ളുന്ന ഈ
കൈ ഞാൻ വിടുന്നു.
എനിക്ക് വേറൊന്നും അറിയേണ്ട.
ഒന്നറിഞ്ഞാൽ മതി.
ഈ നിതാന്തവിലാപം
രാവൊച്ചകൾ
ഈ അമാന്തം
ഈ തേടൽ
ഈ ത്വര
ഈ ശൂന്യത
എവിടെനിന്നാണ്…?
🙏🙏