രചന : എം പി ശ്രീകുമാർ✍
ചേർത്തലയിൽ ഭഗവതി
കാർത്ത്യായനി കാവിലമ്മെ
കാലടികൾ വണങ്ങുന്നു
കാത്തരുളുകയംബികെ
കടലലകൾ പാടുന്നു
കായലലകൾ പാടുന്നു
കരപ്പുറത്തമ്മെയിരു
പുറവും തിരുനാമങ്ങൾ .
ഏഴുകുളത്തിലാറാടി
എഴുന്നള്ളിവരുമമ്മെ
ഏഴുതിരിവിളക്കുമായ്
എതിരേറ്റു കൂപ്പിടുന്നു.
തിങ്ങിടുന്ന കോപമോടെ
ചേർവാക്കു പറഞ്ഞുപോയ
ഭക്തനെയനുഗ്രഹിച്ച-
നുസരിച്ച ഭഗവതി
കനൽവഴികൾ താണ്ടുന്ന
കരയുടെ മക്കളെ തൻ
കരവലയത്തിൽ കാക്കും
കരുണാമയി ദേവികെ
കനകപ്രഭ ചൊരിയും
കവിത പോലെ കർമ്മങ്ങൾ
കരങ്ങളിൽ വിടരുവാൻ
കൃപയേകുകയീശ്വരി
ചേർത്തലയിൽ ഭഗവതി
കാർത്ത്യായനി കാവിലമ്മെ
കാലടികൾ വണങ്ങുന്നു
കാത്തരുളുകയംബികെ