രചന : കെ.ആർ.സുരേന്ദ്രൻ✍
അക്ഷരങ്ങൾക്ക്
വർണ്ണച്ചിറകുൾ നല്‍കി
പൂമ്പാറ്റകള്‍ക്ക് ജന്മം കൊടുത്ത്
പൂന്തോട്ടത്തിലേക്ക്
തേൻ നുകർന്ന്
ഉന്മത്തരാക്കാൻ
പറഞ്ഞുവിട്ട
ഒരു ബാല്യകാലം
എനിക്കുണ്ട്.
സ്വപ്‌നങ്ങളുടെ
നിറക്കൂട്ടുകളാൽ
നെയ്തെടുത്ത
പട്ടുകുപ്പായങ്ങൾ ധരിച്ച
കൗമാരത്തിന്റെ നാളുകളും
എനിക്ക് സ്വന്തമായുണ്ട്.
പ്രണയത്തിന്റെ
വസന്തോത്സവങ്ങൾ
കൊണ്ടാടിയ
യൗവ്വനത്തിന്റെ ഓർമ്മകള്‍
എന്നെ തരളിതനാക്കിയ
നാളുകളും
എനിക്ക് സ്വന്തമായുണ്ട്.
കാലത്തിന്റെ ഒഴുക്കിൽ
അവ പറുദീസാനഷ്ടമായി
എന്നെ പൊള്ളിച്ച
നാളുകളായി മാറി.
അക്ഷരങ്ങളുടെ ലോകം
തൊങ്ങലുകളാക്കി
അറിവിന്റെ ചക്രവാള സീമ
വികസിച്ചതോടെ
ഞാൻ
ജീവിതത്തിന്റെ
മുഖ്യധാരയിലേക്കിറങ്ങി.
അക്ഷരങ്ങൾക്ക്
രക്തവും
മജ്ജയും
മാംസവും നല്‍കി
പടച്ചട്ടയണിയിച്ച്
വർത്തമാനകാല
പ്രവാഹത്തിൽ
പോരാളികളാക്കി
മാറ്റിയിരിക്കുന്നു.
പൂമ്പാറ്റകളും
നിറക്കൂട്ടുകൾ തീർത്ത
പട്ടുകുപ്പായങ്ങളും
പ്രണയത്തിന്റെ
വസന്തോത്സവങ്ങളും
എന്‍റെ ഓര്‍മ്മകളുടെ
അറകളില്‍
വിലയം കൊള്ളുന്നു.
അവര്‍ എന്‍റെ
ഗൃഹാതുരസ്മരണകളായി
ഇന്നും ഒപ്പമുണ്ട്.