ഓർമയുണ്ടോ നിങ്ങൾക്കെന്നെ ?
എൻമുഖം നിങ്ങൾക്കോർമയുണ്ടോ ?
ഓർക്കാതിരിക്കാം ഓർത്താലും നന്ന്
മനുഷ്യരല്ലേ നമ്മൾ, ഓർമ നശിച്ചവർ.
അമ്മിഞ്ഞപ്പാലിന്റെ രുചിയോർമയില്ല
അമ്മയെത്തന്നെ ഓർമയില്ലത്രെ
ഗുരു പഠിപ്പിച്ചതൊന്നുമേയോർമയില്ല
ഗുരുവിനെത്തന്നെ മറന്നവർ നാം
കാലത്തെ തോൽപ്പിച്ചു മുന്നേറവേ
ഓർക്കുവാനാർക്കുമേ നേരമില്ല
ഓർമയിൽ ക്ലാവ് പിടിച്ചു നിറം കെട്ടു
ചിന്തകൾ മരവിച്ചു, കാഴ്ചയും മങ്ങി;
കണ്ടാലറിയാതെ തൊട്ടാലറിയാതെ
ആരെയും കേൾക്കാതെ നെട്ടോട്ടമത്രെ.
ഓർമകൾക്കൂർജ്ജം പകർന്നോരു
ബോധവും പണയപ്പെടുത്തി നാം
നൂതന വിദ്യകൾക്കടിമകളായി.
നമ്മുടെ ബോധവും നമ്മുടെ ചിന്തയും
നമ്മുടെയോർമകളുമവർക്കു സ്വന്തം;
വിഗ്രഹമില്ലാത്ത ക്ഷേത്രമതു പോലെ
കേവലശരീരികൾ മാത്രമായി.
കാലം പകർന്നൊരാ ബോധവും
ചിന്തയും ഓർമ്മയുമൊക്കെ
നാമന്യമാക്കി; കാലത്തെ വെല്ലുവിളിക്കുന്നു നാമിന്ന്
അഗ്നിയെ വിഴുങ്ങുന്ന വണ്ടു പോലെ .
………..

By ivayana