രചന : ആദിൽ അർഥിക്ഷ്✍
അക്ഷരങ്ങളുടെ ലോകത്തെ
മാന്ത്രികനായിരുന്നൂ അയാൾ..
അനുഭവങ്ങളെ ചിന്തകളാക്കി
അക്ഷരക്കുഞ്ഞുങ്ങൾക്ക്
ജന്മം നൽകുന്ന പിതാവ്…
ചൂണ്ട് വിരലിലൂടെ തൂലികയിലേക്ക്
ബീജ സങ്കലനം നടത്തി പിറന്ന്
വീഴുന്ന ജന്മങ്ങളിൽ ഒന്ന് പോലും
ചാപിള്ളയാകാൻ അനുവദിക്കാത്ത
ശ്രേഷ്ഠനായ പിതാമഹൻ..
സർവ്വനാശം വിതക്കാൻ
കെൽപ്പുള്ള കോരിച്ചൊരിയുന്ന
മഴയെ പ്രണയിക്കാൻ പഠിപ്പിച്ചവൻ.
പെണ്ണും മണ്ണും ചതിക്കുമെന്ന്
പറഞ്ഞവരെ കളിയാക്കിയവൻ..
യാത്രകളിലൂടെ മാത്രമേ
മനുഷ്യ ജന്മത്തിന്റെ അറിവിന്റെ
ഭണ്ഡാരം പൂർണമായും നിറയൂ എന്ന്
ജീവിതം കൊണ്ട് തെളിയിച്ചവൻ…
ഭ്രാന്തന്മാരെ അവരുടെ ചിന്തകളെ
കൂടെ കിടക്കാൻ വിളിച്ചവൻ.
വേശ്യയായ പെണ്ണിന് കാമസുഖം
നൽകാതെ പ്രണയിച്ചവൻ..
സത്യം എന്നാല് മരണം മാത്രമാണ്
എന്ന് അടിയുറച്ച് വിശ്വസിച്ചവൻ…
സ്വന്ത ബന്ധങ്ങളെ അകറ്റി
നിർത്താൻ ആവശ്യപ്പെട്ടവൻ.
നീതി ദേവതയുടെ കണ്ണ്
കെട്ടുന്നതിന് പകരം തല വെട്ടി
മാറ്റാൻ രോഷം കൊണ്ടവൻ..
ഭൂമിയിലെ സ്വർഗ്ഗം കാട് മാത്രമാണ്
എന്ന് ശബ്ദം ഉയർത്തിയവൻ…
ക്ഷേത്രങ്ങളിൽ പൂജകൾ നിർത്തി
അന്ന ദാനം തുടങ്ങാൻ തുനിഞ്ഞവൻ.
ഒടുവിൽ……
സ്വന്തം ചിന്തകൾ കൊണ്ടൊരുക്കിയ
ചിതയിൽ എരിഞ്ഞമർന്നവൻ…
കാലം ഒരുനാൾ കണക്ക് പുസ്തകം
നോക്കിയാൽ ചുവന്ന നിറമുള്ള
അക്ഷരങ്ങളാൽ അവന്റെ
ചിന്തകൾ എഴുതപ്പെട്ടതായി കാണും..
ചെയ്തു കൂട്ടിയ തെറ്റുകൾ
വരുത്തി വെച്ച അവസ്ഥയെ
ഓർത്തു അന്ന് തല
കുനിക്കപ്പെടുമ്പോൾ ഒരു
അവസരം കാത്തു കിടക്കുന്ന
അവന്റെ ചിന്തകള് വീണ്ടും
ഒരു പൂവിതളായി വിരിയപ്പെടും..
അന്നും അതിന്റെ ഗന്ധം
അറിയാനോ , വില അറിയാനോ ,
ആരും നിൽക്കില്ല… മറിച്ച്
അതിന്റെ ബാഹ്യ രൂപം നോക്കി
പുച്ഛിക്കാൻ മുൻ പന്തിയിൽ
കാണും കോമാളികൾ ആയി
മാറപ്പെട്ട ചില ജന്മങ്ങൾ…..