കീറി മുറിഞ്ഞൊരാടപോൽ
ഓട്ടവീണുള്ളൊരീ,ജീവിതപന്ഥാവിൽ
പദയാത്ര ചെയ്യവേ,
അഴലുകളൊട്ടുമില്ലാത്ത മോഹന മോഹിത സൗഹൃദം
തുള്ളിത്തുളുമ്പുന്നെൻ ചേതസ്സിലായ്!
മൃദുലചിന്തയാൽ സ്വച്ഛന്ദമായൊരാ
ഭൂതകാലമാണെന്നിലെ വസന്തം!
സ്നേഹമൊഴിയാലെൻ ഹൃദയദർപ്പണത്തിലായ്,കളമെഴുതിയതും
കലഹമില്ലാ മാനസം തന്നിലായ് നിർമ്മല സ്നേഹം പകുത്തതും,
അന്നാളിലെന്നിലെ കനവുകൾ പൂത്തുലഞ്ഞതും, ഓർക്കുന്നുവോ മൽസഖി നീ!
ഈറൻ മുടി കോതിയ പോൽ
ചാരുതയാർന്ന ദലമർമ്മരങ്ങൾ കേൾക്കെ
നീയെൻ ഹൃത്തിൽ കോറിയിട്ട മോഹമന്ത്രങ്ങൾ മറന്നുവോ നീ!
ഗഗന കുസുമങ്ങൾ പൂത്തു നില്ക്കേ,
മാദക സൗരഭ്യം പരത്തും ഇലഞ്ഞിപ്പൂ പരിലസിക്കേ
നീയെൻ ചാരേയിരുന്ന് പാടിയ ശാലീന രാഗത്തിൽ വിസ്മയമോടെ ഞാനലിഞ്ഞതല്ലയോ!
മഞ്ജുഗീതം പൊഴിയുമാ രാവിൽ
പ്രണയ സ്വരൂപയായ് നീ
ചൊന്നതോർക്കുന്നുവോ,
നീയാണെൻ പ്രാണനെന്ന നിൻമൊഴിയിൽ,
ഏകനായിപ്പോഴും കാത്തിരിക്കുന്നു ഞാൻ
പ്രപഞ്ചത്തിലൊന്നായ് ലയിച്ചീടാൻ!
🖋️ ബേബിസബിന